കോടതിയില്‍ നിന്നിറങ്ങി മാധ്യമങ്ങളെ കണ്ട് മഞ്ജുവിന്റെ ഗൂഢാലോചന എന്ന് പ്രസ്താവന; പിന്നാലെ രക്ഷകനായ അഡ്വ. രാമന്‍പിള്ളയെ വീട്ടിലെത്തി കണ്ട് മുത്തം നല്‍കി സന്തോഷം പ്രകടിപ്പിച്ചു ദിലീപ്; ദിലീപ് മാത്രം എങ്ങനെ ശത്രുവാകും? നടന്നത് ഗൂഢാലോചന; സീനിയര്‍ ഉദ്യോഗസ്ഥയ്ക്കും പങ്കെന്ന് മാധ്യമങ്ങളോട് പറഞ്ഞ് രാമന്‍പിള്ള

കോടതിയില്‍ നിന്നിറങ്ങി മാധ്യമങ്ങളെ കണ്ട് മഞ്ജുവിന്റെ ഗൂഢാലോചന എന്ന് പ്രസ്താവന

Update: 2025-12-08 08:45 GMT

കൊച്ചി: നടന്‍ ദിലീപിന്റെ ജീവിതത്തില്‍ നിര്‍ണായകമായ ദിനമായിരുന്നു ഇന്ന്. നടിയെ ആക്രമിച്ച കേസില്‍ നിന്നും കുറ്റവിമുക്തനായ ദിലീപ് സിനിമയിലേക്ക് രണ്ടാം വരവ് വരാന്‍ ഒരുങ്ങുകയാണ്. പ്രാര്‍ഥനകളോടെ കോടതിയില്‍ കയറിയ ദിലീപ് പ്രാര്‍ഥനകളോടെയാണ് വിധി കേട്ടു നിന്നത്. ഇതിന് ശേഷം, പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ടു. മഞ്ജു വാര്യരെ സംശയത്തില്‍ നിര്‍ത്തി പ്രസ്താവനകള്‍ക്ക് ശേഷം ദിലീപ് നേരെ പോയത് തന്റെ രക്ഷകനായ അഡ്വ. രാമന്‍പിള്ളയുടെ അടുത്തേക്കാണ്. രാമന്‍പിള്ളയെ കണ്ട് സന്തോഷം പ്രകടിപ്പിച്ചു മുത്തം നല്‍കുകയാണ് ദിലീപ് ചെയ്തത്.

തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിച്ച രാമന്‍പിള്ള നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ നടന്നത് കള്ളക്കേസ് എന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള. കേസില്‍ ദിലീപിനെ വേട്ടയാടുകയായിരുന്നു. ദിലീപിനെ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ ഉദ്യോഗസ്ഥയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ബി രാമന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. വിധിയുടെ പൂര്‍ണരൂപം ലഭിച്ച ശേഷം തന്റെ കക്ഷി ഇരയാക്കപ്പെട്ടതാണെങ്കില്‍ നടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്നും രാമന്‍ പിള്ള പറഞ്ഞു.

ദിലീപിനെതിരെ നടന്നത് കള്ളക്കേസ് ആണെന്ന് മനസിലാക്കിയത് കൊണ്ടാണ് കേസില്‍ നിന്ന് മാറാതിരുന്നത്. ഇത്രയും കാലം നീണ്ടക്കേസ് തന്റെ 50 വര്‍ഷത്തെ കരിയറിന് ഇടയില്‍ ഉണ്ടായിട്ടില്ല. എന്റെ കാലിന്റെ ഓപ്പറേഷന്‍ വരെ മാറ്റിയത് ഇത് കൊണ്ടാണ്. ബാലചന്ദ്രകുമാര്‍ ഗൂഢാലോചനയുടെ ഭാഗം മാത്രമാണ്. പിടി തോമസ് എന്തു മൊഴി പറയാനാണ്. പിടി തോമസിന് ഒന്നും അറിയില്ലല്ലോ. ദിലീപിനെ പ്രതിയാക്കിയ ശേഷമാണ് കഥ ഉണ്ടാക്കിയത്.

