17 കാരനായ മകന്‍ ഓടിച്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ടുനല്‍കിയില്ല; പോലീസ് സ്റ്റേഷനു മുന്‍പില്‍ അച്ഛന്റെ ആത്മഹത്യാശ്രമം; പിന്തിരിപ്പിച്ച് നാട്ടുകാര്‍
കൈതക്കല്‍ സ്വദേശി മഞ്ചേരി കബീറാണ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത്.
പനമരം: കസ്റ്റഡിയിലെടുത്ത ബൈക്ക് പോലീസ് വിട്ടുനല്‍കാത്തതില്‍ പ്രതിഷേധിച്ച് പനമരം പോലീസ് സ്റ്റേഷനുമുന്‍പില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം.കൈതക്കല്‍ സ്വദേശി മഞ്ചേരി കബീറാണ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത്.ചൊവ്വാഴ്ച വൈകീട്ട് 6.45-ഓടെയാണ് സംഭവം.
ഞായറാഴ്ച ഇയാളുടെ 17 വയസ്സുകാരനായ മകന്‍ ബൈക്ക് ഓടിച്ചുപോവുകയായിരുന്നു.ഇതിനിടെയാണ് പനമരം ടൗണില്‍വച്ച് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തത്.പരിശോധനയില്‍ വാഹനത്തിന് ഇന്‍ഷുറന്‍സും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റും ഇല്ലാത്തതായി കണ്ടെത്തി.ഇവ അടച്ചശേഷം ഇയാള്‍ സ്റ്റേഷനില്‍ രണ്ടുതവണയെത്തിയെങ്കിലും എസ്.എച്ച്.ഒ. ഇല്ലാത്തതിനാല്‍ വാഹനം വിട്ടുനല്‍കിയില്ല.
ഇതില്‍ പ്രകോപിതനായാണ് കബീര്‍ ആത്മഹത്യാശ്രമം നടത്തിയത്.പനമരം പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളുടെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് വിട്ടുനല്‍കിയില്ല എന്നാരോപിച്ചായിരുന്നു ആത്മഹത്യാശ്രമം.മാനന്തവാടി അഗ്നിരക്ഷാസേനയും നാട്ടുകാരും പൊതുപ്രവര്‍ത്തകരും സ്ഥലത്തെത്തി അനുനയിപ്പിച്ചാണ് ഇയാളെ പിന്തിരിപ്പിച്ചത്.പ്രായപൂര്‍ത്തിയാവാത്ത മകന്‍ വാഹനം ഓടിച്ചതില്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.