10 ലക്ഷത്തോളം സ്ത്രീകളുടെ ബലാത്സംഗത്തിന് കാരണക്കാരായ ജമാഅത്തെ ഇസ്ലാമി തിരിച്ചുവരുന്നു; വടക്കുകിഴക്കന്‍ ഇന്ത്യയെ തങ്ങളുടേതായി ഉള്‍പ്പെടുത്തി ഭൂപടം; സാക്കിര്‍ നായിക്കിന് ചുവപ്പു പരവതാനി; ന്യൂനപക്ഷങ്ങള്‍ വീണ്ടും ഭീതിയില്‍; ബംഗ്ലാദേശ് പൂര്‍ണ്ണമായി ഇസ്ലാമികവത്ക്കരിക്കപ്പെടുന്നോ?

ബംഗ്ലാദേശ് പൂര്‍ണ്ണമായി ഇസ്ലാമികവത്ക്കരിക്കപ്പെടുന്നോ?

Update: 2025-10-27 16:29 GMT

ധാക്ക: ബംഗ്ലാദേശില്‍ യുവജന പ്രക്ഷോഭത്തിന്റെ ഭാഗമായി, ഷെയ്ഖ ഹസീന പുറത്താവുകയും, നൊബേല്‍ സമ്മാന ജേതാവായ ഡോ മുഹമ്മദ് യൂനുസിന്റെ നേതൃതത്തില്‍, ഇടക്കാല സര്‍ക്കാര്‍ വരികയും ചെയ്തപ്പോള്‍, നിഷ്പക്ഷമതികളായ ആളുകള്‍ക്കെല്ലാം പ്രതീക്ഷയായിരുന്നു. എന്നാല്‍ യൂനുസ് തീര്‍ത്തും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതമൗലികവാദികളുടെ ചാര്‍ച്ചക്കാരനാവുകയും, ബംഗ്ലാദേശ് സമ്പുര്‍ണ്ണ ഇസ്ലാമികവത്ക്കരണത്തിലേക്ക് നീങ്ങുകയുമാണ് ചെയ്യുന്നത്.

ഇന്ത്യ രക്തം ചീന്തി ഉണ്ടാക്കിയ രാജ്യമാണ് ബംഗ്ലാദേശ്. 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും, ഇന്ത്യന്‍ സൈന്യവും വഹിച്ച പങ്ക് എല്ലാവര്‍ക്കും അറിയാം. പക്ഷേ ഷേക്ക് ഹസീന ഭരണകൂടം വീണതോടെ പാക്കിസ്ഥാന്റെ ബി ടീമായി മാറിയിരിക്കയാണ് ബംഗ്ലാദേശ് എന്നാണ്, റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഫ്ഗാന്‍ ഭരണകൂടം പാക്കിസ്ഥാനോട് അകലുകയും, ഇന്ത്യയോട് അടുക്കുമ്പോള്‍, ബംഗ്ലാദേശ് ഭരണകൂടം പാക്കിസ്ഥാനൊപ്പമാവുകയാണ്.



ഭൂപടംപോലും തിരുത്തുന്നു

ഇന്ത്യാ- ബംഗ്ലാദേശ് ഭൂപടം പോലും ബംഗ്ലാദേശ് ഏകപക്ഷീയമായി തിരുത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം, പാക്കിസ്ഥാന്‍ ജനറല്‍ ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയ്ക്ക്, ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാറിന്റെ തലവന്‍ ഡോ മുഹമ്മദ് യൂനുസ് സമ്മാനിച്ചത്, അസമും, മറ്റുവടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളും ബംഗ്ലാദേശിന്റെ ഭാഗമായി ചിത്രീകരിച്ചിരിക്കുന്ന മാപ്പ് ആണ്. പാകിസ്ഥാന്‍ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയ്ക്കാണ് മുഹമ്മദ് യൂനുസ് 'ആര്‍ട്ട് ഓഫ് ട്രയംഫ്' എന്ന പുസ്തകം കൈമാറിയത്. ഈ പുസ്തകത്തിന്റെ കവറിലാണ് വിവാദ ഭൂപടമുള്ളത്. ഇതൊരു സാധാരണ നയതന്ത്ര സമ്മാനമായി കാണാനാകില്ലെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഭൂപടം ഉള്‍ക്കൊള്ളുന്ന ഈ സമ്മാനം, ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരും പാക് സൈനിക നേതൃത്വവും തമ്മിലുള്ള ഒരു രഹസ്യധാരണയിലേക്ക് വിരല്‍ ചൂണ്ടുന്നതായും, പാകിസ്ഥാന്റെ ദീര്‍ഘകാലമായുള്ള ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ക്ക് ബംഗ്ലാദേശ് പിന്തുണ നല്‍കുന്നുവെന്ന് വ്യക്തമാണ്.

