ഏബലിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നു ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസ്; പ്രണയ നൈരാശ്യമെന്നു സഹപാഠികളും സുഹൃത്തുക്കളും; മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ധനശേഖരണത്തിലൂടെ കണ്ടെത്തിയത് 3,85,000 രൂപ; മലയാളി വിദ്യാര്‍ത്ഥി വിസക്കാരുടെ മരണം സംഭവിച്ചാല്‍ യൂണിവേഴ്‌സിറ്റികളും ഇന്ത്യന്‍ എംബസിയും കണ്ടില്ലെന്നു നടിക്കുന്ന അവസ്ഥ
ഏബലിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നു ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസ്; പ്രണയ നൈരാശ്യമെന്നു സുഹൃത്തുക്കളും
ലണ്ടന്‍: സ്‌കോട്‌ലന്‍ഡില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹത ഇല്ലെന്നു സ്‌കോട്ടിഷ് പോലീസ്. യുവാവിന് ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ലെന്നു കാണിച്ചു തൃശൂര്‍ സ്വദേശിയായ യുവാവ് ഏബല്‍ തറയിലിന്റെ കുടുംബം കേന്ദ്ര മന്ത്രിയും എംപിയുമായ സുരേഷ് ഗോപിക്കും കേരള മുഖ്യമന്ത്രിയ്ക്കും തുടര്‍ന്ന് ഇന്ത്യന്‍ എംബസിക്കും നല്‍കിയ പരാതികള്‍ സംബന്ധിച്ച മറുപടിയിലാണ് ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസ് യുവാവ് ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിലേക്ക് എത്തുന്നത്. മരണം നടക്കുന്നതിനു മുന്‍പുള്ള സംഭവ വികാസങ്ങളും പോലീസ് പ്രഥമ ദൃഷ്ട്യാ ഉള്ള നിഗമനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
അതിനിടെ യുവാവിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഓണ്‍ലൈന്‍ ഫണ്ട് കളക്ഷന്‍ നടത്തിയ പൊതു പ്രവര്‍ത്തകര്‍ 3,85,000 രൂപ സമാഹരിച്ചതിലൂടെ വെള്ളിയാഴ്ച പുലര്‍ച്ചെ ഏലിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ഉച്ചയോടെ തൃശൂര്‍ വടൂക്കര ശ്മശാനത്തില്‍ ആചാരപ്രകാരം സംസ്‌കാരം നടത്തി. പോസ്റ്റ് സ്റ്റഡി വിസയില്‍ അത്‌ലറ്റിക് കോച്ച് ആയി ജോലി ചെയ്തു വരവെയാണ് ഏബലിന്റെ മരണം എന്നത് കുടുംബത്തിന് താങ്ങാനാകാത്ത ദുഃഖമായി മാറിയിരിക്കുകയാണ്. പഠനത്തില്‍ മിടുക്കു കാട്ടിയ യുവാവിന് പഠിച്ച കോഴ്സിന് അനുബന്ധമായി ജോലി ലഭിച്ചതും യുകെയില്‍ തുടര്‍ന്ന് ജീവിക്കാനും സാധിക്കുന്ന അവസരം ഒത്തുവന്നതില്‍ കുടുംബം സന്തോഷിക്കവേയാണ് ഏവരെയും പ്രയാസപ്പെടുത്തി കഴിഞ്ഞ മാസം 12ന് ഏലിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഏബല്‍ മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് ഡല്‍ഹി സ്വദേശിനിയായ ഒരു വിദ്യാര്‍ത്ഥിനി താമസസ്ഥലത്ത് എത്തി വഴക്കിട്ടിരുന്നതായി വിവരം പുറത്തു വന്നിരുന്നു. വഴക്കിനിടയില്‍ ഏബല്‍ താമസിച്ചിരുന്ന വീടിന്റെ ജനല്‍ പാളികള്‍ പൊട്ടിയിരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പിന്നീട് അറിയാനിടയായത്. ഈ സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തിയിരുന്നതായും പറയപ്പെടുന്നു. തുടര്‍ന്നുള്ള മാനസിക പ്രയാസം ഏബലിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായും കുടുംബം സ്‌കോട്‌ലന്‍ഡ് മലയാളികളുമായി പങ്കുവച്ചിരുന്നു. ഏബലിന് ഭീഷണി ഉണ്ടായിരുന്നോ എന്ന കാര്യത്തിലും കുടുംബം സംശയം പങ്കിട്ടിരുന്നു. തുടര്‍ന്നാണ് ഇക്കാര്യങ്ങളില്‍ അന്വേഷണം വേണമെന്ന് കുടുംബം കേരളത്തില്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടത്.
