ജീവിതം ആസ്വദിക്കാന്‍ മറ്റുള്ളവരെ ഉപദേശിച്ച ഡോക്ടര്‍ക്കും ആത്മനിയന്ത്രണം പോയതെവിടെ? പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ചായി അവസാന കുറിപ്പും; ഡോ. ധനലക്ഷ്മിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി നൂറ് കണക്കിന് പേര്‍; പ്രവാസി മലയാളികളുടെ പ്രിയ ഡോക്ടര്‍ക്ക് യാത്രാമൊഴി നല്‍കി; മൃതദേഹം പുലര്‍ച്ചെയോടെ നാട്ടിലെത്തിച്ചു; സംസ്‌കാരം ഇന്ന്

ജീവിതം ആസ്വദിക്കാന്‍ മറ്റുള്ളവരെ ഉപദേശിച്ച ഡോക്ടര്‍ക്കും ആത്മനിയന്ത്രണം പോയതെവിടെ?

Update: 2025-07-25 01:55 GMT

കണ്ണൂര്‍: അബുദാബിയില്‍ മരിച്ച മലയാളി വനിതാ ഡോക്ടര്‍ ധനലക്ഷ്മിയുടെ മൃതദേഹം ഇന്നലെ രാത്രിയില്‍ കണ്ണൂരിലേക്ക് എത്തിച്ചു. ഇന്നലെ രാത്രി 11.40 നുള്ള അബുദാബി കണ്ണൂര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഇന്ന് പുലര്‍ച്ചയോടെ മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. കണ്ണൂര്‍ പയ്യാമ്പലത്ത് ഇന്ന് രാവിലെ പത്തിന് സംസ്‌കാരം നടക്കും.

അബുദാബി ബനിയാസിലുള്ള സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ എംബാമ്പിങ് പൂര്‍ത്തീയാക്കിയ ശേഷമാണ് നാട്ടിലെത്തിച്ചത്. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഡോ. ധനലക്ഷ്മിയുടെ എംബാമ്പിങ് നടപടികളില്‍, അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. മുസഫ ലൈഫ് കെയര്‍ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചിരുന്ന ഡോ. ധനലക്ഷ്മിയുടെ മുഖം അവസാനമായി ഒരു നോക്ക് കണ്ട് അന്തിമോപചാരം അര്‍പ്പിക്കാനായി സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ആശുപത്രി അധികൃതരും അടക്കം വിവിധ മേഖലകളിലുള്ള നൂറുകണക്കിന് പേര്‍ എത്തിച്ചേര്‍ന്നിരുന്നു.

മൂകത തളംകെട്ടി നിന്ന അന്തരീക്ഷത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും കൂടിയായിരുന്ന ധനലക്ഷ്മി അബുദാബിയിലെ കലാ സാമൂഹിക സാംസ്‌കാരിക, കായിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടെയല്ലാതെ ഡോക്ടറെ ആരും കണ്ടിട്ടില്ല. ഒരിക്കല്‍ പരിചയപ്പെട്ടവരാരും അവരെ മറക്കുകയുമില്ല. അത്രയ്ക്കും ഹൃദയാവര്‍ജകമായ പെരുമാറ്റമായിരുന്നു ഡോക്ടറുടേതെന്ന് അബുദുബായിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നു.

അബുദാബി മലയാളി സമാജത്തെ കൂടാതെ ഇവിടുത്തെ മിക്ക മലയാളി സംഘടനകളുമായും വളരെ അടുപ്പം പുലര്‍ത്തിയിരുന്നു. സാഹിത്യത്തോടും എഴുത്തിനോടും അഭിനിവേശമായിരുന്നു. അണ്‍ഫിറ്റഡ് എന്ന ഇംഗ്ലിഷ് പുസ്തകമുള്‍പ്പെടെ മൂന്ന് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. ജീവിതം ആസ്വദിക്കാന്‍ മറ്റുള്ളവരെ ഉപദേശിച്ച ഡോക്ടര്‍ക്കും ആത്മനിയന്ത്രണം പോയതെവിടെയാണ് എല്ലവരും ചോദിക്കുന്നത്. അവസാവമായി ഡോക്ടര്‍ പങ്കുവെച്ച കുറിപ്പും ഏറെ ചര്‍ച്ചായിയിരുന്നു.

