ഭാര്യ തലയിടിച്ചുവീണു; ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം വേണമെന്നും നാട്ടുകാരോട് ആവശ്യപ്പെട്ടു; മൃതദേഹം പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് തോന്നിയ സംശയം വഴിത്തിരിവായി; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം; മൈനാഗപ്പള്ളിയിലെ യുവതിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

മൈനാഗപ്പള്ളിയിലെ യുവതിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Update: 2025-01-13 17:43 GMT

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ക്രൂര കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൈനാഗപ്പള്ളി മണ്ണൂര്‍കാവ് ദിയ സദനത്തില്‍ ശ്യാമ ആണ് കൊല്ലപ്പെട്ടത്. 26 വയസായിരുന്നു. ഭര്‍ത്താവ് രാജീവിനെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

വീട്ടിനുള്ളില്‍ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെന്നായിരുന്നു ഭര്‍ത്താവ് രാജീവിന്റെ മൊഴി. യുവതിയുടെ മരണത്തിന് പിന്നാലെ രാജീവ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് രാജീവ് മൊഴി നല്‍കി. കൊലക്ക് പിന്നിലെ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്നും പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് അറിയിച്ചു.

ശ്യാമയെ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് വീടിനുള്ളില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണ് എന്ന് തെളിഞ്ഞതോടെയാണ് പോലീസ് ശ്യാമയുടെ ഭര്‍ത്താവ് രാജീവിനെ അറസ്റ്റ് ചെയ്തത്. തലയിടിച്ച് വീണാണ് ശ്യാമ മരണപ്പെട്ടത് എന്നായിരുന്നു രാജീവിന്റെ പ്രതികരണം. മൊഴിയില്‍ സംശയം തോന്നിയ പോലീസ് ഇയാളെ നേരത്തേ കസ്റ്റഡിയില്‍ എടുത്തിരുന്നു.

വീടിന്റെ അടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്ന ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്. അമ്പലപ്പറമ്പിലേക്ക് എത്തിയാണ് പ്രതി എല്ലാവരോടും വിവരം പറഞ്ഞത്. മൃതദേഹം ആദ്യം കണ്ടത് താനാണ് എന്ന തരത്തിലായിരുന്നു ഇയാളുടെ വിശദീകരണം. ഭാര്യ തലയിടിച്ചുവീണു എന്നും ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം വേണം എന്നുമാണ് രാജീവ് എല്ലാവരോടും ആവശ്യപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ സംഘടിച്ച് എത്തിയാണ് ശ്യാമയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൃതദേഹം പരിശോധിച്ചപ്പോള്‍തന്നെ അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്ക് മരണത്തില്‍ സംശയം തോന്നിയിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും മറ്റും കുത്തിപ്പിടിച്ച പാടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ശ്യാമ വീട്ടില്‍ തലയിടിച്ചുവീണു എന്ന് മാത്രമായിരുന്നു രാജീവിന്റെ മറുപടി. ആശുപത്രിയില്‍ എത്തുമ്പോള്‍ പ്രതിയും സുഹൃത്തുക്കളും അമിതമായി മദ്യപിച്ച അവസ്ഥയിലായിരുന്നു. മാത്രമല്ല, രാജീവിന്റെയും സുഹൃത്തുക്കളുടെയും മൊഴികളിലും വൈരുദ്ധ്യമുണ്ടായിരുന്നു.

ആശുപത്രിയില്‍ എത്തിയ പോലീസുകാരോട് ഡോക്ടര്‍മാര്‍ ഇക്കാര്യങ്ങളെല്ലാം ധരിപ്പിച്ചു. മൃതദേഹം കണ്ട പോലീസിനും സംഭവത്തില്‍ അസ്വാഭാവികത തോന്നിയിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിലും രാജീവ് നേരത്തേ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ആവര്‍ത്തിച്ചത്. അന്നുതന്നെ പോലീസ് രാജീവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്യാമ കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ക്ക് രണ്ട് കുട്ടികളാണുള്ളത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

Tags:    

Similar News