വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കുരുതി; ഗസ്സയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് നാനൂറിലേറെ ഫലസ്തീനികള്‍; ആരോപണ-പ്രത്യാരോപണങ്ങളുമായി ഇസ്രയേലും ഹമാസും; സാധാരണക്കാരെ കൊല്ലുന്നതില്‍ നിന്ന് ഇസ്രയേല്‍ വാര്‍മെഷിനെ തടയണമെന്ന് സൗദി; സമാധാന ചര്‍ച്ചകളിലേക്ക് മടങ്ങി വരണമെന്ന് ഖത്തര്‍

ഗസ്സയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് നാനൂറിലേറെ ഫലസ്തീനികള്‍

Update: 2025-03-18 14:48 GMT

ഗസ്സ: ഹമാസുമായുള്ള വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷമുണ്ടായ ഏറ്റവും വലിയ ഇസ്രയേലി വ്യോമാക്രമണത്തില്‍, നാനൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ, ഇസ്രയേല്‍ സേന പുനരാംരഭിച്ച വിപുലമായ വ്യോമാക്രമണത്തില്‍ 413 പേര്‍ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ജനുവരി 19 നാണ് ഹമാസും, ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്.

റമദാന്‍ മാസത്തിലുണ്ടായ വ്യോമാക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. സാധാരണക്കാരെ കൊല്ലുന്നതില്‍ നിന്ന് ഇസ്രയേല്‍ വാര്‍മെഷിനെ തടയണമെന്ന് സൗദി ആവശ്യപ്പെട്ടു. ആക്രമണം അവസാനിപ്പിച്ച് സമാധാന ചര്‍ച്ചകളിലേക്ക് മടങ്ങി വരണമെന്ന് ഖത്തറും ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും, കുട്ടികളും, മുതിര്‍ന്നവരും ആണെന്ന് ഗസ്സയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സ് അറിയിച്ചു. 150 ഓളം പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഗസ്സ, ഗസ്സ നഗരം, ദെയര്‍ അല്‍-ബാലാ, ഖാന്‍ യൂനിസ്, റാഫാ എന്നിങ്ങനെ വിവിധ ഭാഗങ്ങളിലാണ് വ്യോമാക്രമണത്തെ തുടര്‍ന്ന് വന്‍സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ഗസ്സയിലെ ഹമാസിന്റെ പൊലീസ് -ആഭ്യന്തര സുരക്ഷാ സേവന തലവനായിരുന്ന മഹ്‌മൂദ് അബു വത്ഫയും ഗസ്സ നഗരത്തിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഗസ്സയോട് ചേര്‍ന്നുള്ള സ്‌കൂളുകള്‍ എല്ലാം അടച്ചിടാന്‍ ഇസ്രയേല്‍ ഉത്തരവിട്ടിരിക്കുകയാണ്. തങ്ങളുടെ ബന്ദികളെ വിട്ടയയ്ക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹമാസ് നിരസിച്ചതോടെയും, യുഎസ് പ്രസിഡന്റിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും മധ്യസ്ഥരും മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ തള്ളിയതോടെയുമാണ് ആക്രമണം പുനരാരംഭിച്ചതെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഹമാസിനെതിരെ വര്‍ദ്ധിത സൈനിക കരുത്തോടെ ആഞ്ഞടിക്കുമെന്നും ഇസ്രയേല്‍ പറഞ്ഞു.

യുദ്ധം പുനരാരംഭിച്ചതോടെ നെതന്‍യ്യാഹു ബന്ദികളെ ബലിയാടാക്കിയിരിക്കുകയാണെന്ന് ഹമാസ് പ്രതികരിച്ചു. അതേസമയം, ആക്രമണത്തിന് മുമ്പ് ഇസ്രയേല്‍ ട്രംപ് ഭരണകൂടവുമായി കൂടിയാലോചിച്ചിരുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ഗസ്സയിലെ ഹമാസിന്റെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ അവകാശപ്പെട്ടത്. ഗാസയില്‍ ആക്രമണം പുനരാരംഭിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കി. ഇസ്രയേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ഹമാസും ആരോപിച്ചു. ബന്ദികളെ മുഴുവന്‍ മോചിപ്പിക്കണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആക്രമണം കടുപ്പിക്കുമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.


കഴിഞ്ഞ ജനുവരിയില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ദോഹയില്‍ നടത്തിയ ചര്‍ച്ചകളിലാണ് താത്ക്കാലിക വെടിനിര്‍ത്തലിന് ധാരണയായത്. മൂന്ന് ഘട്ടങ്ങളിലായി വെടിനിര്‍ത്തല്‍ നടപ്പിലാക്കണം എന്നായിരുന്നു കരാര്‍. തുടര്‍ന്ന് ഇസ്രയേലും ഹമാസും ആദ്യ ഘട്ടത്തില്‍ ബന്ദികളെ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ ഇപ്പോള്‍ ശക്തമായ ആക്രമണം നടത്തിയിരിക്കുന്നത്. ഇപ്പോഴും ഹമാസ് തടവില്‍ കഴിയുന്ന ബന്ദികളില്‍ പലരും ജീവിച്ചിരിപ്പുണ്ടോ എന്ന സംശയവും ഇപ്പോഴും നിലനില്‍ക്കുകയാണ്.

അതേ സമയം ഇസ്രയേല്‍ സൈന്യം ഇന്നലെ സിറിയയിലും ലബനനിലും വ്യോമാക്രമണം നടത്തിയിരുന്നു. ലബനനിലെ പല ഹിസ്ബുള്ള കേന്ദ്രങ്ങളും ആക്രമണത്തില്‍ തകര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിന്റെ സുരക്ഷക്ക് ഭീഷണിയാകുന്ന ഏത് ശക്തികളേയും ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും എന്നാണ് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

Tags:    

Similar News