അതിജീവിതയുടെ അമ്മ, അടുത്ത കൂട്ടുകാരി രമ്യ നമ്പീശന്‍ അടക്കമുള്ളവരുടെ പൊലീസ് രേഖപ്പെടുത്തിയ മൊഴി കോടതിയിലുണ്ട്. അമ്മയെ വിസ്തരിച്ചില്ല. രമ്യ നമ്പീശനെ വിസ്തരിച്ചു. ആ മൊഴികളിലെല്ലാം അതിജീവിതയ്ക്ക് സിനിമയിലും അല്ലാതെയും ഒരു ശത്രുവും ഇല്ലെന്നാണ് പറയുന്നത്. പിന്നെ എങ്ങനെ ദിലീപ് ശത്രുവാകും. പോലീസ് രേഖപ്പെടുത്തിയ മൊഴിയൊന്നും സത്യമല്ല. കേസിന്റെ ആവശ്യത്തിനായി പൊലീസ് മൊഴി രേഖപ്പെടുത്തും. മൊഴി മാറിയ പ്രോസിക്യൂഷന്‍ സാക്ഷിയൊക്കെ ഉണ്ട്.' - രാമന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

'2021 ഡിസംബര്‍ ആയപ്പോഴേക്കും 200 സാക്ഷികളെ വിസ്തരിച്ചു. ലാസ്റ്റ് വിറ്റ്നസ് ബൈജു പൗലോസ് ആയിരുന്നു. അയാളുടെ മൊഴിയെടുക്കാന്‍ വച്ച ദിവസമാണ് അന്ന് ഒരുകാര്യവുമില്ലാതെ പ്രോസിക്യൂട്ടര്‍ ഇറങ്ങിപ്പോയത്. തുടര്‍ന്ന് പെറ്റീഷന്‍ കൊടുത്തതോടെയാണ് തുടരന്വേഷണം ഉണ്ടായത്. എന്നാല്‍ അയാള്‍ കോടതിയില്‍ ഹാജരായതുമില്ല. അങ്ങനെയാണ് മാറിപ്പോകുന്നത്. അല്ലെങ്കില്‍ 2022 ഏപ്രിലില്‍ തീരേണ്ട കേസാണിത്. ദിലീപിനെ വേട്ടയാടി. ബാലചന്ദ്രകുമാര്‍ ഗൂഢാലോചനയുടെ ഭാഗം മാത്രമാണ്. അയാള്‍ പറയുന്നതൊന്നും അംഗീകരിച്ചില്ല. കേസില്‍ ബാലചന്ദ്രകുമാര്‍ വന്നത് ആസൂത്രിതമായിരുന്നു.

ദിലീപിനെ പ്രതിയാക്കുന്നതിന് വേണ്ടി ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ ആ ടീമിലെ ഏറ്റവും ജുനിയര്‍ ആയിട്ടുള്ള ബൈജു പൗലോസിനെ അന്വേഷണം ഏല്‍പ്പിച്ചു. ഡിവൈഎസ്പിമാരും എസ്പിമാരുമുണ്ട്. എന്നിട്ടാണ് ബൈജു പൗലോസിനെ ഏല്‍പ്പിച്ചത്. ദിലീപിനെ കുടുക്കുന്നതില്‍ അന്നത്തെ സീനിയര്‍ ഉദ്യോഗസ്ഥയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു. 200 സാക്ഷികളെ വിസ്തരിച്ച് കഴിഞ്ഞാണ് വെറൊരു ക്രൈം രജിസ്റ്റര്‍ ചെയ്യുന്നത്. ക്രൈം നമ്പര്‍ സിക്സ് എന്ന് പറഞ്ഞ്. അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതിക്കാരനായിട്ട് ദിലീപ് കൊല്ലാന്‍ ഗൂഢാലോചന നടത്തി എന്ന് ഒരു കാര്യവുമില്ലാതെ കേസുമായി വന്നു. തെളിവിന് ഒരു മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നു. മെമ്മറി കാര്‍ഡ് റിക്കവറി നടത്താന്‍ പ്രതിയെ കസ്റ്റഡിയിലെടുക്കണം. അതിന് ദിലീപിന്റെ പ്രായമായ അമ്മ ഒഴിച്ച് ബാക്കിയെല്ലാവരെയും പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. സത്യമല്ലാത്ത തെളിവ് ഹാജരാക്കിയ കേസാണിത്.'- രാമന്‍പിള്ള പറഞ്ഞു.

