'പ്രിയ മോദി ജീ, എട്ട് മാസമായി നിങ്ങളുടെ ഭക്ഷണത്തില്‍ വീണ്ടും വീണ്ടും പാറ്റയെയും ചെറുജീവികളേയും വിളമ്പുന്നത് സങ്കല്‍പ്പിച്ച് നോക്കൂ...; കേവലം 50,000 രൂപ പിഴ ഈടാക്കിയാല്‍ മതിയോ?' വന്ദേഭാരതിലെ ദുരനുഭവം വിവരിച്ച് തമിഴ്‌നാട് കോണ്‍ഗ്രസ് എം.പി.

വന്ദേഭാരതിലെ ദുരനുഭവം വിവരിച്ച് തമിഴ്‌നാട് കോണ്‍ഗ്രസ് എം.പി

Update: 2024-11-17 13:24 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെയില്‍ വിപ്ലവം സൃഷ്ടിച്ച ട്രെയിനുകളില്‍ ഒന്നാണ് അതിവേഗ-ആഡംബര ട്രെയിനായ വന്ദേഭാരത്. വിമാനയാത്രയോടൊപ്പം കിടപിടിക്കുന്ന ലെവലിലേക്ക് എത്തിക്കാന്‍ വന്ദേഭാരതിന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. ഇന്ന് തിരക്കുളള മിക്ക റൂട്ടുകളിലും വന്ദേഭാരത് സര്‍വീസ് നടത്തുന്നുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളില്‍ മുന്‍നിരയിലാണ് വന്ദേഭാരത്. എന്നാല്‍

പ്രീമിയം സര്‍വീസായ വന്ദേഭാരതില്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്ന ഭക്ഷണവും അതേ നിലവാരത്തില്‍ തന്നെയാണോ എന്ന ചോദ്യമാണ് യാത്രക്കാര്‍ പലപ്പോഴും ഉയര്‍ത്തുന്നത്.

വന്ദേഭാരതില്‍ ലഭിക്കുന്ന ഭക്ഷണത്തെ കുറിച്ച് നിരവധി പരാതികളാണ് കഴിഞ്ഞ കുറേ നാളുകളായി ഉയര്‍ന്നുവരുന്നത്. അതില്‍ തന്നെ, ഭക്ഷണത്തില്‍ നിന്ന് പാറ്റ ഉള്‍പ്പെടെയുള്ള ചെറുജീവികളെ ലഭിച്ച സംഭവങ്ങളും പലതവണ വാര്‍ത്തയായി. അടുത്തിടെ തിരുനല്‍വേലി-ചെന്നൈ എഗ്മോര്‍ വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാരനാണ് ജീവനുള്ള പാറ്റയുള്ള ഭക്ഷണം ലഭിച്ചത്. സംഭവത്തില്‍ കരാറുകാരനില്‍ നിന്ന് 50,000 രൂപ പിഴ ഈടാക്കിയതായി ദക്ഷിണറെയില്‍വേ അറിയിച്ചു.

ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ വിരുതുനഗര്‍ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി. മാണിക്കം ടാഗോര്‍. വന്ദേഭാരതില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തുന്നത് എട്ട് മാസമായി ആവര്‍ത്തിക്കപ്പെടുന്ന സംഭവമാണെന്നും കരാറുകാരനില്‍ നിന്നും കേവലം പിഴയീടാക്കുന്നതിന് പകരം കര്‍ശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹികമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'പ്രിയ മോദി ജീ, എട്ട് മാസമായി നിങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തില്‍ പാറ്റയെയും ചെറുജീവികളേയും ആവര്‍ത്തിച്ച് വിളമ്പുന്നതായി സങ്കല്‍പ്പിച്ച് നോക്കൂ. ഉത്തരവാദിത്തം ഉറപ്പാക്കാന്‍ കേവലം 50,000 രൂപ പിഴ ഈടാക്കിയാല്‍ മതിയോ? യാത്രക്കാരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതിന് കര്‍ശനമായ നടപടിയും പരിഷ്‌കാരവും നടപ്പാക്കേണ്ട സമയം അതിക്രമിച്ചു.' -മാണിക്കം ടാഗോര്‍ എക്സില്‍ കുറിച്ചു.

