പൂരം കലക്കല്‍ മുതല്‍ ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വരെ; അന്വേഷണ റിപ്പോര്‍ട്ടിന്റെ 'മാനം കാത്ത്' സര്‍ക്കാരിന്റെ 'കടുത്തശിക്ഷ'; സസ്‌പെന്‍ഷനിലേക്ക് പോകാതെ സ്ഥാനമാറ്റം മാത്രം; എഡിജിപി അജിത് കുമാറിനെതിരായ നടപടി നിയമസഭയില്‍ പ്രതിരോധിക്കാന്‍; മുഖ്യമന്ത്രിയുടെ വിശ്വസ്തന് തലോടല്‍ മാത്രം

നടപടി ആവശ്യപ്പെട്ട സിപിഐയെ നിശബ്ദമാക്കാനായി

Update: 2024-10-06 18:16 GMT

തിരുവനന്തപുരം: പൂരം കലക്കല്‍ മുതല്‍ ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകള്‍ വരെയുള്ള ആരോപണ കൊടുങ്കാറ്റുകള്‍ ഉയര്‍ന്നതോടെ സംരക്ഷിക്കാന്‍ ഒരു മാസം കിണഞ്ഞ് പരിശ്രമിച്ചശേഷമാണ് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വിശ്വസ്തനായി അറിയപ്പെട്ടിരുന്ന എ.ഡി.ജി.പി അജിത് കുമാറിന്റെ കസേര താല്‍ക്കാലികമായെങ്കിലും നഷ്ടപ്പെട്ടത്. പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് സ്വീകരിച്ച ശക്തമായ നിലപാടാണ് എഡിജിപിയുടെ കസേര തെറിപ്പിച്ചത്. പലതവണ അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചുവെങ്കിലും എ.ഡി.ജി.പിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ തലപ്പത്തുനിന്ന് ഉണ്ടാകുന്നതെന്ന വിമര്‍ശനമാണ് പലപ്പോഴും ഉയര്‍ന്നത്.

എന്നാല്‍ അജിത് കുമാറിനെ മാറ്റിയേതീരൂ എന്ന നിലപാടില്‍ സി.പി.ഐ ഉറച്ചുനിന്നതോടെ ഒടുവില്‍ അജിത് കുമാറിന്റെ കസേര തെറിക്കുകതന്നെ ചെയ്തു. പി.വി അന്‍വര്‍ എം.എല്‍.എയാണ് അജിത് കുമാറിനെതിരെ ആദ്യവെടി പൊട്ടിച്ചത്. എം.ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണമടക്കം പി.വി അന്‍വര്‍ ഉന്നയിച്ചു. അനധികൃത സ്വത്ത് സമ്പാദനവും സ്വര്‍ണക്കടത്തും അടക്കമുള്ളമുള്ള നിരവധി ആരോപണങ്ങള്‍ പിന്നീട് ഒന്നൊന്നായി വന്നു.

അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പൊലീസ് മേധാവിയും പ്രത്യേക സംഘവും നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ സ്വര്‍ണക്കടത്ത്, ആര്‍എസ്എസ് ബന്ധം അടക്കം ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും സസ്‌പെന്‍ഷനിലേക്ക് സര്‍ക്കാര്‍ പോയില്ല എന്നത് ശ്രദ്ധേയമാണ്. കര്‍ശനമായ നടപടിയേ ഉണ്ടായില്ല, ക്രമസമാധാനച്ചുമതലയില്‍നിന്ന് സ്ഥാനമാറ്റം മാത്രമാണ് നിലവിലുണ്ടായത്.

നിയമസഭ നാളെ ചേരാനിരിക്കേ സ്ഥാനം മാറ്റിയെന്ന് സര്‍ക്കാരിന് പ്രതിരോധിക്കാം. നടപടി ആവശ്യപ്പെട്ട സിപിഐയെയും നിശബ്ദമാക്കാനായി. ഒരിടവേളയ്ക്കുശേഷം അജിത് കുമാറിനെ ഉയര്‍ന്ന പദവിയിലേക്ക് സര്‍ക്കാരിന് തിരിച്ചുകൊണ്ടുവരാനുമാകും. മുന്‍പ് സ്വപ്നയുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസില്‍ തെറ്റായി ഇടപെട്ടതിന് അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. മാസങ്ങള്‍ക്കുശേഷം ക്രമസമാധാനച്ചുമതല നല്‍കി. ആ സ്ഥാനത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് അടുത്ത നടപടി. 4 വര്‍ഷം സര്‍വീസ് ശേഷിക്കുന്നുണ്ട്.