'അനുകമ്പയുടെ വില'-ഇതാണ് ഡോ. ധനലക്ഷ്മി രണ്ടു ദിവസം മുന്‍പ് പോസ്റ്റ് ചെയ്ത കുറിപ്പിലെ തലക്കെട്ട്. ഇതൊരു കഥയാണോ അനുഭവമാണോ എന്ന് മനസ്സിലാവാത്ത തരത്തിലാണ് എഴുതിയിരിക്കുന്നത്. ധനിക കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ച സുഹൃത്തിന്റെ വാക്ക് വിശ്വസിച്ച് ദയതോന്നി സഹായം ചെയ്ത് കുരുക്കിലായ ഒരു വനിതയുടെ അനുഭവമാണ് കുറിപ്പിലുള്ളത്. ഇത് സ്വന്തം അനുഭവ കുറിപ്പെന്ന സൂചന പോലുമുണ്ട്.

സന്തുഷ്ട കുടുംബജീവിതം നയിക്കുന്ന ഇയാള്‍ക്ക് പ്രത്യേക പിന്തുണയാവശ്യമുള്ള ഒരു മകനുണ്ട്. പെട്ടെന്ന് ഒരുദിവസം തനിക്ക് ജോലി നഷ്ടമായെന്നും കാര്‍ കമ്പനി തിരികെ എടുത്തെന്നും വനിതാ സുഹൃത്തിനെ വിളിച്ച് അറിയിക്കുന്നു. മകനെ കൊണ്ടുപോകാനും യാത്രകള്‍ക്കും വാഹനമില്ലെന്ന് കണ്ണീരോടെ പറയുന്നു. ഈ കഥ കേട്ട് സ്വന്തമായി വായ്പ്പയെടുത്ത് കാര്‍ വാങ്ങി നല്‍കുകയാണ് ഉറ്റ സുഹൃത്തായ വനിത. പ്രത്യേക പിന്തുണ ആവശ്യമുള്ള അയാളുടെ മകനെ മാത്രമോര്‍ത്താണ് ആ ദയ കാട്ടിയത്. പറ്റുമ്പോള്‍ തിരിച്ചടയ്ക്കണം എന്നത് മാത്രമായിരുന്നു അയാള്‍ക്ക് മുന്നില്‍ വെച്ച നിബന്ധന.

പക്ഷെ പിന്നീട് നിരന്തരം പിന്നെ ട്രാഫിക് പിഴകള്‍ വന്നു തുടങ്ങി. തെറ്റായ പാര്‍ക്കിങ്, അമിത വേഗം, അശ്രദ്ധമായ ഡ്രൈവിങ്.. അങ്ങനെ പലതും. ചോദിച്ചപ്പോള്‍ തിരക്കിട്ട് ആശുപത്രിയില്‍ പോയപ്പോള്‍, മകനെ തെറാപ്പിക്ക് കൊണ്ടുപോയപ്പോള്‍ സംഭവിച്ചത് തുടങ്ങിയ ന്യായീകരണങ്ങള്‍..

വായ്പ്പയും വാഹനവും സ്വന്തം പേരിലായതിനാല്‍ എല്ലാം വനിതാ സുഹൃത്ത് അടച്ചു തീര്‍ത്തു. പക്ഷെ പിന്നെ കാണുന്നത് ഇയാളുടെ കുടുംബം വിദേശയാത്രകള്‍ നടത്തുന്നതും ഉല്ലസിക്കുന്നതും ആഡംബരത്തില്‍ ജീവിക്കുന്നതും എല്ലാമാണ്. തന്റെ പേരിലെടുത്ത കാറിന്റെ വായ്പ്പയെങ്കിലും അടച്ചു തീര്‍ക്കാന്‍ പറഞ്ഞിട്ട് അതും കേട്ടില്ല. ചോദിച്ചിട്ടും മറുപടിയില്ല.

ഒടുവില്‍ തന്റെ ജോലി നഷ്ടപ്പെട്ട് സഹായം തേടിയപ്പോള്‍ പോലും പ്രതികരണമുണ്ടായില്ല. ചതിക്കപ്പെടുകയായിരുന്നുവെന്ന തിരിച്ചറിവില്‍ ആ വനിത സ്വന്തം അന്തസ് മുറുകെപ്പിടിച്ച് തിരികെ നടന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. സാങ്കല്‍പ്പികമെന്ന് തോന്നുന്ന രണ്ട് പേരുകളല്ലാതെ മറ്റൊന്നും കുറിപ്പിലില്ല.

10 വര്‍ഷത്തിലേറെയായി യുഎഇയില്‍ പ്രവാസിയായ ഡോ. ധനലക്ഷ്മിയെ മുസഫയിലെ താമസ സ്ഥലത്ത് രാത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടുദിവസമായി ഫോണില്‍ വിളിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്. ജോലിസ്ഥലത്തും അവര്‍ പോയിരുന്നില്ല. മുന്‍പ് കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സര്‍വീസ് ഉടമസ്ഥനായിരുന്ന പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്.

Tags:    

Similar News