ആനകള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്റര്‍; ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണം; ഒരു മാസം മുമ്പ് അപേക്ഷ നല്‍കണം; തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളത്തില്‍ നിര്‍ത്തരുത്; ആന എഴുന്നള്ളിപ്പില്‍ മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി
ആനകള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്റര്‍
കൊച്ചി: സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സമഗ്രമായ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കി കേരളാ ഹൈക്കോടതി. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റുപരിപാടികളിലും ആനകളെ എഴുന്നള്ളിക്കുമ്പോഴാണ് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടത്. പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെടുന്ന കാര്യം.
ജില്ലാ തല സമിതി സര്‍ട്ടിഫിക്കറ്റുകളും പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടത്. തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളത്തില്‍ നിര്‍ത്തരുതെന്നത് ഉള്‍പ്പെടെ മറ്റ് നിരവധി മാര്‍ഗനിര്‍ദേശങ്ങളും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എ ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറത്തിറക്കിയത്.
നല്ല ഭക്ഷണം, വിശ്രമം എഴുന്നള്ളിക്കാന്‍ ആവശ്യമായ സ്ഥലം, പൊതുജനങ്ങളില്‍ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.എഴുന്നള്ളത്തില്‍ ആനകള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്റര്‍ ആയിരിക്കണം. സര്‍ക്കാര്‍ തലത്തില്‍ ഉള്ള ഡോക്ടര്‍മാര്‍ ആയിരിക്കണം ആനകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജില്ലകള്‍ തോറും കമ്മിറ്റികള്‍ ഉണ്ടാക്കണം.
ഇതില്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അംഗത്തെയും ഉള്‍പ്പെടുത്തണം. എഴുന്നള്ളിപ്പിനിടെ എലിഫന്റ് സ്‌ക്വാഡ് എന്ന പേരില്‍ ആളുകളെ നിയോഗിക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ഇതുസംബന്ധിച്ച് ദേവസ്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ആനകളെ പിടികൂടാന്‍ ക്യാപ്ച്ചര്‍ ബെല്‍റ്റ് ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടു. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ള മാര്‍ഗരേഖയാണ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍ ദേവസ്വങ്ങളെ കോടതി കക്ഷി ചേര്‍ക്കുകയും ചെയ്തു.
എതിര്‍പ്പുകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട്, മാര്‍ഗരേഖ പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മടിച്ചുനില്‍ക്കുകയായിരുന്നു. വളരെ സെന്‍സിറ്റീവായ വിഷയമാണിതെന്നും എല്ലാവരേയും കേള്‍ക്കണം എന്നുമായിരുന്നു കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.
കേരളത്തില്‍ ആനകളെ ഉത്സവത്തിനും മറ്റും ധാരാളമായി ഉപയോഗിക്കുന്നുണ്ട്. മതാചാരങ്ങളുടെയും പാരമ്പര്യത്തിന്റെയും പേരു പറഞ്ഞാണ് പലതും. എന്നാല്‍ യാതൊരു ശ്രദ്ധയും കൊടുക്കാതെ ആനയെ വാണിജ്യപരമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത് എന്നതാണ് യാഥാര്‍ഥ്യം. ഏതെങ്കിലും മതത്തിലെ ആചാരങ്ങള്‍ക്ക് ആനകള്‍ നിര്‍ബന്ധമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ മുതല്‍ മേയ് മാസം വരെയുള്ള സമയത്ത് ഒട്ടേറെ ഉത്സവങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഇവിടെയെല്ലാം തന്നെ ആനകളെ എഴുന്നെള്ളിക്കാറുമുണ്ട്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് അവയുടെ ശാരീരികാവസ്ഥകള്‍ പരിഗണിക്കാതെ ആനകളെ ട്രക്കില്‍ കൊണ്ടുപോവുകയാണ്. എത്ര ആനകളെ എഴുന്നള്ളിക്കണം എന്ന കാര്യത്തില്‍ പോലും മത്സരമാണ് പലയിടത്തും.