ഇന്ന് 11 മണിക്കാണ് കേസ് കോടതി പരിഗണിച്ച് വിധി പറഞ്ഞത്. ആദ്യ ആറു പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കോടതി ദിലീപടക്കമുള്ള പ്രതികളെ വെറുതെവിട്ടത്. വിധിപ്രസ്താവത്തിന് ശേഷം കൈകൂപ്പി തൊഴുതുനില്‍ക്കുന്ന നടനെയാണ് കോടതിയില്‍ കാണാനായത്. നടിയെ ആക്രമിച്ച കേസില്‍ തിങ്കളാഴ്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കോടതി ആദ്യം തന്നെ ഈ കേസാണ് പരിഗണിച്ചത്. പിന്നാലെ കേസിലെ എല്ലാ പ്രതികളെയും പ്രതിക്കൂട്ടിലേക്ക് കയറ്റിനിര്‍ത്തി. ഒന്നാം പ്രതി പള്‍സര്‍ സുനിയും എട്ടാം പ്രതി ദിലീപടക്കം പത്ത് പ്രതികളെയും പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തി.

അതിന് ശേഷമാണ് കോടതി വിധിപ്രസ്താവത്തിലേക്ക് കടന്നത്. ആദ്യം ഇംഗ്ലീഷില്‍ വിധിപ്രസ്താവം വായിച്ചു. പിന്നീട് മറ്റുപ്രതികള്‍ക്ക് ബോധ്യപ്പെടാനായി മലയാളത്തിലും ഇത് വിശദീകരിച്ചു. കേസിലെ എട്ടാം പ്രതി ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.

ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 7,8,9,10 പ്രതികളെ മാറ്റിനിര്‍ത്തിക്കൊണ്ടാണ് കോടതി ആദ്യഘട്ടത്തില്‍ വിധിപ്രസ്താവം നടത്തിയത്. അതിന് ശേഷമാണ് ഏഴുമുതലുള്ള പ്രതികളിലേക്ക് വന്നത്. ഏഴാം പ്രതിയായ ചാര്‍ലിയെ ആദ്യം വെറുതെവിട്ടു. പിന്നീട് ദിലീപിനെതിരേ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. വിധി പ്രസ്താവം കേട്ടയുടനെ തൊഴുതുനില്‍ക്കുന്ന ദിലീപിനെയാണ് കോടതിക്കുള്ളില്‍ കാണാനായത്. വലിയ ആശ്വാസത്തോടുകൂടിയാണ് ദിലീപ് പിന്നീടുള്ള വിധിപ്രസ്താവം കേട്ടത്. ദിലീപിന്റെ സഹോദരന്‍ അനൂപ് സമീപത്തു തന്നെയുണ്ടായിരുന്നു.

ഈ കേസില്‍ യഥാര്‍ഥത്തില്‍ മൂന്നു കുറ്റപത്രങ്ങളാണുണ്ടായിരുന്നത്. ആദ്യത്തെ കുറ്റപത്രത്തിലാണ് ഏഴുപ്രതികള്‍ വന്നത്. പിന്നീടുള്ള രണ്ട് കുറ്റപത്രങ്ങളും കോടതി പൂര്‍ണമായും തള്ളി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. സംഭവം നടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ് കോടതിവിധി പറഞ്ഞത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് വിധി പറഞ്ഞത്.

2017 ഫെബ്രുവരി 17-ന് ഷൂട്ടിങ് ആവശ്യത്തിന് തൃശ്ശൂരില്‍നിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയില്‍വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനി ഉള്‍പ്പെട്ട സംഘം ക്വട്ടേഷന്‍പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്. പ്രധാനപ്രതി ഉള്‍പ്പെടെയുള്ളവര്‍ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. അതേ വര്‍ഷം ജൂലായിലാണ് നടന്‍ ദിലീപിനെ അറസ്റ്റുചെയ്യുന്നത്.

Tags:    

Similar News