പക്ഷെ ഏബല്‍ ട്രെയിനിന് മുന്നിലേക്ക് എത്തിയതായി പൊലീസിന് കൃത്യമായ വിവരം ലഭിച്ചതോടെയാണ് മരണത്തില്‍ ദുരൂഹത സംശയിക്കുന്നില്ലെന്നു നെക്സ്റ്റ് ഓഫ് കിന്‍ അടക്കം ഉള്ളവരെ ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസ് അറിയിച്ചിരിക്കുന്നത്. റെയില്‍വേ ട്രാക്ക്, സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളെയാണ് പോലീസ് തെളിവിനായി ആശ്രയിച്ചത്. ഇതില്‍ ഏബല്‍ ഒറ്റയ്ക്ക് നടന്നു നീങ്ങുന്നത് വ്യക്തവുമാണ്. സ്റ്റെര്‍ലിങ് യൂണിവേഴ്സിറ്റിയില്‍ സ്‌പോര്‍ട്‌സ് മാനേജമെന്റ് വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച ഏബല്‍. തൃശൂര്‍ അയ്യന്തോള്‍ എസ്എന്‍ പാര്‍ക്ക് തറയില്‍ ഹൗസില്‍ പരേതനായ വിമുക്തഭടന്‍ ടി.യു. ശശീന്ദ്രന്റെയും തൃശൂര്‍ മെഡിക്കല്‍ കോളജിലെ റിട്ട. ഹെഡ് നഴ്‌സ് എം. എസ്. പദ്മിനിയുടെയും മകനാണ് ഏബല്‍.
അതിനിടെ കഴിഞ്ഞ ഏതാനും വര്‍ഷമായി ഒട്ടേറെ മലയാളി വിദ്യാര്‍ത്ഥികള്‍ അപകടവും ആത്മഹത്യകളും രോഗങ്ങളും മൂലം മരണപ്പെടുന്ന സാഹചര്യത്തില്‍ ഇവരുടെയൊക്കെ കുടുംബങ്ങള്‍ക്ക് ആശ്വാസമാകേണ്ട ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളും ഇന്ത്യന്‍ എംബസിയും ഒക്കെ കാഴ്ചക്കാരുടെ റോളിലേക്ക് മാറുന്ന സാഹചര്യമാണ് ഇപ്പോള്‍ രൂപപ്പെടുന്നത്. മരണം അടക്കമുള്ള സാഹചര്യങ്ങളില്‍ യുകെയില്‍ മലയാളി പൊതു പ്രവര്‍ത്തകരും ചാരിറ്റി സംഘടനകളും മുന്നിട്ടിറങ്ങുന്നതോടെ യൂണിവേഴ്‌സിറ്റികളുടെയും ഇന്ത്യന്‍ എംബസിയുടെയും ഉത്തരവാദിത്തമാണ് അകന്നു മാറുന്നത്.
ഉത്തരവാദിത്തത്തില്‍ നിന്നും യുകെ യൂണിവേഴ്‌സിറ്റികളും ഇന്ത്യന്‍ എംബസിയും ഒഴിഞ്ഞു മാറുന്നുവോ?