അന്‍വറിന്റെ ആരോപണങ്ങളിലും ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലും തൃശൂര്‍ പൂരം കലക്കലിലും പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പൂരം കലക്കലില്‍ ഡിജിപി അജിത് കുമാറിനെതിരായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും മുഖ്യമന്ത്രി രണ്ടു ദിവസം മുന്‍പ് വീണ്ടും ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഡിജിപി, ക്രൈംബ്രാഞ്ച് മേധാവി, ഇന്റലിജന്‍സ് എഡിജിപി എന്നിവരാണ് അന്വേഷിക്കുന്നത്. അതിനാല്‍ അന്‍വറിന്റെ ആരോപണത്തിലാണ് നടപടിയെന്ന് വിലയിരുത്തേണ്ടിവരും. അനധികൃത സ്വത്ത് സമ്പാദനത്തില്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്.

പിണറായി സര്‍ക്കാരിന്റെ കാലത്ത് കൂടുതലും വടക്കേ ഇന്ത്യന്‍ ഉദ്യോഗസ്ഥരെയാണ് പൊലീസ് മേധാവിയായി നിയമിച്ചത്. അവര്‍ വിധേയരായി നില്‍ക്കുമെന്നതായിരുന്നു പൊലീസ് സേനയിലെ തന്നെ സംസാരം. പൊലീസിലെ സൗമ്യമുഖമായാണ് എസ്.ദര്‍വേഷ് സാഹിബ് അറിയപ്പെടുന്നത്. എന്നാല്‍, പ്രവൃത്തിയിലൂടെ അദ്ദേഹം സര്‍ക്കാരിനെ ഞെട്ടിച്ചു. പൂരം കലക്കലില്‍ എഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൊലീസ് മേധാവി മുഖവിലയ്‌ക്കെടുത്തില്ല. എഡിജിപിക്ക് വീഴ്ചയുണ്ടായെന്ന് സര്‍ക്കാരിനോട് വ്യക്തമാക്കി. അന്‍വര്‍ ഉന്നയിച്ച ചില ആരോപണങ്ങളും പൊലീസ് മേധാവി ശരിവച്ചു.

സ്ഥലം മാറ്റത്തെ സിപിഐ സ്വാഗതം ചെയ്തിട്ടുണ്ട്. എഡിജിപി വിഷയത്തില്‍ സിപിഐയില്‍ ഉയര്‍ന്ന കലാപം തല്‍ക്കാലം കെട്ടടങ്ങും. സ്ഥലം മാറ്റലും നടപടിയാണെന്ന് നിയമസഭയില്‍ സര്‍ക്കാരിന് അവകാശപ്പെടാം. മറ്റ് ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും പറയാം. സിപിഎം ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കേ അണികളോടും വിശദീകരണത്തിന് വകയായി. സ്ഥലം മാറ്റുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെത്തുമ്പോള്‍, ആരോപണം ഉന്നയിച്ച പി.വി.അന്‍വര്‍ എംഎല്‍എ മഞ്ചേരിയില്‍ പുതിയ സാമൂഹിക സംഘടന പ്രഖ്യാപിക്കുകയായിരുന്നു. ഇടതു ബന്ധം അവസാനിപ്പിച്ചെങ്കിലും തന്റെ വാദങ്ങള്‍ ശരിയായെന്ന് അന്‍വറിനും അവകാശപ്പെടാം. പ്രതിപക്ഷത്തിന് പ്രതിഷേധത്തിന് അവസരം ഒരുങ്ങുകയാണ്.

