കാണാതായത് ഒരു മലയാളിയെയാണ്; അതുകൊണ്ടാണു കേരളം മൊത്തം ഉണര്‍ന്നത്; അര്‍ജുന്‍ ജീവനോടെ തിരിച്ചുവരും എന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ആ ദിവസങ്ങള്‍; ഒടുവില്‍ കണ്ണീര്‍വിരാമം; പറഞ്ഞ വാക്ക് പാലിച്ച മനാഫിനും സതീഷ് കൃഷ്ണ സെയിലിനും നാടിന്റെ നന്ദി

ഒരു ജനതയുടെ കാത്തിരിപ്പിന് കണ്ണീര്‍വിരാമം

Update: 2024-09-25 15:36 GMT

കോഴിക്കോട്: ദുരന്തമുഖത്ത് ഇത്രയും അനിശ്ചിതത്വം നിറഞ്ഞ ഒരു തിരച്ചില്‍ അടുത്തകാലത്തെങ്ങും രാജ്യം കണ്ടിട്ടുണ്ടാവില്ല. പ്രകൃതിയുടെ കനത്ത പ്രതികൂലാവസ്ഥകളോട് പോരാടുക എന്നതു മാത്രമല്ല, ഇത്രയും ആഴത്തില്‍ പതിച്ചിരിക്കുന്ന മണ്ണ് നീക്കി അതിനടിയില്‍ എവിടെയോ ഉണ്ടാകാനിടയുള്ള ലക്ഷ്യസ്ഥാനത്തേയ്ക്ക് എത്തിച്ചേരുക എന്ന പ്രായോഗിക പ്രതിസന്ധികൂടിയാണ് ഷിരൂരില്‍ രക്ഷാസംഘത്തിന് മറികടക്കാനുണ്ടായിരുന്നത്. ഒടുവില്‍ ലോറിയും അര്‍ജുന്റെ ശരീരവും കണ്ടെത്തിയത് ഗംഗാവലി പുഴയുടെ 12 മീറ്റല്‍ ആഴത്തില്‍നിന്നായിരുന്നു. ഏറെക്കുറെ അസാധ്യമെന്നുതന്നെ കരുതിയിരുന്നിടത്തുനിന്ന് നിശ്ചയദാര്‍ഢ്യത്തിന്റെയും തളരാത്ത ശുഭാപ്തിവിശ്വാസത്തിന്റെയും പിന്‍ബലത്തിലാണ് അര്‍ജുനിലേക്ക് തിരച്ചില്‍ സംഘം എത്തിച്ചേര്‍ന്നത്.

രണ്ടുമാസത്തിലേറെ നീണ്ട ഏറ്റവും ശ്രമകരമായ തിരച്ചിലുകള്‍ക്കൊടുവിലാണ് കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്ന് കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്താനായത്. അത്യാധുനിക സംവിധാനങ്ങളുപയോഗിച്ചുള്ള പരിശോധന, ഡ്രോണ്‍ പരിശോധന, നേവിയും സ്‌കൂബാ ഡൈവേഴ്‌സും ഈശ്വര്‍ മാല്‍പെ അടക്കമുള്ള മുങ്ങള്‍ വിദഗ്ധരും കുത്തിയൊഴുകുന്ന ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചില്‍ എന്നിങ്ങനെ നിരവധി ഘട്ടങ്ങള്‍ക്കൊടുവിലാണ് അര്‍ജുന്റെ ലോറിയിലേക്ക് അന്വേഷണം എത്തിച്ചേര്‍ന്നത്.

മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായെന്ന വാര്‍ത്ത പുറത്തെത്തിയതോടെ തിരച്ചില്‍ ശക്തമാക്കാന്‍ കര്‍ണാടക സര്‍ക്കാരിനുമേല്‍ വലിയ സമ്മര്‍ദമാണുണ്ടായത്. ഒരു ലോറി ഡ്രൈവര്‍ക്കുവേണ്ടി മന്ത്രിമാരും മറ്റു ജനപ്രതിനിധികളും അടക്കമുള്ളവര്‍ കര്‍ണാടകത്തെ ബന്ധപ്പെടുന്നു, മാധ്യമങ്ങളുടെ ഒരു പടതന്നെ ദുരന്തസ്ഥലത്ത് ആഴ്ചകളോളം തമ്പടിച്ച് രാജ്യമെങ്ങും ശ്രദ്ധിക്കുംവിധത്തില്‍ വാര്‍ത്തനല്‍കുന്നു... ഇതിനേക്കുറിച്ച് അത്ഭുതപ്പെട്ട കര്‍ണാടകയിലെ ഉദ്യോഗസ്ഥരോട്, 'ഒരു മലയാളിയെയാണ് കാണാതായത്. അതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്..' എന്നായിരുന്നു ലോറി ഉടമ മനാഫ് കൊടുത്ത മറുപടി. അതെ, ലോകമെമ്പാടുമുള്ള മലയാളികളുടെ വേദനയും പ്രാര്‍ഥനയുമായിരുന്നു അര്‍ജുന്‍.

ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയില്‍നിന്ന് മരത്തടികളുമായി വരുമ്പോഴാണ് അര്‍ജുന്‍ ഷിരൂരിലെ മണ്ണിടിഞ്ഞുള്ള അപകടത്തില്‍പ്പെടുന്നത്. അപകടത്തിന്റെ തലേദിവസമാണ് അര്‍ജുന്‍ കുടുംബത്തെ അവസാനമായി വിളിക്കുന്നത്. പിന്നീട് വിവരം ലഭിക്കാത്തതോടെ അര്‍ജുന്‍ ഓടിച്ച ലോറിയുടെ അവസാന ലൊക്കേഷന്‍ ഷിരൂരിലാണെന്ന് മനസിലായി. തുടര്‍ന്ന് കുടുംബം ഇവിടേക്ക് തിരിച്ചു. ഷിരൂര്‍ സന്ദര്‍ശിച്ച കുടുംബത്തിന് അവിടെ നടക്കുന്ന തിരച്ചിലില്‍ അതൃപ്തിയുണ്ടായിരുന്നു.

ഇക്കാര്യം കുടുംബം കോഴിക്കോട് എം.പി. എം.കെ. രാഘവനെ അറിയിച്ചു. ഇതേസമയത്താണ് മാധ്യമങ്ങളുടെ ശ്രദ്ധയിലും വിഷയം എത്തുന്നത്. അന്ന് മുതല്‍ മലയാള മാധ്യമസമൂഹം അര്‍ജുന് വേണ്ടി നിലകൊണ്ടു. ഷിരൂരിലെ രക്ഷാദൗത്യത്തില്‍ ആദ്യഘട്ടത്തില്‍ വലിയ ആശങ്കളുണ്ടായിരുന്നു. മണ്ണിനടിയില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താനുള്ള 'ഗോള്‍ഡന്‍ അവര്‍' നഷ്ടപ്പെടുത്തിയെന്ന വിമര്‍ശനമുയര്‍ന്നു.

ഇതോടെയാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പൂര്‍ണ്ണമായ ശ്രദ്ധ ഇവിടേക്ക് പതിയുന്നത്. എം.കെ. രാഘവന്‍ എം.പി കേരള സര്‍ക്കാരുമായും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായുള്‍പ്പെടെയുവരുമായും ആശയവിനിമയം നടത്തി. റവന്യൂമന്ത്രി കൃഷ്ണബൈര ഗൗഡയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യും ഉള്‍പ്പെടെ സ്ഥലത്തെത്തി. കേരളത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റേയും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റേയും ഭരണതലത്തിലും രാഷ്ട്രീയതലത്തിലും ഇടപെടലുണ്ടായി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഇടപെട്ടു. വിഷയം പുറത്തറിഞ്ഞ് മൂന്നാംദിവസം തന്നെ പാര്‍ലമെന്റ് സമ്മേളനം ഒഴിവാക്കി എം.കെ. രാഘവന്‍ ഷിരൂരിലെത്തി.

അപടകവിവരം പുറത്തറിഞ്ഞതു മുതല്‍ കുടുംബത്തെ പ്രതിനിധീകരിച്ച് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ സ്ഥലത്തുണ്ടായിരുന്നു. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫും തിരച്ചിലിന്റെ ഓരോ ഘട്ടത്തിലും പ്രതീക്ഷയോടെ, അര്‍ജുനെ തിരിച്ചുകൊണ്ടുവരുമെന്ന കുടുംബത്തിന് നല്‍കിയ വാക്കുമായി ഷിരൂരില്‍ നിലയുറപ്പിച്ചു.