പാക് ജനറലുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ യുനുസ് തന്നെയാണ് ട്വീറ്റ് ചെയ്തത്. തീവ്ര ഇസ്ലാമിക ഗ്രൂപ്പുകള്‍ ഗ്രേറ്റര്‍ ബംഗ്ലാദേശ് എന്ന് വിശേഷിപ്പിക്കുന്ന സ്ഥലങ്ങളെ കൂട്ടിച്ചേര്‍ത്താണ് യുനുസിന്റെ വിവാദഭൂപടം. അതിനിടെ ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ പിന്തുണയുള്ള ഇസ്ലാമിക എന്‍ജിഒകള്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ പ്രവര്‍ത്തനം വ്യാപിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഭീകര സംഘടനകളുടെ സഹോദര സ്ഥാപനമാണ് ഇത്തരം എന്‍ജിഒകള്‍. ത്രിപുര, മിസോറാം അതിര്‍ത്തി വഴിയുള്ള അനധികൃത നുഴഞ്ഞുകയറ്റമാണ് ഇവര്‍ ലക്ഷ്യമിടുന്നത് എന്ന റിപ്പോര്‍ട്ടുകളുണ്ട്.




 സാക്കിര്‍ നായിക്ക് എത്തുന്നു

വിദ്വേഷ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനും ചുവപ്പ് പരവതാനി വിരിച്ചിരിക്കയാണ് ബംഗ്ലാദേശ്. സാക്കിര്‍ നായിക്ക് അടുത്തമാസം ധാക്കയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 20 വരെയാണ് സന്ദര്‍ശനം. സാക്കിര്‍ നായിക്കിന് ബംഗ്ലാദേശില്‍ പ്രവേശ വിലക്കുണ്ട്. ഇത് നീക്കിയാണ് ഭീകര പ്രഭാഷകനെ യൂനുസ് വരവേല്‍ക്കുന്നത്.

ഒന്‍പത് വര്‍ഷം മുന്‍പ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാണ് നായിക്കിന് യാത്രവിലക്കേര്‍പ്പെടുത്തിയത്. 2016 ജൂലൈയില്‍ ധാക്കയില്‍ നടന്ന ഭീകരാക്രമണത്തിന് സാക്കിര്‍ നായിക്കിന്റെ വിദ്വേഷ പ്രസംഗങ്ങള്‍ കാരണമായെന്ന് കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തില്‍ 20-ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. നായിക്കിന്റെ പ്രസംഗങ്ങളില്‍ നിന്ന് പ്രചോദനം കൊണ്ടാണ് സ്‌ഫോടനം നടത്തിയത് എന്നാണ് ഭീകരന്റെ വെളിപ്പെടുത്തല്‍. ധാക്ക ഭീകരാക്രണത്തിന് പിന്നാലെയാണ് നായിക്ക് ഇന്ത്യ വിട്ടത്. യുഎപിഎ പ്രതിയായ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഇന്ത്യയിലും നിലവിലുണ്ട്.