വിവാദമായ എ.ഡി.ജി.പി - ആര്‍.എസ്.എസ് കൂടിക്കാഴ്ച

ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളയും ബി.ജെ.പി. മുന്‍ ജനറല്‍ സെക്രട്ടറികൂടിയായ രാംമാധവുമായും അജിത്കുമാര്‍ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. 2023 മെയ് 22-നായിരുന്നു എം.ആര്‍. അജിത് കുമാര്‍ - ഹൊസബാളെ സന്ദര്‍ശനം. പാറമേക്കാവ് വിദ്യാമന്ദിറില്‍ ആര്‍.എസ്.എസ്. ക്യാമ്പിനിടെയായിരുന്നു അജിത്കുമാര്‍ ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളയെ കണ്ടത്. ആര്‍.എസ്.എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് സന്ദര്‍ശനമെന്നായിരുന്നു വിവരം. കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത്ത് കുമാര്‍ സജീവമായിരുന്നുവെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബി.ജെ.പി. മുന്‍ ജനറല്‍ സെക്രട്ടറികൂടിയായ രാംമാധവുമായി രണ്ടുതവണ എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. 2014 മുതല്‍ 2020 വരെ ബി.ജെ.പി. സംഘടനാ കാര്യങ്ങളില്‍ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു രാം മാധവ്. ജമ്മു-കശ്മീരിലെ 2014-ലെ തിരഞ്ഞെടുപ്പിനുശേഷം പി.ഡി.പി.യുമായി ബി.ജെ.പി. സഖ്യമുണ്ടാക്കിയതില്‍ രാം മാധവിന് നിര്‍ണായക പങ്കുണ്ടായിരുന്നു. 2020-ലാണ് ഇദ്ദേഹത്തെ ബി.ജെ.പി. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുന്നത്. നിരവധി രാഷ്ട്രീയ പരീക്ഷണങ്ങള്‍ നടത്തി, രാഷ്ട്രീയവൃത്തങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ച രാം മാധവുമായി എ.ഡി.ജി.പി സ്ഥാനത്തുള്ള എം.ആര്‍. അജിത് കുമാര്‍ എന്തിനാണ് പലതവണ കൂടിക്കാഴ്ച നടത്തിയതെന്ന ചോദ്യമാണ് ഉയര്‍ന്നത്.

അജിത്കുമാറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കേരിയും സ്ഥിരീകരിച്ചിരുന്നു. കൂടിക്കാഴ്ച അവിചാരിതമായിരുന്നു എന്നാണ് വത്സന്‍ തില്ലങ്കേരി പറഞ്ഞത്. വയനാട് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റില്‍ എ.ഡി.ജി.പി. വയനാട്ടിലുണ്ടായിരുന്നു. വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ വയനാട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. ഓഗസ്റ്റ് നാലിന് കല്‍പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് വത്സന്‍ തില്ലങ്കേരി എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറുമായി നാലുമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയത്. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചതെന്നും ആംബുലന്‍സ് തടഞ്ഞുവച്ച പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു എന്നും പിന്നീട് തില്ലങ്കേരി പറഞ്ഞു. കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യനെ കാണാനായാണ് താന്‍ ഹോട്ടലില്‍ എത്തിയതെന്നും അവിടെ വെച്ചാണ് അവിചാരിതമായി എം.ആര്‍. അജിത്കുമാറിനെ കണ്ടതെന്നുമാണ് വത്സന്‍ തില്ലങ്കേരി പറഞ്ഞത്.

പൂരം കലക്കല്‍ സുരേഷ് ഗോപിക്ക് വഴി വെട്ടിയതോ?

തൃശ്ശൂര്‍ പൂരം അലങ്കോലമാക്കി സുരേഷ് ഗോപിക്ക് വഴി വെട്ടിയത് എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറാണ് എന്ന് നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ ആണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചത്. തൃശ്ശൂര്‍ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് അന്നത്തെ തൃശ്ശൂര്‍ കമ്മിഷണര്‍ അങ്കിത് അശോകനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി, 'താരതമ്യേന ജൂനിയറായ എ.സി.പി. അങ്കിത് അശോകന്‍ സ്വന്തം താത്പര്യപ്രകാരം ഇങ്ങനെയൊരു വിവാദത്തില്‍ ഇടപെടുമെന്ന് നിങ്ങള്‍ ഇന്നും കരുതുന്നുണ്ടോ നിഷ്‌കളങ്കരേ' എന്ന് ഫെയ്‌സ്ബുക്കിലെ കുറിപ്പില്‍ എം.എല്‍.എ. ചോദിച്ചു. വിവാദത്തിന് പിന്നാലെ അങ്കിത് അശോകനെ സ്ഥലംമാറ്റിയിരുന്നു. സുരേഷ് ഗോപിക്ക് വഴി വെട്ടിയത് ആരാണെന്ന് ഇനി താനായി പ്രത്യേകിച്ച് പറയുന്നില്ലെന്നും അദ്ദേഹം കുറിച്ചു.