കേരളത്തിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദമേറിയതോടെ തിരച്ചിലിന് മുഴുവന്‍ സമയം നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കാര്‍വര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ സെയിലിനെ ചുമതലപ്പെടുത്തി. തുടക്കം മുതല്‍ അര്‍ജുന്റെ ലോറി കണ്ടെത്തുന്നതുവരെ അദ്ദേഹം തിരച്ചിലിന് നേതൃത്വം നല്‍കി. കര്‍ണാടക സര്‍ക്കാര്‍ രാഷ്ട്രീയ പരീക്ഷണങ്ങള്‍ നേരിട്ടപ്പോഴും അദ്ദേഹം സഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ ഷിരൂരിലായിരുന്നു. അര്‍ജുനെവിടെ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുമ്പോള്‍, സാമൂഹികമാധ്യമങ്ങളില്‍ അദ്ദേഹത്തിന് ലഭിക്കുന്ന 'കേരളത്തിന്റെ 141-ാം എം.എല്‍.എ.' എന്ന വിശേഷണം മലയാളികളുടെ നന്ദിപ്രകടനമാകുന്നു.

തിരച്ചിലിന്റെ ആദ്യഘട്ടത്തില്‍ ഓരോ ദിവസവും അര്‍ജുന്‍ ജീവനോടെ തിരിച്ചുവരും എന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു ഓരോ മലയാളിയും. ഒരുവേളയില്‍ കേരളകര്‍ണാടക ബന്ധം പോലും വഷളാകുമോ എന്ന രീതിയില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ സൈബര്‍ ആക്രമണം പോലുമുണ്ടായി. തിരച്ചിലിന് വേഗം പോരെന്ന് ചിന്തിച്ച് അവനെ ജീവനോടെ കണ്ടെത്തിയേ പറ്റൂ എന്ന വാശിയില്‍ അര്‍ജുനെ തിരയാന്‍ കേരളത്തില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരടക്കം ഷിരൂരിലേക്ക് തിരിച്ചു. മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്റഫിന്റേതാണ് മറ്റൊരു സജീവ സാന്നിധ്യം. ഉത്തരകന്നഡ ഡെപ്യൂട്ടി കമ്മിഷണര്‍ ലക്ഷ്മി പ്രിയയും ഭരണതലത്തില്‍ ദൗത്യത്തിന് നേതൃത്വം നല്‍കി.

തിരച്ചിലിന് തുടക്കം മുതല്‍ പ്രതിസന്ധി സൃഷ്ടിച്ചത് കാലാവസ്ഥയായിരുന്നു. വീണ്ടും മണ്ണിടിഞ്ഞ് അപകടം ഉണ്ടായേക്കാവുന്ന സാധ്യതയും മുന്നിലുണ്ടായിരുന്നു. മലയോളം പൊക്കത്തില്‍ കിടക്കുന്ന ഇടിഞ്ഞുവീണ മണ്‍കൂമ്പാരത്തെ നോക്കി ഇതിനടിയിലെവിടെയോ ആണ് അര്‍ജുന്‍ എന്ന നിഗമനത്തില്‍ തുടക്കത്തില്‍ കര കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍. മണ്ണുമാറ്റുന്ന ഓരോ ദിവസവും മുഴുവന്‍ കേരളവും പ്രതീക്ഷയോടെ ഉറ്റുനോക്കി. റഡാര്‍ ലഭിച്ചുള്ള പരിശോധനയില്‍ സിഗ്‌നലുകള്‍ ലഭിച്ചതോടെ പ്രതീക്ഷ ഇരട്ടിച്ചു.

എന്നാല്‍ പതിമൂന്നാം ദിവസം മണ്ണുമുഴുവന്‍ മാറ്റിക്കഴിഞ്ഞിട്ടും അര്‍ജുനെ കണ്ടെത്താനാകാതെ വന്നതോടെയാണ് അന്വേഷണം ഗംഗാവലിപ്പുഴയിലേക്ക് കേന്ദ്രീകരിക്കുന്നത്. അപ്പോഴും കുലംകുത്തിയൊഴുകുന്ന ഗംഗാവലിയില്‍ തിരച്ചില്‍ സാധ്യമായിരുന്നില്ല. ജൂലൈ 22 മുതലാണ് ഗംഗാവലി പുഴ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുന്നത്.

