താമസസ്ഥലത്ത് വച്ച് ഹൃദയാഘാതം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; റിയാദിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി; വേദനയോടെ കുടുംബം
റിയാദ്: റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച കോഴിക്കോട് കോവൂർ സ്വദേശി സാലിഹിന്റെ (45) മൃതദേഹം ബുധനാഴ്ച ഖബറടക്കി. റിയാദിലെ ബത്ഹയിലെ ഗുറാബി സ്ട്രീറ്റിലുള്ള താമസസ്ഥലത്ത് വെച്ചാണ് സാലിഹ് രണ്ട് ദിവസം മുമ്പ് മരണപ്പെട്ടത്.
കുടുംബത്തോടൊപ്പം റിയാദിൽ താമസിച്ചിരുന്ന സാലിഹിന് ഭാര്യ ഷംനയും രണ്ട് കുട്ടികളുമുണ്ട്. യു.പി.സി എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്ന അദ്ദേഹം ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഗുറാബി-അൽ അമൽ യൂനിറ്റിലെ സജീവ പ്രവർത്തകനുമായിരുന്നു.
ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം, ഐ.സി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കിയ ശേഷമാണ് നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കിയത്.
റിയാദ് എക്സിറ്റ് 15-ലെ അൽ രാജ്ഹി മസ്ജിദിൽ അസർ നമസ്കാരത്തിന് ശേഷം നടന്ന മയ്യിത്ത് നമസ്കാരത്തിലും തുടർന്ന് നടന്ന ഖബറടക്ക ചടങ്ങുകളിലും നിരവധി ഐ.സി.എഫ് സഹപ്രവർത്തകർ, സാലിഹ് ജോലി ചെയ്തിരുന്ന യു.പി.സി കമ്പനിയുടെ മാനേജ്‌മെൻറ് പ്രതിനിധികൾ, സഹപ്രവർത്തകർ, ഒമാൻ, ദുബൈ, ജിദ്ദ എന്നിവിടങ്ങളിൽ നിന്നെത്തിയ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുൾപ്പെടെ വലിയൊരു ജനക്കൂട്ടം പങ്കെടുത്തു. റിയാദിലെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന സാലിഹിന്റെ വിയോഗം പ്രവാസി സമൂഹത്തിന് വലിയ നഷ്ടമാണ്.