ആദൂരിൽ നാലുവയസ്സുകാരൻ മരിച്ചത് പേനയുടെ മൂടി തൊണ്ടയിൽ കുടുങ്ങി; മരണകാരണം വ്യക്തമായത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ
തൃശ്ശൂർ: എരുമപ്പെട്ടി ആദൂരിൽ കളിക്കുന്നതിനിടെ നാലുവയസ്സുകാരൻ മരിച്ചത് പേനയുടെ മൂടി തൊണ്ടയിൽ കുടുങ്ങിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നേരത്തെ കുട്ടി കുപ്പിയുടെ അടപ്പ് വിഴുങ്ങിയാണ് മരിച്ചതെന്നായിരുന്നു പുറത്തുവന്ന പ്രാഥമിക നിഗമനം. എന്നാൽ, വിശദമായ പരിശോധനയിലാണ് മരണകാരണം പേനയുടെ മൂടി കുടുങ്ങിയാണെന്ന് സ്ഥിരീകരിച്ചത്.
കണ്ടേരി വളപ്പിൽ ഉമ്മർ - മുഫീദ ദമ്പതികളുടെ മകനായ മുഹമ്മദ് ഷഹലാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതുമണിയോടെയാണ് സംഭവം നടന്നത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻതന്നെ മരത്തംകോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ തൊണ്ടയിൽ എന്തോ കുരുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. കളിക്കുന്നതിനിടെ അടപ്പ് വിഴുങ്ങി ശ്വാസംമുട്ടി മരിച്ചതാകാമെന്നായിരുന്നു ആദ്യഘട്ടത്തിൽ ആശുപത്രി അധികൃതരുടെ നിഗമനം. എന്നാൽ, തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം പേനയുടെ മൂടിയാണെന്ന് വ്യക്തമായത്.