തൃശ്ശൂരിലെ ഒരു മതസ്ഥാപനവുമായി ബന്ധപ്പെട്ട ചില ആളുകള്‍ തന്നെ കാണാന്‍വന്ന സംഭവം വിവരിച്ചുകൊണ്ടാണ് അന്‍വര്‍ ആരോപണം ഉന്നയിച്ചത്. വിഷയം എ.ഡി.ജി.പി. അജിത് കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് എം.എല്‍.എ. വന്നവരോട് പറഞ്ഞു. എന്നാല്‍, വിഷയത്തില്‍ ഇടപെട്ടില്ലെങ്കിലും കുഴപ്പമില്ല, എ.ഡി.ജി.പിയോട് പറയണ്ട എന്നായിരുന്നു ഇവരുടെ മറുപടി. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍, തന്നെ കാണാനെത്തിയവര്‍ മറുപടി പറഞ്ഞതായി എം.എല്‍.എ. വിശദമാക്കുന്നത് ഇങ്ങനെ: ഈ വിഷയവുമായി ബന്ധപ്പെട്ട് അവര്‍ ഇന്നത്തെ തൃശ്ശൂര്‍ എം.പി. സുരേഷ് ഗോപിയെ സമീപിച്ചിരുന്നു. വിഷയങ്ങള്‍ കേട്ട ശേഷം, അദ്ദേഹം മൊബൈല്‍ സ്പീക്കറിലിട്ട് 'നമ്മുടെ സ്വന്തം ആളാണെന്ന്' പറഞ്ഞ് എ.ഡി.ജി.പി. അജിത് കുമാറിനെ വിളിച്ചു.

ഭവ്യതയോടെ കോള്‍ എടുത്ത എ.ഡി.ജി.പി. വിഷയം പറഞ്ഞതോടെ ആദ്യം പ്രതികരിച്ചത് ഇങ്ങനെയാണ്. 'അവന്മാരൊക്കെ കമ്മികളാണ് സാറേ..' ഇതോടെ സ്പീക്കര്‍ ഓഫ് ചെയ്ത സുരേഷ് ഗോപി വിഷയത്തില്‍ ഇടപെടാതെ അവരെ ഒഴിവാക്കിവിട്ടു.' അജിത് കുമാറിന്റേത് ഒരേസമയം രണ്ട് വള്ളത്തില്‍ കാല്‍ചവിട്ടിയുള്ള നില്‍പ്പാണെന്ന് ഇത് കേട്ട നിമിഷം ബോധ്യപ്പെട്ടതാണെന്ന് പി.വി. ആന്‍വര്‍ തുടര്‍ന്ന് കുറിക്കുന്നു. 'ഒരു പോലീസ് ഉദ്യോഗസ്ഥന് രാഷ്ട്രീയം ഉണ്ടാവണമെന്നല്ല പറഞ്ഞ് വരുന്നത്. 'അവന്മാരൊക്കെ കമ്മികളാണെന്ന' സ്റ്റേറ്റ്മെന്റ് എങ്ങോട്ടാണ് വിരല്‍ ചൂണ്ടുന്നത് എന്നതാണിവിടെ പ്രശ്‌നം', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടത്തിലെ ആരോപണം

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറാണെന്ന് കൂട്ടുപ്രതി സരിത്ത് പറഞ്ഞിരുന്നു. കോവിഡ് ലോക്ഡൗണില്‍ കര്‍ശന യാത്രാനിയന്ത്രണവും പോലീസ് പരിശോധനയും ഉള്ളപ്പോഴാണ് സ്വപ്നാ സുരേഷ് ബെംഗളൂരുവിലേക്ക് കടന്നതെന്ന് സരിത്ത് വ്യക്തമാക്കി. ഇത് സ്വപ്നാ സുരേഷും ശരിവെച്ചു. മറ്റൊരു പ്രതി സന്ദീപാണ് സ്വപ്നയുമായി ബെംഗളൂരുവിലേക്കുപോയത്. അജിത്കുമാര്‍ എല്ലാ സഹായവും നല്‍കുമെന്ന് എം. ശിവശങ്കര്‍ പറഞ്ഞതായും സരിത്ത് വ്യക്തമാക്കി. ശിവശങ്കര്‍ നിര്‍ദേശിച്ച പാതയിലൂടെയാണ് സംസ്ഥാനത്തിന് പുറത്തേക്കുകടന്നത്. അജിത്കുമാറാണ് റൂട്ട് നിര്‍ദേശിച്ചത്.

