ശബരിമല ദൈവവിശ്വാസത്തെ തള്ളി പറഞ്ഞു; ഈശ്വരനാമം ഒഴിവാക്കിയ സത്യപ്രതിജ്ഞയിലും പശ്ചാത്താപം; സിപിഎം ഭയക്കുന്ന ജനകീയ മുഖത്തെ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ നീക്കം സജീവം; കൊട്ടാരക്കരയില്‍ പിള്ളയെ വീഴ്ത്തിയ പോറ്റി; ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ സിപിഎം മുന്‍ എംഎല്‍എ എത്തുന്നു; അയിഷാ പോറ്റി കോണ്‍ഗ്രസിലേക്കോ?

Update: 2025-07-17 01:10 GMT

കൊല്ലം: കൊട്ടാരക്കരയിലെ മുന്‍ എംഎല്‍എ അയിഷാ പോറ്റി കോണ്‍ഗ്രസ് വേദിയില്‍ എത്തുമ്പോള്‍ രാഷ്ട്രീയ ചര്‍ച്ചയും സജീവം. ആര്‍ ബാലകൃഷ്ണപിള്ളയെ തോല്‍പ്പിച്ച് കേരള രാഷ്ട്രീയത്തില്‍ അത്ഭുതം കാട്ടിയ സിപിഎം നേതാവായിരുന്നു അയിഷാ പോറ്റി. എന്നാല്‍ കുറച്ചു കാലമായി സിപിഎമ്മുമായി അകല്‍ച്ചയിലാണ്. സംഘടനാ തലത്തില്‍ പോലും അയിഷാ പോറ്റിയെ തഴയുകയാണ് സിപിഎം എന്ന വാദം സജീവമാമ്. അതിനിടെയാണ് പുതിയ നീക്കം. അയിഷാ പോറ്റി കോണ്‍ഗ്രസിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ അവര്‍ പങ്കെടുക്കുന്നത്.

വ്യാഴാഴ്ച കലയപുരം ആശ്രയ സങ്കേതത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ അനുസ്മരണപ്രഭാഷണമാണ് നിര്‍വഹിക്കുക. ചാണ്ടി ഉമ്മന്‍ എംഎല്‍എയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. 'വിവിധ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയാണ്. എനിക്കിപ്പോള്‍ പാര്‍ട്ടിയുമായി ബന്ധമില്ല. ഇഷ്ടമുള്ള കാര്യം ചെയ്യാമല്ലോ'-എന്ന് അയിഷാ പോറ്റ് പ്രതികരിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ അയിഷാ പോറ്റി പാര്‍ട്ടി മാറാനുള്ള സാധ്യത ഏറെയാണ്. സംഘടനാ ചുമതലകളില്‍ നിന്നും അയിഷാ പോറ്റിയെ സിപിഎം അകറ്റുന്നതിന്റെ കാരണം ആര്‍ക്കും വ്യക്തവുമല്ല. പാര്‍ട്ടി വിരുദ്ധതയൊന്നും ഇതുവരെ അയിഷാ പോറ്റി പരസ്യമായി കാട്ടിയതുമില്ല. ഈ സാഹചര്യത്തില്‍ ചിലരുടെ വ്യക്തിപരമായ പ്രശ്‌നമാണ് അയിഷാ പോറ്റിയെ സിപിഎമ്മില്‍ നിന്നും അകറ്റി നിര്‍ത്തുന്നതെന്ന വാദവും സജീവമാണ്.

സിപിഎം നേതൃത്വവുമായുള്ള വിയോജിപ്പിനെ തുടര്‍ന്ന് കുറച്ചുകാലമായി പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് അയിഷാ പോറ്റി. സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നിട്ടും ജില്ലാസമ്മേളനത്തില്‍ അവര്‍ പങ്കെടുത്തിരുന്നില്ല. ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെട്ടു. നിലവില്‍ സിപിഎമ്മിന്റെ ഒരു ഘടകത്തിലുമില്ല. അഖിലേന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന ട്രഷററാണെങ്കിലും ചുമതലയില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

അയിഷാ പോറ്റിയെ പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയിരുന്നു. കോണ്‍ഗ്രസ് കൊട്ടാരക്കര നഗരസഭാ പ്രവര്‍ത്തക ക്യാമ്പില്‍ അവരെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ വാതിലുകള്‍ അയിഷാ പോറ്റിക്കായി തുറന്നിട്ടിരിക്കുകയാണെന്ന് പ്രമേയത്തില്‍ പറഞ്ഞിരുന്നു. കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുമെന്നും പ്രചാരണമുണ്ടായി. ഉമ്മന്‍ചാണ്ടി അനുസ്മരണമെന്ന കോണ്‍ഗ്രസ് പരിപാടിയില്‍ എത്തുന്നതോടെ അയിഷാ പോറ്റിയുടെ നിലപാട് പുറത്തേക്ക് വരുമെന്നാണ് പ്രതീക്ഷ.