ദൗത്യം വൈകുന്നതില്‍ മലയാളികളുടെ രോഷത്തിന്റെ ചൂടറിഞ്ഞത് കാര്‍വാര്‍ എസ്.പി. പി. നാരായണയാണ്. ദൗത്യം വൈകുമ്പോഴും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച സെല്‍ഫി വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ദൗത്യം വൈകുന്തോറും കേരളജനതയുടെ ആത്മരോഷം പലതരത്തില്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. തെരുവില്‍ പോലും പ്രതിഷേധമുണ്ടായി. അനുമതി ലഭിക്കുകയാണെങ്കില്‍ തങ്ങളും തിരച്ചിലിനെത്താമെന്ന് പലകോണുകളില്‍നിന്നും ശബ്ദമുയര്‍ന്നു. കോഴിക്കോട്ടുനിന്ന് ആദ്യഘട്ടത്തില്‍ 18 പേരടങ്ങുന്ന സന്നദ്ധസംഘം ഷിരൂരിലേക്ക് തിരിച്ചു. കൂരാച്ചുണ്ട് റെസ്‌ക്യൂ ടീമും സ്ഥലത്തെത്തി. രഞ്ജിത്ത് ഇസ്രയേലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് തിരച്ചിലിന് അനുമതി നല്‍കാതിരുന്നത് വലിയ പ്രതിഷേധത്തിനിടയാക്കി. നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയെങ്കിലും പിന്നീട് ദൗത്യമുപേക്ഷിച്ച് പോരേണ്ടിവന്നു. അതിനിടെ തിരച്ചില്‍ വഴിതെറ്റിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും അദ്ദേഹം നേരിട്ടു.

അര്‍ജുനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് റിട്ടയേഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഇടപെടലാണ്. അദ്ദേഹത്തിന്റെ സംഘം നടത്തിയ ഡ്രോണ്‍ പരിശോധനയിലാണ് ലോറി കണ്ടെത്താന്‍ സാധ്യതയുള്ള നാല് കോണ്‍ടാക്ട് പോയിന്റുകള്‍ രേഖപ്പെടുത്തിയത്. ഇതില്‍ സി.പി- 2 എന്ന് രേഖപ്പെടുത്തിയ സ്ഥലത്തുനിന്നാണ് ഇപ്പോള്‍ അര്‍ജുന്റെ ലോറി ലഭിച്ചത്.

ഐബോഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോഹസാന്നിധ്യം കണ്ടെത്തി. പക്ഷെ ഗംഗാവലി കലിതുള്ളി നില്‍ക്കുന്നതിനാല്‍ ഡൈവര്‍മാര്‍ക്ക് അടിത്തട്ടിലേക്കിറങ്ങി പരിശോധന നടത്താന്‍ സാധിച്ചില്ല. നാവികസേനയുള്‍പ്പെടെയുള്ളവര്‍ പരാജയപ്പെടുത്തിയതോടെയാണ് മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയുടെ സംഘം ഷിരൂരില്‍ എത്തുന്നത്. വടം കെട്ടി ഗംഗാവലിയിലേക്കിറങ്ങിയ മല്‍പെയുടെ വടം പൊട്ടി, അടിയൊഴുക്കില്‍ പെട്ട അദ്ദേഹത്തെ പിന്നീട് നാവികസേനയുള്‍പ്പെടെ ചേര്‍ന്നാണ് പുഴയില്‍ നിന്ന് വലിച്ചു കയറ്റുന്നത്.

കലിതുള്ളിയൊഴുകുന്ന ഗംഗാവലിയുടെ രൗദ്രതയില്‍ തിരച്ചില്‍ നീണ്ടുപോയി. പുഴയിലിറങ്ങിയുള്ള ശ്രമങ്ങള്‍ ഫലവത്തായില്ല. ദൗത്യംതന്നെ ഉപേക്ഷിച്ചേക്കുമെന്ന ഘട്ടത്തിലാണ് കോഴിക്കോട്ടുനിന്നുള്ള മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും ഷിരൂരില്‍ എത്തുന്നത്. കര്‍ണാടക സര്‍ക്കാരുമായി നിരന്തരം ആശയവിനിമയം നടത്തി, അര്‍ജുനെ കണ്ടെത്തുന്നതുവരെ ദൗത്യം തുടരാനുള്ള സമ്മര്‍ദം ചെലുത്തി. ഇതിന്റെ ഫലം കൂടിയാണ് ഇത്രവൈകിയാണെങ്കിലും ദൗത്യം പൂര്‍ണമാവുന്നത്. ഇതിനിടെ ദൗത്യം അവസാനിപ്പിക്കരുതെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തുനല്‍കി. എം.എല്‍.എമാരായ എം. വിജിന്‍, ലിന്റോ ജോസഫ്, കെ.എം. സച്ചിന്‍ദേവ് എന്നിവരും മന്ത്രിമാര്‍ക്കൊപ്പം ഷിരൂരിലുണ്ടായിരുന്നു.

