ഗവര്‍ണറുടെ കാലാവധി ഇന്നു തീരും; ആരിഫ് മുഹമ്മദ് ഖാന് രണ്ടാമൂഴം കൊടുക്കുമോ? കടന്നുപോകുന്നത് പിണറായി ഭരണത്തിന് തലവേദനയുണ്ടാക്കിയ നാളുകള്‍

ഗവര്‍ണറുടെ കാലാവധി ഇന്നു തീരും

Update: 2024-09-05 02:43 GMT

തിരുവനന്തപുരം: പിണറായി ഭരണത്ത വരച്ച വരയില്‍ നിര്‍ത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി പൂര്‍ത്തിയാകുന്നു. സംസ്ഥാന സര്‍ക്കാറിന് ഭരണപ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാന്‍ പദവിയില്‍ നിന്നും പടിയിറങ്ങാന്‍ ഒരുങ്ങുന്നത്. പുതിയ ഗവര്‍ണറെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി പുറപ്പെടുവിക്കുംവരെ പദവിയില്‍ തുടരാം. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി എന്നിവര്‍ വിവിധ സംസ്ഥാനങ്ങളില്‍ അഞ്ചു വര്‍ഷത്തിലധികമായി പദവിയിലുണ്ട്. ആരിഫ് മുഹമ്മദ് ഖാന് വീണ്ടും അവസരം കൊടുക്കുമോ എന്ന കാര്യവും അറിയേണ്ടതുണ്ട്.

നേരത്തേ ഉപരാഷ്ട്രപതി പദവി ലക്ഷ്യമിട്ട് ആരിഫ് മുഹമ്മദ് ഖാന്‍ നീക്കം നടത്തിയെങ്കിലും നറുക്ക് വീണത് ജഗ്ദീപ് ധന്‍കറിനായിരുന്നു. രണ്ടാഴ്ച മുമ്പ് ഗവര്‍ണര്‍ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും സന്ദര്‍ശിച്ചെങ്കിലും പദവിയില്‍ തുടരുന്നത് സംബന്ധിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം.

പിണറായി സര്‍ക്കാറുമായി ഏറ്റുമുട്ടിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. പൗരത്വനിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെയായിരുന്നു ഗവര്‍ണര്‍ ആദ്യവെടിപൊട്ടിച്ചത്. പിന്നീട് കണ്ണൂര്‍ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ സമ്മര്‍ദത്തില്‍ ഗവര്‍ണര്‍ ഇടഞ്ഞതും വാര്‍ത്തയായി. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി. നയപ്രഖ്യാപനത്തിന്റെ തുടക്കവും ഒടുക്കവും മാത്രം വായിച്ച് നിയമസഭയില്‍നിന്ന് മടങ്ങി.

രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന് ഡി.ലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ താല്‍പര്യം സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് കേരള സര്‍വകലാശാല നിരസിച്ചതോടെ ഏറ്റുമുട്ടലിന് പരസ്യസ്വഭാവം വന്നു. സര്‍ക്കാറിനെതിരെ രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്തസമ്മേളനം വിളിക്കുന്ന സാഹചര്യവുമുണ്ടായി. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കണ്ട് സാങ്കേതിക സര്‍വകലാശാല വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കിയത് ആയുധമാക്കി ഒമ്പത് വി.സിമാര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ഇതില്‍ കാലടി, കണ്ണൂര്‍, ഫിഷറീസ് സര്‍വകലാശാല വി.സിമാര്‍ക്ക് പദവി നഷ്ടമായി. വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കവരുന്ന രീതിയില്‍ സെര്‍ച് കമ്മിറ്റി ഘടനമാറ്റിയുള്ള ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ദീര്‍ഘനാള്‍ തടഞ്ഞുവെച്ചു. ഇതിനു പിന്നാലെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലും നിയമസഭ പാസാക്കി. അതിലും ഗവര്‍ണര്‍ ഒപ്പിട്ടില്ല. ബില്ലുകള്‍ കൂട്ടത്തോടെ തടഞ്ഞുവെച്ചതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എത്തിയതോടെ ഇവ രാഷ്ട്രപതിക്ക് റഫര്‍ ചെയ്യുകയായിരുന്നു.

ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ 11 സര്‍വകലാശാലകളില്‍ വി.സി നിയമനം മുടങ്ങി. കേരള, കാലിക്കറ്റ് സെനറ്റുകളില്‍ സംഘ്പരിവാര്‍ നോമിനികളെ ഗവര്‍ണര്‍ തിരുകിക്കയറ്റിയതിനെതിരെ എസ്.എഫ്.ഐ ഗവര്‍ണറെ തെരുവില്‍ തടയാനിറങ്ങിത് സംഘര്‍ഷമുണ്ടാക്കി.

Tags:    

Similar News