നാട്ടിലിറങ്ങി ഭയം വിതച്ച് കാട്ടാനകള്‍; പടയപ്പയുടെ ആക്രമണത്തില്‍ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: കല്ലാറിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിന് മുന്നില്‍ ഏറ്റുമുട്ടി ഒറ്റക്കൊമ്പനും മറ്റൊരു കാട്ടാനയും
നാട്ടിലിറങ്ങി ഭയം വിതച്ച് കാട്ടാനകള്‍
ഇടുക്കി: ഇടുക്കിയില്‍ നാട്ടിലിറങ്ങി ഭയം വിതച്ച് കാട്ടാനകള്‍. പടയപ്പയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് കാറില്‍ സഞ്ചരിച്ച കുടുംബം രക്ഷപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഭാഗികമായി തകര്‍ത്തെങ്കിലും കാറിലുണ്ടായിരുന്നവര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. കോട്ടയത്ത് ആശുപത്രിയില്‍ പോയി തിരികെ മടങ്ങിയവരാണ് ബുധനാഴ്ച രാത്രി പടയപ്പയുടെ മുന്നില്‍പെട്ടത്. മറയൂര്‍ കൂടവയല്‍ തെക്കേല്‍ വീട്ടില്‍ അനീഷിന്റെ കാറാണ് മൂന്നാര്‍ മറയൂര്‍ അന്തസംസ്ഥാന പാതയില്‍ കന്നിമല ഫാക്ടറിക്ക് സമീപം വച്ച് ആക്രമിച്ചത്.
അനീഷിനോടൊപ്പം ഭാര്യാ മാതാവ് ചിന്നമ്മ, മകള്‍ അനീഷ്യ, സുഹൃത്ത് റോബിന്‍സണ്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. കനത്ത മഞ്ഞില്‍ റോഡില്‍ നിന്ന പടയപ്പയെ അടുത്തെത്തിയപ്പോഴാണ് കാറിലുള്ളവര്‍ കണ്ടത്. കാര്‍ പിന്നിലേക്ക് എടുത്തപ്പോള്‍ പാതയോരത്ത് ഉണ്ടായിരുന്ന വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു നിന്നു. ഇതോടെ കാറിലുണ്ടായിരുന്നവര്‍ ഭയന്നു.
കാറിന്റെ മുന്‍വശത്തും വശങ്ങളിലും പടയപ്പ തുമ്പികൈ കൊണ്ടും കൊമ്പുകള്‍ കൊണ്ടും അക്രമിച്ചു. കാറിന് സമീപം അല്പനേരം നിന്നശേഷം പടയപ്പ മൂന്നാര്‍ ഭാഗത്തേക്ക് പോയി. ഇതോടെയാണ് ഇവര്‍ രക്ഷപ്പെട്ടത്.
പഞ്ചായത്തിന്റെ നല്ലതണ്ണി കല്ലാറിലുള്ള മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ വ്യാഴാഴ്ച രാവിലെ കാട്ടാനകള്‍ ഏറ്റുമുട്ടി. ഒറ്റക്കൊമ്പനും പ്രദേശത്ത് പുതുതായി എത്തിയ മറ്റൊരു കാട്ടാനയുമാണ് കൊമ്പുകോര്‍ത്തത്.
മാലിന്യപ്ലാന്റിന് സമീപത്ത് പച്ചക്കറിമാലിന്യങ്ങള്‍ തിന്നുകൊണ്ടിരുന്ന ഒറ്റക്കൊമ്പന്റെ സമീപത്തേക്ക് മറ്റൊരാന എത്തിയതാണ് പ്രകോപനത്തിന് കാരണമായത്. ഏറെനേരം പരസ്പരം കൊമ്പുകോര്‍ത്ത ആനകള്‍ പിന്നീട് പിന്‍വാങ്ങി. ആനകള്‍ക്ക് പരിക്കില്ലെന്നാണ് സൂചന. പ്ലാന്റിന് വെളിയില്‍ കൂട്ടിയിടുന്ന പച്ചക്കറിമാലിന്യം തിന്നുന്നതിനാണ് ആനകള്‍ പ്രദേശത്തെത്തുന്നത്. കാട്ടാനകള്‍ പ്ലാന്റിലെ തൊഴിലാളികള്‍ക്ക് ഭീഷണിയാണ്. പ്ലാന്റില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.