ആരാടാ പറഞ്ഞത് ഇന്ത്യക്കാര്‍ പിന്നോട്ടാണെന്ന്? അമേരിക്കക്കാരെക്കാളും ഓസ്ട്രേലിയക്കാരേക്കാളും ജര്‍മനിയില്‍ കൂടുതല്‍ പ്രതിഫലം ഇന്ത്യക്കാര്‍ക്ക്; വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം റിക്കോര്‍ഡിലേക്ക്: 2030-ല്‍ സംഭവിക്കുന്നത് ഇങ്ങനെ
ആരാടാ പറഞ്ഞത് ഇന്ത്യക്കാര്‍ നക്കികളാണെന്ന്?
മുംബൈ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജര്‍മ്മന്‍ എക്കോണമി (ഐ ഡബ്ല്യു) നടത്തിയ ഏറ്റവും പുതിയ പഠനത്തില്‍ വെളിപ്പെടുന്നത് ഇന്ത്യന്‍ മികവിന്റെ കഥ. ജര്‍മ്മനിയില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്നത് ഇന്ത്യാക്കാരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2024 ല്‍ ശരാശരി ഇന്ത്യന്‍ തൊഴിലാളിയുടെ വേതനം 5,393 യൂറോ ആയിരുന്നു. ഇതേസ്ഥാനത്ത് ഒരു ആസ്ട്രിയക്കാരന്‍ വാങ്ങിയത് 5,322 യൂറോയും, അമേരിക്കക്കാരന്റെ വേതനം 5,307 യൂറോയും, ഐറിഷ് പൗരന്റെത് 5,233 യൂറോയും ആണെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസത്തിലും, സാങ്കേതിക വിദ്യയിലും ഇന്ത്യാക്കാര്‍ക്കുള്ള മികവാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറയുന്നുണ്ട്.
മത്തമാറ്റിക്സ്, ഐ ടി, നാച്ചുറല്‍ സയന്‍സ്, എഞ്ചിനീയറിംഗ് ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യ എന്നിവ ഉള്‍പ്പെടുന്ന മിന്റ് (എം ഐ എന്‍ ടി) പ്രൊഫഷണില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ എണ്ണത്തില്‍ 2012 ന് ശേഷം അഭൂത പൂര്‍വ്വമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാത്രമല്ല, ജര്‍മ്മനിയിലുള്ള ഇന്ത്യന്‍ വംശജരായ, 25 നും 44 നും ഇടയില്‍ പ്രായമുള്ള പൂര്‍ണ്ണ സമയ ജോലികളില്‍ മുഴുകിയിരിക്കുന്നവരില്‍ മൂന്നിലൊന്ന് പേരും ഈ പ്രൊഫഷനുകളിലാണ് ഉള്ളത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക് ജര്‍മ്മനിയിലേക്ക് ആരംഭിച്ചതിന് ശേഷമാണ് ഈ മാറ്റം സംഭവിക്കാന്‍ തുടങ്ങിയത്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ പലരും ഇവിടെ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഇവിടെ തന്നെ തുടരുകയാണ്. റിസര്‍ച്ച്, ഇന്നോവേഷന്‍, തുടങ്ങിയ മേഖലകളില്‍ ഇവര്‍ ഗണ്യമായ സംഭാവനകളാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2000 നും 2022 നും ഇടയില്‍, ഇന്ത്യന്‍ വംശജര്‍ക്ക് ലഭിച്ച പാറ്റന്റുകളുടെ എണ്ണത്തില്‍ പന്ത്രണ്ട് ഇരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്നത്തെ ജര്‍മ്മന്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ നൈപുണ്യം ഒഴിവാക്കാന്‍ കഴിയാത്തത്ര അത്യാവശ്യമായി മാറിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം റെക്കോര്‍ഡിലേക്ക്
വിദേശ വിദ്യാഭ്യാസത്തിനുള്ള പ്രവണത ഈ പതിറ്റാണ്ടില്‍ പൊതുവെ ഉയര്‍ന്നനിലയില്‍ തന്നെയായിരുന്നു. 2030 ആകുമ്പോഴേക്കും ഏകദേശം 85 ലക്ഷം പേരായിരിക്കും വിദേശ വിദ്യാഭ്യാസത്തിന് പോവുക എന്നാണ് കണക്കാക്കപെടുന്നത്. എന്നാല്‍, സാമ്പത്തിക അനിശ്ചിതാവസ്ഥയും, ഭൗമരാഷ്ട്രീയത്തില്‍ ഉരുണ്ടുകൂടുന്ന അസ്ഥിരതയുമെല്ലാം പലയിടങ്ങളിലെയും വിദ്യാര്‍ത്ഥികളുടെ വിദേശപഠനം എന്ന മോഹത്തിന് വിലങ്ങാകാനും സാധ്യതയുണ്ട്.
കഴിഞ്ഞ ഒന്ന് രണ്ട് പതിറ്റാണ്ടായി വിദ്യാര്‍ത്ഥികള്‍ വിദേശങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്നത് ആഗോളീകരിക്കപ്പെട്ട ഒരു സമ്പദ്വ്യവസ്ഥയുടെ പ്രതിഫലനം ആയിട്ടാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. 2020 നും 2025 നും ഇടയിലായിട്ടാണ് ഈ പ്രവണത ഏറ്റവും ശക്തമായത്. 2030 വരെ ഇത് തുടരുമെന്നും ഈ രംഗത്തുള്ള വിദഗ്ധര്‍ പ്രവചിക്കുന്നു. തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം ഏറുന്നു എന്ന് മാത്രമല്ല, മുന്‍തലമുറയേക്കാള്‍ കൂടുതലായി പുതിയ തലമുറ ഭാവിയെ കുറിച്ച് ഏറെ പ്രതീക്ഷയുള്ളവരാണെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
ഇതില്‍, വിദ്യാഭ്യാസത്തിനു പുറത്തുള്ള പല കാര്യങ്ങളും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട്. രാജ്യത്തിന്റെ സംസ്‌കാരം, ജീവിതശൈലി, രാജ്യത്തിന്റെ പ്രതിച്ഛായ എന്നിവയെല്ലാം വിദേശ വിദ്യാര്‍ത്ഥികളുടെ ഒഴുക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മാത്രമല്ല, വിദേശ വിദ്യാര്‍ത്ഥിക്ക് ആതിഥേയ രാജ്യത്ത് ലഭിക്കുന്ന സ്വീകാര്യതയേയും ഈ ഘടകങ്ങള്‍ ഒരുപാട് സ്വാധീനിക്കുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷക്കാലം കൂടി വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രധാന സ്രോതസ്സായി ഇന്ത്യ തന്നെ തുടരുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഭൗമരാഷ്ട്രീയത്തിലെ സംഘര്‍ഷങ്ങളും, സാമ്പത്തിക പ്രശ്നങ്ങളും, അതോടൊപ്പം ആഭ്യന്തര സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതും ചൈനയില്‍ നിന്നും വിദേശങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക് കുറച്ചതോടെയാണിത്.
