ഉള്‍വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ സിന്ധുവിനെ കാണാതായിട്ട് രണ്ടാഴ്ച്ച പിന്നിട്ടു; വനവകുപ്പ് ഡ്രോണ്‍ പരിശോധനയിലും കണ്ടെത്തിയില്ല; മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു; ആശങ്കയോടെ കുടുംബം

ഉള്‍വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ സിന്ധുവിനെ കാണാതായിട്ട് രണ്ടാഴ്ച്ച പിന്നിട്ടു;

Update: 2025-01-12 15:47 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ കണ്ണവത്ത് ഉള്‍വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ 40 വയസുകാരിയെ കാണാതായിട്ട് രണ്ടാഴ്ച്ച പിന്നിട്ടിട്ടും വിവരമൊന്നും ലഭിച്ചില്ല. ഡ്രോണ്‍ അടക്കമുള്ള അത്യാധുനിക സംവിധാനങ്ങളോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിവരികയാണെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

കണ്ണവം പൊലിസ് ഇന്‍സ്‌പെക്ടര്‍ കെ.വി ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും തെരച്ചിലിന് സഹായിക്കുന്നുണ്ട്. പൊലിസും വനം വകുപ്പും സംയുക്തമായാണ് തെരച്ചില്‍ നടത്തിവരുന്നത്. കാട്ടാനയും പുലിയും കാട്ടുപോത്തും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുള്ള ഉള്‍വനത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ഡിസംബര്‍ 31നാണ് കണ്ണവം കോളനിയിലെ സിന്ധുവിനെ കാണാതായത്. 40 വയസുകാരിയായ സിന്ധു മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ്.

ഇവര്‍ സാധാരണയായി വനത്തില്‍ വിറക് ശേഖരിക്കാന്‍ പോകാറുള്ളതാണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഇവര്‍ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് പൊലിസിനെയും വനം വകുപ്പിനെയും വിവരം അറിയിച്ചത്.

ഇതേ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷില്‍നയുടെ നേതൃത്വത്തില്‍ പൊലിസും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍വനത്തില്‍ തെരച്ചില്‍ വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സിന്ധുവിനെ കുറിച്ചു ഇതുവരെ വിവരമൊന്നും ലഭിക്കാത്തതിനാല്‍ ബന്ധുക്കളും പ്രദേശവാസികളും ആശങ്കയിലാണ്. ഊണും ഉറക്കവുമില്ലാതെ കാണാതായ യുവതിക്ക് വേണ്ടി കാത്തിരിക്കുകയാണ് ഉറ്റവരും ഉടയവരും.

Tags:    

Similar News