നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദാക്കാന്‍ നീക്കം; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദാക്കാന്‍ നീക്കം. പള്‍സര്‍ സുനി ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. എറണാകുളം റൂറല്‍ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന്റെ അന്വേഷണസംഘത്തിന് കൈമാറി. കേസ് സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങളുമായി സംസാരിക്കരുതെന്ന വ്യവസ്ഥയാണ് ലംഘിച്ചെന്നാണ് ആരോപണം.
പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തല്‍ പുറത്തു വന്നിരുന്നു. നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടി രൂപയാണ് തനിക്ക് ദിലീപ് പ്രതിഫലമായി വാഗ്ദാനം ചെയ്തതെന്ന് പള്‍സര്‍ സുനി പറയുന്നത് ഒളിക്യാമറയില്‍ പതിഞ്ഞിരുന്നു. അക്രമം ഒഴിവാക്കാന്‍ എത്ര പണം വേണമെങ്കിലും തരാമെന്ന് അതിജീവിത പറഞ്ഞിരുന്നുവെന്നും ആ പണം വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതെ രക്ഷപ്പെടുമായിരുന്നുവെന്നും പള്‍സര്‍ സുനി പറഞ്ഞിരുന്നു.
ദിലീപിന്റെ കുടുംബം തകര്‍ത്തതാണ് വൈരാഗ്യത്തിന് കാരണമായത്. അക്രമം നടക്കുമ്പോള്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു താനെന്നും സുനി ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വെളിപ്പെടുത്തിയിരുന്നു.