പുനലൂരില്‍ വന്‍ രാസലഹരി വേട്ട; 146 ഗ്രാം എംഡിഎംഎയുമായി രണ്ടുയുവാക്കള്‍ അറസ്റ്റില്‍; മയക്കുമരുന്ന് കൊണ്ടുവന്നത് ബെംഗളൂരുവില്‍ നിന്ന്

രാസ ലഹരി കടത്തിയത് ഓണാഘോഷം കൊഴുപ്പിക്കാന്‍

Update: 2024-09-07 14:17 GMT

പുനലൂര്‍: പുനലൂരില്‍ 146 ഗ്രാം എംഡിഎംഎയുമായി രണ്ടുയുവാക്കളെ പിടികൂടി. കണ്ടറ സ്വദേശി സൂരജ് (34), പവിത്രേശ്വരം സ്വദേശി നിതീഷ്( 28) എന്നിവരെ പുനലൂര്‍ ടി ബി ജംഗ്ഷനില്‍ വച്ചാണ് പിടികൂടിയത്. റൂറല്‍ എസ്പിയുടെ ഡാന്‍സാഫ് ടീമും പുനലൂര്‍ പൊലീസും ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ഓണാഘോഷം കൊഴുപ്പിക്കുന്നതിനു വേണ്ടി വന്‍തോതില്‍ മയക്കുമരുന്ന് കൊല്ലം റൂറല്‍ ജില്ലയിലേക്ക് കടത്താന്‍ സാധ്യതയുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലാകമാനം അതിര്‍ത്തി കേന്ദ്രീകരിച്ചും അല്ലാതെയും പരിശോധനകള്‍ ശക്തമാക്കാന്‍ ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു ഐപിഎസ് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം റൂറല്‍ പുനലൂര്‍ എസ്‌ഐ അജീഷ്, ഡാന്‍സാഫ് എസ്‌ഐ ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐ ബിജു എസ്പിഒ വിപിന്‍ അഭിലാഷ്, സജു ദിലീപ് നടത്തി വന്ന പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ബംഗളൂരുവില്‍ നിന്നാണ് കാര്‍ മാര്‍ഗം മാരക ലഹരി മരുന്നായ എംഡിഎംഎ കൊണ്ടുവന്നത്.

കൊല്ലം റൂറല്‍ ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ രസലഹരി വേട്ട ആണ്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ആറോളം കേസുകളില്‍ ആയി 10 ഓളം പ്രതികളെ ആണ് ലഹരി വെട്ടയില്‍ റൂറല്‍ ഡാന്‍സഫ് ടീമും പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. നിലവില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ മുന്‍പ് എംഡിഎംഎ കേസില്‍ 2 വര്‍ഷത്തോളം ജയിലില്‍ ശിക്ഷ അനുഭവിച്ചു ജാമ്യത്തില്‍ പുറത്തു ഇറങ്ങിയവരാണ്. ലഹരി മാഫിയകള്‍ക്ക് എതിരെ കര്‍ശനമായി ഉള്ള നടപടി എടുക്കും എന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Tags:    

Similar News