കൊടുംവളവില്‍ മറിഞ്ഞ ടൂറിസ്റ്റ് ബസിന് വേഗം 95 കിലോമീറ്റര്‍; ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു; ബസിന്റെ ഫിറ്റ്നസും റദ്ദാക്കി
കടമ്പനാട് ബസ് അപകടത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
അടൂര്‍: കടമ്പനാട് കല്ലുകുഴിയില്‍ വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ആനയടി നടുവിലേമുറി കണിയാന്റയ്യത്ത് വീട്ടില്‍ അരുണ്‍ സജിയുടെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. ആറുമാസത്തേക്കാണ് സസ്പെന്‍ഷന്‍.അമിത വേഗതയില്‍ അശ്രദ്ധമായി വാഹനം ഓടിച്ചെന്നുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തെലിലാണ് നടപടി. കൂടാതെ ബസിന്റെ ഫിറ്റ്നസും റദ്ദാക്കി. ബസിന്റെ സ്പീഡ് ഗവര്‍ണറില്‍ വേഗം 95 കിലോമീറ്റര്‍ എന്നാണ് ക്രമപ്പെടുത്തിയിരുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. അഞ്ച് ദിവസം മലപ്പുറം എടപ്പാളില്‍ ഡ്രൈവര്‍മാര്‍ക്കുള്ള റോഡ് സുരക്ഷാ ക്ലാസിലും ഇയാള്‍ പങ്കെടുക്കണം.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് ബസ് കല്ലുകൂഴിയിലെ കൊടുംവളവില്‍ ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് മറിഞ്ഞത്. 33 പേര്‍ക്ക് പരുക്കേറ്റു. 10 മാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം ഫാത്തിമ മെമ്മോറിയല്‍ ബിഎഡ് കോളജില്‍ നിന്ന് ടൂറിന് പോയവരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിന്റെ പിന്നിലെ ടയറുകള്‍ തേഞ്ഞു തീര്‍ന്ന നിലയിലായിരുന്നു.