ഏത് ചെക്പോസ്റ്റിലൂടെ പുറത്തുകടക്കണമെന്ന് നിര്‍ദേശം നല്‍കിയതും അദ്ദേഹം. വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ഒളിവില്‍ത്താമസിച്ചത് ശിവശങ്കര്‍ പറഞ്ഞിട്ടായിരുന്നെന്നും സരിത്ത് പറഞ്ഞു. ശിവശങ്കറിന് പോലീസില്‍നിന്ന് എല്ലാ സഹായവും ചെയ്തുകൊടുത്തിരുന്നത് എ.ഡി.ജി.പി. അജിത്കുമാറാണെന്നും സ്വപ്ന വ്യക്തമാക്കി. അജിത്കുമാറിനെ നേരിട്ട് അറിയില്ല. ബെംഗളൂരിവുലേക്കുള്ള യാത്രയില്‍ പോലീസ് പരിശോധന ഒഴിവാക്കാന്‍ ഉന്നതല ഇടപെടലുണ്ടായി. അത് അജിത്കുമാറാകാനാണ് സാധ്യത. തന്നെ മനഃപൂര്‍വം കേരളത്തില്‍നിന്ന് മാറ്റുകയായിരുന്നു. കേരളം വിടാന്‍ നിര്‍ബന്ധിച്ചത് ശിവശങ്കറാണ്. ബെംഗളൂരുവില്‍നിന്ന് നാഗാലാന്‍ഡിലേക്ക് പോകാനായിരുന്നു പദ്ധതി. ആ യാത്രയില്‍ തന്നെ ഇല്ലാതാക്കാന്‍ ഗൂഢാലോചന ഉണ്ടായിരുന്നതായും സ്വപ്നാ സുരേഷ് ആരോപിച്ചു.

വിജിലന്‍സ് അന്വേഷണം

അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മ്മാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് എ.ഡി.ജി.പിക്കെതിരായി വിജിലന്‍സ് അന്വേഷിച്ചത്. സസ്‌പെന്‍ഷനില്‍ തുടരുന്ന മലപ്പുറം മുന്‍ എസ്.പി. സുജിത്ത് ദാസിനെതിരേയും അന്വേഷണമുണ്ടായിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശയില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് വ്യാപകമായ വിമര്‍ശനം സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. ഘടകകക്ഷിയായ സി.പി.ഐ. ഉള്‍പ്പെടെ എ.ഡി.ജി.പിക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചതോടെയാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

മാമി തിരോധാനം

2023 ഓഗസ്റ്റ് 22-നാണ് മുഹമ്മദ് ആട്ടൂരിനെ (മാമി) കാണാതാവുന്നത്. കോഴിക്കോട് വൈ.എം.സി.എ. ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ഓഗസ്റ്റ് 21-ന് ഇറങ്ങിയ മുഹമ്മദ് ആട്ടൂരിന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 22-ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. പിന്നീട് ഇദ്ദേഹം എവിടേക്ക് പോയെന്ന് ഇതുവരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പോലീസ് മൊബൈല്‍ ടവര്‍ ഡംപ് പരിശോധനയും നടത്തിയിരുന്നു. മുഹമ്മദ് ആട്ടൂരിനെ കാണാതായ സ്ഥലത്തെയും മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കാണിച്ച മറ്റുസ്ഥലങ്ങളിലെയും ടവറുകളിലൂടെ കടന്നുപോയ ഫോണ്‍വിളികളാണ് പരിശോധിച്ചത്.

കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ വന്‍കിട വ്യാപാര-വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേരെ ചോദ്യംചെയ്തിരുന്നു. ഇതുകൂടാതെ, 180 പേരുടെ മൊഴി രേഖപ്പെടുത്തി. മുഹമ്മദിന്റെ ബാങ്ക് ഇടപാടുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് പി.വി. അന്‍വര്‍ എം.എല്‍.എ. മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത്. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ നടത്തിയ വെളിപ്പെടുത്തലുകളിലാണ് മാമിയുടെ തിരോധാനവും എം.എല്‍.എ. പരാമര്‍ശിച്ചിരുന്നത്.

Tags:    

Similar News