 മാസങ്ങള്‍ക്ക് മുന്‍പ് പാക്കിസ്ഥാനും നായിക്കിന് റെഡ് കാര്‍പ്പറ്റ് സ്വീകരണം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശിന്റെയും നീക്കം. പാക് സന്ദര്‍ശനവേളയില്‍ നായിക്ക് ലഷ്‌കര്‍-ഇ-തൊയ്ബയിലെ കമാന്‍ഡര്‍മാരായ മുസമ്മില്‍ ഇഖ്ബാല്‍ ഹാഷ്മി, മുഹമ്മദ് ഹാരിസ് ധര്‍, ഫൈസല്‍ നദീം എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.20 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള പീസ് ടിവി ചാനലിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും നിരന്തരം ഇതരമത വിദ്വേഷം ഇയാള്‍ അഴിച്ചുവിടാറുണ്ട്. ഇയാളുടെ ചാനലിനും സോഷ്യല്‍ മീഡിയയും ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതെല്ലാം പരസ്യമായിരിക്കേ സാക്കിര്‍ നായിക്കിനെ, സ്വീകരിച്ച് ആനയിക്കുന്നതിനുപിന്നില്‍ കൃത്യമായ ഇന്ത്യാവിരുദ്ധ അജണ്ട തന്നെയാണ്.

ന്യൂനപക്ഷങ്ങള്‍ക്ക് വീണ്ടും ഭീതി

1971-ലെ ബംഗ്ലാവിമോചന കാലത്ത് ബംഗ്ലാദേശില്‍ കലാപമുണ്ടാക്കിയ ജമാഅത്തെ ഇസ്ലാമിയാണ് ഇപ്പോഴും യൂനുസിന്റെ പിറകില്‍നിന്ന് കളിക്കുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മൗലാന അബ്ദുള്‍ കലാം മുഹമ്മദ് യൂസുഫ് ആണ് 1971-ല്‍ രൂപീകരിച്ച റസാക്കര്‍ സേനയാണ് ബംഗ്ലാദേശില്‍ വലിയ കലാപങ്ങള്‍ അഴിച്ചുവിട്ടത്. ബിഹാറില്‍ നിന്നുള്ളവരും സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായവരെയാണ് ഈ സേനയിലേക്ക് ജമാ അത്തെ ഇസ്ലാമി കൂടുതലായി എടുത്തത്. പണം ലഭിച്ചുതുടങ്ങിയപ്പോള്‍, ഇവര്‍ ജമാ അത്തെ ഇസ്ലാമിക്കും പാക് സൈന്യത്തിനും വേണ്ടി വംശഹത്യക്ക് ഇറങ്ങിപ്പുറപ്പെട്ടു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മുക്തി ജോഡോ സംഘത്തില്‍പ്പെട്ടവരെ തിരഞ്ഞുപിടിച്ച് വകവരുത്താന്‍ ഇവര്‍ പാക് സൈന്യത്തെ സഹായിച്ചു. അതിന്റെ ഫലമായി പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്.

പാക് സൈന്യവുമായി സഹകരിച്ച, സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബംഗാളികളെ ഒറ്റിക്കൊടുത്ത റസാക്കാര്‍മാര്‍ അവരോട് ചെയ്തത് കണ്ണില്ലാത്ത ക്രൂരകളായിരുന്നു. സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് ഇരകളാക്കി. എതിര്‍ത്തവരയെല്ലാം കൊന്നുതള്ളി. ഇതോടെ, റസാക്കര്‍മാര്‍ ബംഗ്ലാദേശികളുടെ പേടിസ്വപ്നായി മാറി. ബംഗ്ലാദേശിലെ പാകിസ്ഥാന്‍ അധിനിവേശത്തിനും ചൂഷണത്തിനും എതിരെ ശബ്ദമുയര്‍ത്തിയ സാധാരണക്കാരെയും വിദ്യാര്‍ഥികളേയും ബുദ്ധിജീവികളെയും മതന്യൂനപക്ഷങ്ങളെയും അവര്‍ ലക്ഷ്യമിട്ടു. കുട്ടികളെയുള്‍പ്പെടെ കണക്കില്ലാത്ത നിരവധിപേരെ നിഷ്‌ക്കരുണം കൊന്നുകളഞ്ഞു. ആളുകളുടെ വാസസ്ഥലങ്ങള്‍ക്ക് തീയിട്ടു.