2018ല്‍ 509 നാട്ടാനകളാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. 2024 ആകുമ്പോള്‍ ഇവയിലെ 33 ശതമാനം ആനകള്‍ക്കും ജീവന്‍ നഷ്ടമായി. ഇത് വലിയ ആശങ്ക ഉണര്‍ത്തുന്ന കാര്യം തന്നെയാണ്. 201834, 201919, 202022, 2021 24, 202219, 202321, 2024 21. അതായത് 7 വര്‍ഷത്തിനുള്ളില്‍ 160 ആനകള്‍ കേരളത്തില്‍ ചരിഞ്ഞു എന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ ആകെയുള്ള 388 നാട്ടാനകളില്‍ 349 എണ്ണവും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ്. കേരളത്തിലെ പല ആനകള്‍ക്കും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ ഇല്ല എന്നതും വെളിവായിട്ടുണ്ട് എന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
ആനകളെ വേദനിപ്പിക്കുന്നതും മുറിവോ മറ്റ് പ്രശ്‌നങ്ങളോ കാര്യമാക്കാതെ ജോലി ചെയ്യിക്കുന്നതുമെല്ലാം മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. ആനയ്ക്ക് ചലിക്കാന്‍ ആവശ്യമായ സ്ഥലമില്ലാത്ത കൂട്ടിലും മറ്റും പാര്‍പ്പിക്കുന്നതും ഒരുപാടു സമയം ബന്ധിച്ചിടുന്നതും ഭക്ഷണവും വെള്ളവും നിഷേധിക്കുന്നതും ക്രൂരതയില്‍ ഉള്‍പ്പെടും. ആനകളുടെ ഉടമസ്ഥാവകാശമുള്ള ഭരണകൂടം അവ ക്രൂരതയ്ക്ക് വിധേയമാകുന്നില്ല എന്നുറപ്പു വരുത്തണം.
നാട്ടാനകള്‍ക്ക് എന്തു ഭക്ഷണക്രമമാണ് പാലിക്കേണ്ടത് എന്നതു സംബന്ധിച്ച് വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ 2019ല്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഈ സര്‍ക്കുലര്‍ പൂര്‍ണമായി ലംഘിക്കപ്പെട്ടിരിക്കുകയാണ്. ആനകളെ എഴുന്നെള്ളിപ്പിന് അനുമതി തേടുന്നവരും ഉടമകളും ഈ സര്‍ക്കുലര്‍ അനുസരിച്ചുള്ള ഭക്ഷണക്രമം ആനയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
രോഗം വന്നതും എഴുന്നെള്ളിപ്പിന് ഒട്ടും സാധിക്കാത്ത വിധത്തിലുള്ളതുമായ ആനകള്‍ക്ക് പോലും ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സന്ദര്‍ഭങ്ങളുണ്ട്. ആനകളെ പരിശോധിക്കുന്ന വെറ്ററിനറി ഡോക്ടര്‍ക്ക് നിയമത്തില്‍ പറയുന്നത് 'റജിസ്‌ട്രേഡ് വെറ്ററിനറി പ്രാക്ടീഷ്ണര്‍', അല്ലെങ്കില്‍ പരിചയസമ്പന്നരായ 'ആയുര്‍വേദിക് എലഫന്റ് എക്‌സ്‌പേര്‍ട്ട്' എന്നാണ്. എന്നാല്‍ ഇനി മുതില്‍ ആനകളെ പരിശോധിക്കുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും 'സര്‍ക്കാര്‍ വെറ്ററിനറി ഡോക്ടര്‍' മാത്രമായിരിക്കണം. 2023ലെ നാട്ടാന പരിപാലന നിയമത്തിന്റെ കരടില്‍ ഇത് വ്യവസ്ഥ ചെയ്യുന്നുണ്ട്.
ചില ഉത്സവങ്ങളുടെ ഭാഗമായി ആനകളെക്കൊണ്ട് തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി, അഭിവാദ്യം ചെയ്യല്‍ തുടങ്ങിയവ ചെയ്യിക്കുന്നത് നടക്കുന്നുണ്ട്. ആനകളെ പിന്നിലെ രണ്ടു കാലില്‍ നിര്‍ത്തി അഭിവാദ്യം ചെയ്യിക്കുന്ന ചടങ്ങ് 'തിരുനക്കര പൂര'ത്തിന് നടന്നതായി അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആനകളെ കൊണ്ട് മത്സരത്തിന്റെ ഭാഗമായി അത്തരം കാര്യങ്ങള്‍ ചെയ്യിക്കുന്നത് 2001ലെ 'പെര്‍ഫോമിങ് ആനിമല്‍ (റജിസ്‌ട്രേഷന്‍) നിയമത്തിന്റെ പരിധിയില്‍ വരുമെന്നും കോടതി വ്യക്തമാക്കി.