കൊട്ടാരക്കര നിയമസഭാ മണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനിധാനംചെയ്ത ആര്‍. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയാണ് അയിഷാ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്. തുടര്‍ച്ചയായി മൂന്നുതവണ കൊട്ടാരക്കരയുടെ എംഎല്‍എയായി. ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് കഴിഞ്ഞതവണ ജയിച്ചത്.ആരോഗ്യ കാരണങ്ങളാലാണ് താന്‍ സിപിഎമ്മുമായി അകന്നു നില്‍ക്കുന്നതെന്നായിരുന്നു മുമ്പ് അയിഷാ പോറ്റ് പറഞ്ഞിരുന്നത്. കുറച്ച് കാലങ്ങളായി പാര്‍ട്ടി പരിപാടികളില്‍നിന്ന് ഇവര്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഒന്നും ചെയ്യാനാകാതെ പാര്‍ട്ടിയില്‍ നില്‍ക്കാനാകില്ല. ഓടി നടന്നു ചെയ്യാന്‍ കഴിയുന്നവര്‍ തുടരട്ടെ- ഇതായിരുന്നു അവരുടെ പ്രതികരണം.

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സി.പി.എം. കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് അയിഷാ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന അയിഷാ പോറ്റി ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലാണ്. തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി അവഗണന കാട്ടുന്നതായി പരാതി ഉയര്‍ന്നിരുന്നു. മൂന്നുതവണ എം.എല്‍.എ.യായ അയിഷാ പോറ്റിയെ സ്പീക്കര്‍, വനിതാ കമ്മിഷന്‍ അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നു. പദവികളിലേക്കു പരിഗണിക്കാതിരുന്നതു മാത്രമല്ല, മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു സിപിഎം.

സിപിഎം കമ്മിറ്റികളില്‍ നിന്ന് ഒഴിവായ കൊട്ടാരക്കര അയിഷ പോറ്റിക്കായി വാതിലുകള്‍ തുറന്നിട്ട് കോണ്‍ഗ്രസ് നടത്തിയ നീക്കം നേരത്തേയും ചര്‍ച്ചയായിരുന്നു. പാര്‍ട്ടിയിലെത്തിക്കാന്‍ നേതൃത്വം ശ്രമിക്കവേയാണ് കൊട്ടാരക്കര നഗരസഭ പ്രവര്‍ത്തക ക്യാമ്പില്‍ അയിഷ പോറ്റിയെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്. പാര്‍ട്ടിയുടെ വാതിലുകള്‍ അയിഷ പോറ്റിക്കായി തുറന്നിട്ടിരിക്കുകയാണെന്ന് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. സിപി ഐഎമ്മിനെയും മന്ത്രി കെ എന്‍ ബാലഗോപാലിനെയും വിമര്‍ശിച്ചുകൊണ്ടു കൂടിയായിരുന്നു ആ പ്രമേയം.

സിപിഎം ഏരിയ കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും അയിഷ പോറ്റിയുടെ ചിറകരിഞ്ഞത് മന്ത്രി ബാലഗോപാലിന്റെ അറിവോടെയാണ്. അയിഷ പോറ്റിയുടെ ജനകീയ മുഖത്തെ മന്ത്രി ഭയക്കുന്നു. സിപിഐഎം നിര്‍ബന്ധത്തിന് വഴങ്ങി. ശബരിമല ദൈവവിശ്വാസത്തെ തള്ളിപ്പറഞ്ഞതിലും ഈശ്വരനാമം ഒഴിവാക്കി സത്യപ്രതിജ്ഞയാക്കിയതിലും അയിഷാപോറ്റി പശ്ചാത്തിക്കുന്നുണ്ടാകാമെന്നും ആ പ്രമേയത്തില്‍ പറഞ്ഞിരുന്നു.

Tags:    

Similar News