ചെന്നൈ എഗ്മോര്‍ വന്ദേഭാരതില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയതിന്റെ വീഡിയോയും മുമ്പുണ്ടായ സമാന സംഭവങ്ങളുടെ വാര്‍ത്താ തലക്കെട്ടുകളും അദ്ദേഹം എക്സില്‍ പങ്കുവെച്ചു. പ്രീമിയം ട്രെയിനുകളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്ന് നേരത്തേ മാണിക്കം ടാഗോര്‍ റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിനോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ തന്നെ നേരിട്ട് വിമര്‍ശിച്ച് അദ്ദേഹം വീണ്ടും ട്വീറ്റ് ചെയ്തത്.

വന്ദേഭാരത് ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തുന്ന സമാനമായ സംഭവങ്ങള്‍ മുന്‍പും ഉണ്ടായിരുന്നു. ജൂണ്‍ 18ന് ഭോപ്പാലില്‍ നിന്ന് ആഗ്രയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഒരു സംഭവം. ദമ്പതികള്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. ദമ്പതികളുടെ അനന്തിരവനായ വിദിത് വര്‍ഷ്നി എന്ന യുവാവ് ഇക്കാര്യം എക്സില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഭക്ഷണത്തില്‍ പാറ്റ കിടക്കുന്ന ചിത്രം അടക്കം പങ്ക് വെച്ച് കൊണ്ടായിരുന്നു വിദിത് വര്‍ഷ്നിയുടെ ട്വീറ്റ്. ഭക്ഷണം വിതരണം ചെയ്ത ആള്‍ക്കെതിരെ നടപടിയെടുക്കണം എന്ന് വിദിത് വര്‍ഷ്നി ആവശ്യപ്പെട്ടു. '18-06-24 ന് എന്റെ അമ്മാവനും അമ്മായിയും ഭോപ്പാലില്‍ നിന്ന് ആഗ്രയിലേക്ക് വന്ദേ ഭാരതില്‍ യാത്ര ചെയ്യുകയായിരുന്നു. അവര്‍ക്ക് ഐ ആര്‍ സി ടി സിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെ ലഭിച്ചു,' വിദിത് വര്‍ഷ്നി ട്വീറ്റ് ചെയ്തു.

വെണ്ടര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണം എന്നും ഇത് ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണം എന്ന് വിദിത് വര്‍ഷ്നി കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തില്‍ പിഴ ചുമത്തുകയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തതായി ഐ ആര്‍ സി ടി സി പ്രതികരിച്ചു. 'സര്‍, നിങ്ങള്‍ക്ക് ഉണ്ടായ യാത്രാ അനുഭവത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. വിഷയം ഗൗരവമായി കാണുകയും ബന്ധപ്പെട്ട സേവന ദാതാവില്‍ നിന്ന് ഉചിതമായ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്,' ഐ ആര്‍ സി ടി സി പറഞ്ഞു.

ഉല്‍പ്പാദനവും ലോജിസ്റ്റിക്‌സ് നിരീക്ഷണവും തങ്ങള്‍ ശക്തമാക്കിയിട്ടുണ്ട് എന്നും ഐ ആര്‍ സി ടി സി മറുപടി നല്‍കി. അതേസമയം നിരവധി എക്സ് ഉപയോക്താക്കള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ഇന്ത്യയിലെ ഏറ്റവും പ്രീമിയം ട്രെയിനായ വന്ദേ ഭാരത് ഈ പ്രശ്‌നങ്ങള്‍ നേരിടുന്നത് ഗുരുതരമായി കാണണം എന്ന് ഒരു ഉപയോക്താവ് പറഞ്ഞു.

Tags:    

Similar News