പല ഉത്സവങ്ങളും നടക്കുന്നത് കടുത്ത ചൂടുകാലത്താണ്. ആനകളെ അവയ്ക്ക് മുകളില്‍ തണലില്ലാതെ എഴുന്നെള്ളിക്കുന്നത് ക്രൂരതയാണ്. ആനകളെ തണലില്ലാത്ത സ്ഥലത്ത് 10 മിനിറ്റില്‍ കൂടുതല്‍ എഴുന്നെള്ളിക്കാനോ ഏതെങ്കിലും ഒരു സ്ഥലത്ത് നിര്‍ത്താനോ പാടില്ല. ആനകളെ എഴുന്നെള്ളിക്കുമ്പോള്‍ ആവശ്യത്തിന് തണല്‍ അവയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള സംവിധാനം സംഘാടകര്‍ ചെയ്തിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
2012ലെ നാട്ടാന പരിപാലന നിയമത്തിലെയും 2015ലെ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിച്ചിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ പുതിയ ചട്ടം രൂപീകരിക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദേശം അനുസരിച്ചുള്ള ചില നിര്‍ദേശങ്ങള്‍ കൂടി തങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ആനകളുടെ എഴുന്നെള്ളിപ്പും മറ്റും പരിശോധിelephant-processionക്കുന്നതിന് രൂപീകരിക്കണമെന്ന് 2012ലെ നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ള ജില്ലാതല സമിതി കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് നിര്‍ദേശിക്കുന്ന, ജില്ലകളിലെ മൃഗസംരക്ഷണ സംഘടനകളില്‍ നിന്നുള്ള ഒരംഗം ഉള്‍പ്പെട്ടിരിക്കണം. ഇത് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. എലിഫന്റ് സ്‌ക്വാഡ് എന്ന പേരില്‍ ആളുകളെ നിയോഗിക്കരുതെന്നും ദേവസ്വങ്ങള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ക്യാപ്ച്ചര്‍ ബെല്‍റ്റ് ഉപയോഗിക്കരുത്. എഴുന്നെള്ളിപ്പിന് അനുമതി നല്‍കുമ്പോള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
ഹൈക്കോടതിയുടെ പ്രധാന നിര്‍ദേശങ്ങള്‍ ചുവടേ:
എഴുന്നള്ളത്തിന് ഒരു മാസം മുന്‍പ് ബന്ധപ്പെട്ടവര്‍ ജില്ലാതല സമിതിക്ക് അപേക്ഷ നല്‍കണം. ഏതെല്ലാം ആനകളെയാണ് കൊണ്ടുവരുന്നത് എന്നത് ഉള്‍പ്പടെയുള്ള വിശദാംശങ്ങളും അപേക്ഷയില്‍ വ്യക്തമാക്കണം.
രണ്ട് ആനകള്‍ തമ്മിലുള്ള ദൂരം മൂന്ന് മീറ്റര്‍ ഉണ്ടെന്ന് ഉറപ്പാക്കണം.
പത്തു മിനിറ്റിലധികം ആനകളെ വെയിലത്ത് നിര്‍ത്തരുത്. ആനകളെ നിര്‍ത്തുമ്പോള്‍ മേല്‍ക്കൂരയും തണലും ഉറപ്പാക്കണം.
ആനകളെ സ്വകാര്യ ഡോക്ടര്‍മാര്‍ പരിശോധിച്ച സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കരുതെന്നും സര്‍ക്കാര്‍ വെറ്റിനറി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് മാത്രം സ്വീകരിച്ചാല്‍ മതിയെന്നും ജില്ലാതല സമിതികള്‍ക്ക് നിര്‍ദേശം.
125 കിലോമീറ്ററിലധികം ദൂരം ആനകളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനോ ആറ് മണിക്കൂറിലധികം തുടര്‍ച്ചയായി യാത്ര ചെയ്യിപ്പിക്കാനോ പാടില്ല.
ആനയെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ മണിക്കൂറില്‍ 25 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ പാടില്ല. ഇതിന് സ്പീഡ് ഗവര്‍ണര്‍ വേണം. മോട്ടോര്‍ വാഹനവകുപ്പ് ഇക്കാര്യം ഉറപ്പുവരുത്തണം.
ഒന്നില്‍ കൂടുതല്‍ എഴുന്നള്ളത്തുകള്‍ക്കിടയില്‍ ആനകള്‍ക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. എഴുന്നള്ളത്തിന് 10ദിവസം മുന്‍പത്തേയും എഴുന്നള്ളത്ത് കഴിഞ്ഞ് അഞ്ചുദിവസത്തിന് ശേഷവുമുള്ള യാത്രാരേഖകള്‍ പരിശോധിക്കണം.
രാവിലെ ഒന്‍പതിനും വൈകീട്ട് അഞ്ചിനും ഇടയില്‍ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്. ഇതേ സമയങ്ങളില്‍ ആനയെ ലോറിയില്‍ കയറ്റി കൊണ്ടുപോകാനും പാടില്ല.