ലൈംഗികാതിക്രമ ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ മൊഴിയെടുക്കും; പോലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കും; ബസ് ജീവനക്കാരുടെയും മൊഴിയെടുക്കും; ശരീരത്തില്‍ തെറ്റായ ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന നിലപാടില്‍ ഉറച്ച് യുവതി

ലൈംഗികാതിക്രമ ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ മൊഴിയെടുക്കും

Update: 2026-01-19 02:25 GMT

കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട കോഴിക്കോട് സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണം ഉന്നയിച്ച യുവതിയുടെ മൊഴിയെടുക്കാന്‍ പൊലീസ്. സോഷ്യല്‍ മീഡിയയില്‍ അടക്കം വിഷയം സജീവമായി ചര്‍ച്ചയാകുകയും നിരവധി പേര്‍ പരാതിയുമായി രംഗത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് പോലീസ് വിഷയത്തില്‍ അന്വേഷണത്തിലേക്ക് നീങ്ങുന്നത്.

ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന ബസ് ജീവനക്കാരുടെയും മൊഴിയെടുക്കും. പൊലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കും. യുവതിക്കും ആത്മഹത്യ ചെയ്ത യുവാവിനും വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ പൊലീസിന്റെ വിലയിരുത്തല്‍. സംഭവത്തിലെ കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കാനും പോലീസ് ഒരുങ്ങുന്നുണ്ട്. യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശിയും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

ഗോവിന്ദപുരത്തെ സെയില്‍സ്മാനേജറായ യുവാവ് ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ യാത്രക്കിടെയാണ് ആരോപണം വന്നത്. തിരക്കുള്ള ബസില്‍വച്ച് ലൈംഗികാതിക്രമം കാണിച്ചെന്നാരോപിച്ച് യുവതി വീഡിയോ പകര്‍ത്തിയിരുന്നു. ഈ വിഡിയോക്കെതിരെ ആദ്യംമുതല്‍ തന്നെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നിരുന്നത്. സംഭവത്തില്‍ ഇയാള്‍ വലിയ മാനസികപ്രയാസത്തിലായിരുന്നുവെന്ന് കുടുംബവും സുഹൃത്തുക്കളും പറയുന്നു.

അതേസമയം യുവതി ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ശരീരത്തില്‍ തെറ്റായ ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചതിനാലാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് യുവതി ആവര്‍ത്തിച്ചത്. പയ്യന്നൂര്‍ വച്ചായിരുന്നു സംഭവമെന്നും വടകര പൊലീസില്‍ വിവരമറിയിച്ചിരുന്നുവെന്നും യുവതി പറയുന്നു. വീഡിയോ പകര്‍ത്തുന്നത് യുവാവ് കണ്ടതോടെയാണ് ഇയാള്‍ ബസില്‍ നിന്നിറങ്ങി വേഗത്തില്‍ നടന്നുപോയതെന്നും യുവതി പറയുന്നു. യുവാവിന്റെ മരണത്തിനു പിന്നാലെയും കടുത്ത വിമര്‍ശനമാണ് യുവതിക്കെതിരെ ഉയര്‍ന്നത്. തുടര്‍ന്ന് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമില്‍ നിന്നും ഈ വിഡിയോ അടക്കം യുവതി ഡിലീറ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ കുടുംബം യുവതിക്കെതിരെ ഇന്ന് കുടുംബം പരാതി നല്‍കിയേക്കും. സംഭവത്തില്‍ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ ഡിജിപിക്ക് പരാതി നല്‍കി. ബസില്‍ വച്ച് അതിക്രമം നേരിട്ടെന്ന് കാണിക്കുന്ന വീഡിയോ ആദ്യം പങ്കുവെക്കുകയും പിന്നീട് ഇത് ഡിലീറ്റ് ചെയ്ത് മറ്റൊരു വിശദീകരണ വീഡിയോ കൂടി യുവതി പുറത്തിറക്കുകയും ചെയ്തിരുന്നു.

വീഡിയോ പുറത്തുവന്നതോടെ മകന്‍ ആകെ തകര്‍ന്നിരുന്നുവെന്നാണ് ദീപക്കിന്റെ പിതാവ് ചൂണ്ടിക്കാട്ടുന്ന കാര്യം. മദ്യപാന ശീലം പോലുമില്ലാത്ത യുവാവാണ് ദീപകെന്നും ബന്ധുക്കളും സുഹൃത്തുക്കളുെ പറയുന്നു. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചതെന്നും ഇതിനെത്തുടര്‍ന്ന് ദീപക് മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

പയ്യന്നൂരില്‍ സ്വകാര്യ ബസില്‍ വെച്ച് ദീപക് ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടി പൊതുപ്രവര്‍ത്തക കൂടിയായ യുവതി ഇന്‍സ്റ്റഗ്രാമില്‍ വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാവിലെ ഏഴു മണിയോടെ കോഴിക്കോട് ഗോവിന്ദപുരത്തെ വീട്ടില്‍ ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം അച്ഛനും അമ്മയും മാത്രമായിരുന്നു വീട്ടില്‍.

സാമൂഹിക മാധ്യമങ്ങളിലെ യുവതിയുടെ ആരോപണം ദീപകിനെ മാനസികമായി തകര്‍ത്തെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ദീപക് നിരപരാധിയാണെന്നും ഇക്കാര്യത്തിലുള്ള വിഷമം ഇന്നലെ രാത്രിയിലും പങ്കുവെച്ചിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ഒരു പ്രശ്‌നത്തിനും പോകാത്തയാളാണ് ദീപക്. യുവതി വീഡിയോ എയര്‍ ചെയ്തതോടെ പോയത് ഒരു ജീവനാണ്. അച്ഛനും അമ്മയ്ക്കും ഇനി ആരുമില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. അവരുട് മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്ന് കണ്ടറിയണം എന്ന് നാട്ടുകാര്‍ പറഞ്ഞു.

Tags:    

Similar News