ഏകദേശം 50,000 റസാക്കര്‍മാര്‍ പാകിസ്ഥാന്‍ സൈന്യത്തെ റെയ്ഡുകള്‍ നടത്തുന്നതിനും പ്രാദേശിക ജനങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നതിനും സഹായിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇവരുരുടെ സഹായത്തോടെ പാകിസ്ഥാന്‍ സൈന്യം ലിബറേഷന്‍ അനുകൂല ബംഗ്ലാദേശികള്‍ക്കെതിരെ നടത്തിയ ക്രൂരമായ നടപടിയില്‍ 30 ലക്ഷം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായണ് കണക്ക്. ഇവരുടെ നരനായാട്ടില്‍ 10ലക്ഷംമുതല്‍ 40ലക്ഷം വരെ സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നും പറയപ്പെടുന്നു. ഈ റേപ്പിന്റെ ഫലമായി 25,000 മുതല്‍ 2ലക്ഷംവരെ ഗര്‍ഭധാരണമുണ്ടായി. റസാക്കര്‍മാരുടെ ബീജത്തില്‍നിന്ന് ഉണ്ടായ അനാഥരായ പതിനായിരിക്കണക്കിന് പേര്‍ ഇന്നും ആ നാട്ടില്‍ ജീവിച്ചിരിപ്പുണ്ട്!

എന്നിട്ടും പതിറ്റാണ്ടുകളായി ഈ ക്രൂരതക്ക് റസാക്കര്‍മാക്ക് ശിക്ഷ കിട്ടിയിരുന്നില്ല. മുജീബുര്‍ റ്ഹ്‌മാനെ, 1975 ഓഗസ്റ്റ് 15ന് പാക്കിസ്ഥാന്റെ പിന്തുണയോടെ വധിച്ചതും, പട്ടാളം ബംഗ്ലാദേശിന്റെ ഭരണം പിടിച്ചതുമെല്ലാം പില്‍ക്കാലത്തെ ചരിത്രം. ആ ഘട്ടത്തിലൊക്കെ രക്ഷപ്പെട്ടു നില്‍ക്കയായിരുന്നു ഈ കൂട്ടക്കൊലയാളികള്‍. എന്നാല്‍ മുജൂബുര്‍ റഹ്‌മാന്റെ മകള്‍ ഷെയ്ഖ് ഹസീനക്ക് അവരോട് ക്ഷമിക്കാനായില്ല. 2009-ല്‍ ഹസീനക്ക് അധികാരം ലഭിച്ചതിന് ശേഷം, ഈ ജമാ അത്തെ ഇസ്ലാമി സേനാംഗങ്ങളെ കൂട്ടത്തോടെ വിചാരണയ്ക്ക് വിധേയമാക്കുകയും വധശിക്ഷ നടപ്പാക്കുകയും ചെയ്തു. ഹസീന ജമാഅത്തെ ഇസ്ലാമി അടക്കമുള്ള തീവ്ര മതമൗലകവാദികളോട് ഒരു വിട്ടുവീഴ്ചയും കാണിച്ചിരുന്നില്ല.

അതുകൊണ്ടുതന്നെയാണ് അവര്‍ ഷേക്ക് ഹസീനയെ താഴെയിട്ടത്. അതോടെ അവശേഷിക്കുന്ന ന്യൂനപക്ഷങ്ങളായ, ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കുമെതിരെ രൂക്ഷമായ അതിക്രമണങ്ങളാണ് ഉണ്ടായത്. ഇപ്പോള്‍ ബംഗ്ലാദേശ് പൂര്‍ണ്ണമായും പാക് പക്ഷത്തേക്ക് പോവുമ്പോള്‍ മതന്യൂനപക്ഷങ്ങള്‍ ഭീതിയിലാണ്. പ്രശസ്ത ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ ഈയിടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Similar News