ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും, ആളുകളും ആനയും തമ്മിലുള്ള എട്ട് മീറ്റര്‍ അകലവും പാലിച്ചില്ല; ആനകളുടെ സമീപത്തുകൂടി തീവെട്ടിയുമായി പേയി; ആന എഴുന്നള്ളപ്പില്‍ ഹൈക്കോടതി മാനദണ്ഡം പാലിക്കത്തതില്‍ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസെടുത്ത് വനംവകുപ്പ്
കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസെടുത്ത് വനംവകുപ്പ്. ആനകളെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നതില്‍ ഹൈക്കോടതി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കണ്ടെത്തലിലാണ് കേസെടുത്തിരിക്കുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രണ്ട് വരിയായാണ് ആനകളെ നിര്‍ത്തിയതെങ്കിലും മൂന്ന് മീറ്റര്‍ അകലം പാലിച്ചില്ലെന്നും ആളുകളും ആനയുമായുള്ള എട്ട് മീറ്റര്‍ അകലവും പാലിച്ചില്ലെന്നും വനംവകുപ്പ് പരിശോധനയില്‍ കണ്ടെത്തി. ആനകളുടെ സമീപത്തുകൂടി തീവെട്ടിയുമായി പോയെന്നും ഇക്കാര്യത്തിലും 5 മീറ്റര്‍ അകലം പാലിച്ചില്ലെന്നും വനംവകുപ്പ് അറിയിച്ചു. വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് കേസെടുത്തത്.
നാട്ടാനകളുടെ പരിപാലനചുമതല നല്‍കിയിരിക്കുന്നത് വനംവകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിനാണ്. അതേസമയം, രാത്രി മഴ പെയ്തതിനാലാണ് ആനകളെ ചേര്‍ത്തുനിര്‍ത്തേണ്ടിവന്നതെന്നാണ് ക്ഷേത്രഭാരവാഹികളുടെ വിശദീകരണം.
ആന എഴുന്നള്ളിക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി മാനദണ്ഡങ്ങള്‍ ഹൈക്കോടതി കടുപ്പിച്ചിരുന്നു. രണ്ട് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ പരിധിയെന്ന മാനദണ്ഡത്തില്‍ ഒരിളവും ഉണ്ടാകില്ലെന്ന് കോടതി പറഞ്ഞു. ആന എഴുന്നള്ളിപ്പ് ക്ഷേത്രം ആചാരത്തിന്റെ ഭാഗമല്ലെന്നും ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും ഹൈക്കോടതി വ്യക്തമാക്കി. മാനദണ്ഡത്തില്‍ ഇളവ് തേടി തൃപ്പൂണിത്തറ ക്ഷേത്രം ഭാരവാഹികള്‍ നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
അനിവാര്യമായ ആചാരങ്ങളില്‍ മാത്രമേ ഇളവുണ്ടാകൂ. ആനകളെ ഉപയോഗിക്കരുത് എന്നല്ല പറയുന്നതെന്നും മാനദണ്ഡം പാലിക്കണമെന്നാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഒരു ചട്ടം കൊണ്ടുവരണമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇതില്‍ ഇടപെട്ടിരുന്നില്ല. ഇതോടെയാണ് ഹൈക്കോടതിതന്നെ മാനദണ്ഡം കൊണ്ടുവന്നത്. സര്‍ക്കാരിന്റെ ചട്ടം വരുന്നതുവരെ ഇത് പാലിക്കണമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി കൊണ്ടുവന്ന മാനദണ്ഡത്തിനെതിരേ വിവധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം സമീപിച്ച അധികൃതരോട് ഇത് രാജഭരണ കാലമല്ലെന്നായിരുന്നു കോടതി പറഞ്ഞത്. രാജഭരണകാലത്ത് നിലനിന്നിരുന്നു എന്നതിന്റെ പേരില്‍ ഇപ്പോഴും തുടരണമെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും ഇത് ജനാധിപത്യകാലമാണെന്നും കോടതി പറഞ്ഞിരുന്നു.