ആരോ പറത്തിയ പട്ടം പറന്നത് രണ്ട് മണിക്കൂര്‍; 200 അടി ഉയരത്തില്‍ പറന്ന പട്ടം കാരണം വഴി തിരിച്ച് വിട്ടതും, പിടിച്ചിട്ടതും ആറ് വിമാനങ്ങള്‍: 'പട്ട'ത്തില്‍ വട്ടം കറങ്ങി തിരുവനന്തപുരം വിമാനത്താവളം

Update: 2024-12-08 00:07 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം വഴിതിരിച്ചു വിട്ടതിനും താത്കാലികമായി പിടിച്ചിട്ടതിനും കാരണം അവിടെയുള്ള ആരോ പറത്തിയ പട്ടം. ഇന്നലെ വൈകിട്ട് ആരോ പറത്തിയ പട്ടത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ആറ് വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടതും, താത്ക്കാലികമായി പിടിച്ചിട്ടതിനും കാരണം. ഇതിന് പുറമെ വ്യോമയാന പരിശീലന കേന്ദ്രത്തിലെ പരിശീലന പറക്കലും മുടങ്ങി.

രണ്ട് മണിക്കൂര്‍ പറന്ന് നടന്ന പട്ടം താനെ താഴെ വീണതിന് ശേഷമാണ് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ താഴെ ഇറങ്ങിയത്. വിമാനത്താവളത്തിന്റെ പരിധിയില്‍ ചുറ്റിക്കറങ്ങിയ വിമാനങ്ങള്‍ പിന്നീട് ഓള്‍ സെയ്ന്റ്‌സ് ഭാഗത്തെ റണ്‍വേയിലൂടെ ഇറക്കി. പിടിച്ചിട്ട വിമാനങ്ങള്‍ രാത്രിയോടെ അതാത് സ്ഥലത്തേക്ക് പറന്നു.

ശനിയാഴ്ച വൈകിട്ടാണ് സംഭവം. പൊന്നറ പാലത്തിനടുത്തുള്ള റണ്‍വേക്കും വള്ളക്കടവ് സുലൈമാന്‍ തെരുവിനും ഇടയ്ക്കുള്ള ഭാഗത്താണ് 200 അടി ഉയരത്തിലായി പട്ടം പറന്നത്. എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍നിന്ന് വിവരമറിയിച്ചതിനെത്തുടര്‍ന്ന് അടിയന്തര സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തി. ഇറങ്ങാനെത്തിയ വിമാനങ്ങളിലെ പൈലറ്റുമാരോട് വിമാനത്താവള പരിധിയില്‍ ചുറ്റിക്കറങ്ങുന്നതിനുള്ള 'ഗോ എറൗണ്ട്' സന്ദേശം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്നു നല്‍കി. പുറപ്പെടാനൊരുങ്ങിയ വിമാനങ്ങള്‍ തത്കാലം പാര്‍ക്കിങ് ബേയില്‍ നിര്‍ത്തിയിടാനും നിര്‍ദേശം നല്‍കി.

4.20ഓടെ മസ്‌കറ്റില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, തൊട്ടുപിന്നാലെ ഷാര്‍ജയില്‍നിന്നെത്തിയ എയര്‍ അറേബ്യ, ഡല്‍ഹിയില്‍നിന്നെത്തിയ എയര്‍ ഇന്ത്യ, ബെംഗളൂരുവില്‍നിന്നെത്തിയ ഇന്‍ഡിഗോ എന്നീ വിമാനങ്ങളോടാണ് ചുറ്റിക്കറങ്ങാന്‍ നിര്‍ദേശിച്ചത്. വൈകീട്ടോടെ ഹൈദരാബാദിലേക്കു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ബെംഗളൂരുവിലേക്കു പോകേണ്ടിയിരുന്ന ഇന്‍ഡിഗോ എന്നീ വിമാനങ്ങളാണ് പിടിച്ചിട്ടത്. വിമാനത്താവള അധികൃതര്‍ അറിയിച്ചതു പ്രകാരം സമീപപ്രദേശങ്ങളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും പട്ടം പറത്തിയവരെ കണ്ടെത്താനായില്ല.

Tags:    

Similar News