എല്ലാ യൂണിവേഴ്‌സിറ്റികളിലും ഇത്തരം സാഹചര്യങ്ങളില്‍ സഹായമാകാന്‍ ഫണ്ട് ഉണ്ടെങ്കിലും അത് വാങ്ങിയെടുക്കാന്‍ ആരെങ്കിലും മുന്നോട്ട് വരണം എന്ന സാഹചര്യത്തിലാണ് മരണമടയുന്ന വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമാകേണ്ട തുക നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത്. കൂടെ വിദ്യാര്‍ത്ഥികള്‍ അടച്ച യൂണിവേഴ്സിറ്റി ഫീസും മടക്കി നല്‍കാന്‍ യൂണിവേഴ്സിറ്റികള്‍ തയ്യാറാണ്. ഇപ്പോള്‍ ഏബലിന്റെ കുടുംബം അറിയിക്കുന്നത് ഈ യുവാവ് യുകെ പഠനത്തിന് വേണ്ടി ലോണ്‍ എടുത്ത സാഹചര്യത്തില്‍ 20 ലക്ഷം രൂപയുടെ കടബാധ്യതയും കുടുംബത്തെ തേടി എത്തുകയാണ് എന്ന വിവരമാണ്.
ഇതില്‍ ഫീസ് ഇനത്തില്‍ അടച്ച തുക ഏബല്‍ പഠിച്ച സ്റ്റെര്‍ലിങ് യൂണിവേഴ്സിറ്റി ധാര്‍മികമായും തിരിച്ചു നല്‍കാന്‍ ബാധ്യസ്ഥരുമാണ്. പക്ഷെ ഇക്കാര്യത്തില്‍ പൊതു പ്രവര്‍ത്തകരോ ഏബലിന്റെ സുഹൃത്തുക്കളോ സഹപാഠികളോ ആരെങ്കിലും യൂണിവേഴ്സിറ്റി അധികൃതരുമായി ബന്ധപ്പെടേണ്ടി വരും. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍, വിരാള്‍ മലയാളി അസോസിയേഷന്‍ എന്നിവയൊക്കെ ഇടപെട്ട മുന്‍കാല സംഭവങ്ങളില്‍ ഇങ്ങനെ യൂണിവേഴ്സിറ്റി അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ഫീസും മടക്കി നല്‍കിയ അനുഭവങ്ങള്‍ ഉദാഹരണങ്ങളാണ്.
അതിനിടെ രണ്ടു വര്‍ഷം മുന്‍പ് വരെ ഇന്ത്യന്‍ പാസ്‌പോര്‍ട് ഉടമകളായ യുകെ മലയാളികളും വിദ്യാര്‍ത്ഥികളും മരണമടയുന്ന സാഹചര്യത്തില്‍ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ മുന്‍പില്‍ വന്നിരുന്ന ഇന്ത്യന്‍ എംബസി കഴിഞ്ഞ ഏതാനും മാസങ്ങളായി ഇക്കാര്യത്തില്‍ ആക്ഷേപകരമായ മൗനമാണ് പാലിക്കുന്നത്. ഇവിടെയും ആരും സഹായം തേടി എത്തുന്നില്ല എന്നാണ് പേര് വെളിപ്പെടുത്താത്ത എംബസി ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ സഹായം തേടി എത്തിയ പല സാഹചര്യത്തിലും ഇപ്പോള്‍ ഫണ്ടില്ലെന്ന മറുപടി വാക്കാല്‍ ലഭിച്ച അനുഭവവും ഒട്ടേറെ യുകെ മലയാളികള്‍ക്ക് പങ്കുവയ്ക്കാനാകും.
തുടരെ തുടരെ മരണങ്ങള്‍ സംഭവിച്ച സാഹചര്യത്തിലാണ് എംബസിക്ക് ഫണ്ട് ഇല്ലാതായി പോയത് എന്ന വാദവും ഉയരുന്നുണ്ട്. യുകെയിലേക്ക് കൂടുതലായി ഇന്ത്യക്കാര്‍ കുടിയേറുന്ന സാഹചര്യത്തില്‍ അടിയന്തിര സാഹചര്യം നേരിടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ യുകെയിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശവും സഹായവും നല്‍കാന്‍ തയ്യാറാകണം എന്ന ആവശ്യവും ഇപ്പോള്‍ ശക്തമാകുകയാണ്.