ഗംഗാവലിയിലെ ഒഴുക്കില്‍ നാവികസേന മുങ്ങിപ്പരിശോധന അസാധ്യമെന്ന് പറഞ്ഞ ഘട്ടത്തിലാണ് പ്രാദേശിക മുങ്ങല്‍ വിദഗ്ധരുടെ സഹായംതേടാന്‍ കേരളം തന്നെ നിര്‍ദേശം മുന്നോട്ടുവെക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈശ്വര്‍ മാല്‍പെയുടെ സഹായം തേടുന്നത്. മലവെള്ളപ്പാച്ചിലിലും അദ്ദേഹം പലതവണ ഗംഗാവലിയില്‍ ഇറങ്ങി. ഡ്രഡ്ജര്‍ എത്തിച്ചുള്ള പരിശോധനയ്ക്കുമുമ്പ് കര്‍ണാടക സര്‍ക്കാര്‍ താത്കാലികമായി തിരച്ചില്‍ അവസാനിപ്പിക്കുന്നതുവരെ ഈശ്വര്‍ മാല്‍പെ പരമാവധി ശ്രമങ്ങള്‍ നടത്തി. ഡ്രഡ്ജര്‍ എത്തിച്ച ശേഷം തുടങ്ങിയ തിരച്ചിലിലും പലപ്രധാന വാഹനഭാഗങ്ങളും കണ്ടെത്തിയത് ഈശ്വര്‍ മാല്‍പെയായിരുന്നു. ഒടുവില്‍ അധികൃതരുടെ നിയന്ത്രണങ്ങളെത്തുടര്‍ന്ന് അദ്ദേഹം ദൗത്യം മതിയാക്കി തിരിച്ചുപോയി.

ഓഗസ്റ്റ് 13നാണ് രണ്ടാംഘട്ട തിരച്ചില്‍ ആരംഭിക്കുന്നത്. സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് നാവികസേനയും മല്‍പെയും സംയുക്തമായി പരിശോധിച്ചെങ്കിലും അതും പരാജയമായിരുന്നു. തുടര്‍ന്നാണ് ഡ്രജര്‍ എത്തിച്ച് മണ്ണുനീക്കം ചെയ്ത് തിരച്ചില്‍ എന്ന തീരുമാനത്തിലേക്ക് നീങ്ങുന്നത്. ഇതിനുള്ള സാധ്യത പരിശോധിക്കുന്നതിനായി തൃശൂര്‍ കാര്‍ഷിക സര്‍വകലാശാല പ്രതിനിധികള്‍ സ്ഥലത്തെത്തി. അതിനിടയില്‍ അര്‍ജുന്റെ കുടുംബത്തെ കാണാന്‍ മല്‍പെയും സംഘവും അര്‍ജുന്റെ വസതിയിലെത്തിയിരുന്നു.

ഗോവയില്‍നിന്ന് ഡ്രജര്‍ എത്തിക്കും, തിരച്ചില്‍ തുടരുമെന്ന് അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുനല്‍കി. സെപ്റ്റംബര്‍ 18നാണ് ടഗ് ബോട്ടുകളുടെ സഹായത്തോടെ ഡ്രജര്‍ കാര്‍വാറിലെത്തുന്നത്, 20ന് തന്നെ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഗംഗാവലിപ്പുഴയില്‍ നിന്ന് സ്റ്റിയറിങ്, ക്ലച്ച്, ടയറിന്റെ ഭാഗങ്ങള്‍ എന്നിവ കണ്ടെത്തിയതോടെ അത് അര്‍ജുന്റെ ലോറിയുടേതാണെന്ന പ്രതീക്ഷ ഉയര്‍ന്നെങ്കിലും അത് അല്ലെന്ന് സ്ഥിരീകരിച്ചു.

23ന് മലയാളിയായ റിട്ട.മേജര്‍ ജനറല്‍ എം.ഇന്ദ്രബാലനും സാങ്കേതികപരിശീലനം നേടിയ ടീം അംഗങ്ങളും എത്തി. സോണാര്‍ സിഗ്‌നലുകളില്‍ നിന്നു ലഭിച്ച വിവരങ്ങളും ഡൈവര്‍മാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളും ചേര്‍ത്ത് കൃത്യമായ രേഖാചിത്രം നാവിക സേന തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് എഴുപതിലേറെ ദിവസങ്ങള്‍ക്കപ്പുറം അര്‍ജുന്റെ ലോറിയും അര്‍ജുന്റേതെന്ന് കരുതുന്ന മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്.

Tags:    

Similar News