ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങാന്‍ ഒരുങ്ങവേ ഹോസ്ദുര്‍ഗ് ഇന്‍സ്പക്ടര്‍ക്ക് പെണ്‍കുട്ടിയുടെ ഫോണ്‍കോള്‍; റെയില്‍ ട്രാക്കില്‍ നിന്നും രക്ഷിച്ചെടുത്തത് കേള്‍വി-സംസാര പരിമിതിയുള്ള ആളെ; ദുര്‍ഗ രക്ഷകയായത് ഇങ്ങനെ

ആ മാമനെ രക്ഷിക്കണേ എന്നുകരഞ്ഞ് ദുര്‍ഗ

Update: 2024-09-10 12:06 GMT

കാഞ്ഞങ്ങാട്: രാത്രി പതിനൊന്നര മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കാന്‍ പോയ ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാറിന്റെ ഫോണിലേക്ക് ഒരു കോള്‍ വരുന്നു. ഉറങ്ങി തുടങ്ങിയിരുന്ന അജിത് കുമാര്‍ ഫോണെടുത്തപ്പോള്‍ മറുതലയ്ക്കല്‍ ദുര്‍ഗ എന്ന പെണ്‍കുട്ടി ആ മാമനെ രക്ഷിക്കണേ എന്ന് പറഞ്ഞ് കരയുകയാണ്.

തന്റെ കേള്‍വി-സംസാര പരിമിതിയുള്ള അച്ഛന്‍ രവി ആചാരിയുടെ ഫോണിലേക്ക് സുഹൃത്തായ കേള്‍വി-സംസാര പരിമിതിയുള്ള ആള്‍ വീഡിയോ കോളിലൂടെ താന്‍ മരിക്കാന്‍ പോവുകയാണെന്ന് ആംഗ്യഭാഷയിലൂടെ അറിയിച്ചു. വീഡിയോ കോളിലൂടെ രവിയും ദുര്‍ഗയും ആവുന്നത്ര അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും റെയില്‍വേ ട്രാക്കില്‍ നിന്നും അയാള്‍ എണീറ്റില്ല.

ഏത് നിമിഷവും ട്രെയിന്‍ കടന്നു പോകാന്‍ സാധ്യത ഉള്ളതിനാല്‍ വീഡിയോ കോള്‍ അവസാനിപ്പിച്ച് ദുര്‍ഗ ഗൂഗിളില്‍ തപ്പിയപ്പോള്‍ ലഭിച്ച പോലീസിന്റെ ഫോണിലേക്ക് വിളിച്ചു. ഫോണ്‍ എടുത്തത് ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ ആയിരുന്നു. വിവരം ചോദിച്ചു മനസ്സിലാക്കിയെങ്കിലും ആള്‍ ഇരിക്കുന്ന റെയില്‍വേ ട്രാക്ക് കൃത്യമായ എവിടെയാണെന്ന് പറയാന്‍ ദുര്‍ഗയ്ക്ക് സാധിച്ചില്ല.

ഉടന്‍ തന്നെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എ. എസ്. ഐ . ഇ.രമേശനോട് സംഭവ സ്ഥലത്ത് എത്താന്‍ അജിത് കുമാര്‍ ആവശ്യപ്പെട്ടു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ ഷൈജു മോഹന്‍, പോലീസ് ഡ്രൈവര്‍ പി രാജേഷ് എന്നിവരോടൊപ്പം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എത്തിയെങ്കിലും അത്തരത്തില്‍ ഒരാളെ അവിടെ കണ്ടെത്താന്‍ സാധിച്ചില്ല.

തുടര്‍ന്ന് ദുര്‍ഗയെ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോയ ആളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കുകയും സൈബര്‍ സെല്ലിന് കൈമാറുകയും ചെയ്തതോടൊപ്പം പോലീസുകാര്‍ ഈ നമ്പറിലേക്ക് വീഡിയോ കോള്‍ വിളിക്കുകയും ചെയ്തിരുന്നു. വീഡിയോ കോളില്‍ മറുതലയ്ക്കല്‍, ആത്മഹത്യ ചെയ്യാന്‍ ഇറങ്ങിയ വ്യക്തിയെ ലഭിച്ചങ്കിലും ഫോണിലൂടെയുള്ള പോലീസിന്റെ നിര്‍ദ്ദേശം അനുസരിക്കാന്‍ ഇയാള്‍ കൂട്ടാക്കിയില്ല.

വീഡിയോ കോള്‍ വഴി അനുനയിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ സൈബര്‍ സെല്ലില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി കുശാല്‍നഗറിലെ റെയില്‍വേ ട്രാക്കിലാണ് ഇയാള്‍ ഉള്ളതെന്ന് പോലീസ് മനസ്സിലാക്കി. തുടര്‍ന്ന് കുശാല്‍നഗറില്‍ എത്തിയ പോലീസ് സംഘത്തെ കണ്ടപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയ മധ്യവയസ്‌കന്‍ റെയില്‍വേ ട്രാക്കില്‍ നിന്നും വലിയ കരിങ്കല്‍ കഷ്ണങ്ങള്‍ എടുത്ത് സ്വയം തലയ്ക്കടിച്ചത് കൂടുതല്‍ ഭീതി സൃഷ്ടിച്ചു.

ഇതോടെ പോലീസ് ബലമായി തന്നെ ഇയാളെ റെയില്‍വേ ട്രാക്കില്‍ നിന്നും നീക്കി. ഇതൊക്കെ നടന്നുകൊണ്ടിരിക്കുകയാണ് തൊട്ടടുത്ത പാലത്തിലൂടെ മംഗളൂരു ഭാഗത്തേക്ക് ചരക്ക് വണ്ടി കടന്നുപോയത്. എല്ലാം മിനിട്ടുകളുടെ മാത്രം വ്യത്യാസം. അല്പം ഒന്ന് താമസിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഇയാളെ ജീവനോടെ കണ്ടെത്താന്‍ സാധിക്കുമായിരുന്നില്ല.

മഴ നനഞ്ഞതിനാല്‍ സ്റ്റേഷനില്‍ എത്തിച്ച് കുളിപ്പിച്ച് ഇയാളുടെ നീലേശ്വരത്തുള്ള വീട്ടിലേക്ക് പോലീസ് എത്തിച്ചു. അപ്പോള്‍ മുതല്‍ ഭാര്യയുമായി വീണ്ടും കലഹം ആരംഭിച്ചു. ഭാര്യക്കും സംസാരശേഷി ഇല്ലാത്തതിനാല്‍ ആംഗ്യഭാഷയിലാണ് രണ്ടുപേരും കലഹിക്കുന്നത്. തുടര്‍ന്ന് പോലീസ് ഇയാളെ തിരിച്ചു സ്റ്റേഷനില്‍ എത്തിച്ചു. പിറ്റേദിവസം ഇയാളുടെ സഹോദരനെ വിളിച്ചുവരുത്തി വിടുകയായിരുന്നു. ദുര്‍ഗയുടെ കൃത്യമായ ഇടപെടലുകള്‍ കൊണ്ടാണ് ഒരു ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതെന്ന് ഐപി അജിത് കുമാര്‍ പറഞ്ഞു. ദുര്‍ഗയുടെ അമ്മയ്ക്കും കേള്‍വി-സംസാര പരിമിതിയുണ്ട്.

Tags:    

Similar News