തിക്കിലും തിരക്കിലും ശ്വാസം മുട്ടി വെപ്രാളത്തോടെ സമീപത്തെ ഓല ഷെഡ്ഡുകള്‍ പൊളിച്ച് മേല്‍ക്കൂരയില്‍ കയറി രക്ഷപ്പെടുന്നവര്‍; ഏറെയും പാര്‍ട്ടി പതാക പതിച്ച വെള്ള ടീഷര്‍ട്ട് ധരിച്ച കൗമാരക്കാര്‍; കരൂരില്‍ വിജയ്‌യുടെ റാലി ദുരന്തമായതോടെ രക്ഷപ്പെടുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത്; സ്ഥലം നഷ്ടമാകാതിരിക്കാന്‍ വെള്ളം പോലും കുടിക്കാതെ കാത്തിരുന്നവര്‍ക്ക് സംഭവിച്ചത് വന്‍ദുരന്തം

ഓല ഷെഡ്ഡുകള്‍ പൊളിച്ച് മേല്‍ക്കൂരയില്‍ കയറി രക്ഷപ്പെടുന്നവര്‍

Update: 2025-09-28 05:01 GMT

കരൂര്‍: വിജയ് യുടെ പാര്‍ട്ടിയായ ടിവികെ ( തമിഴക വെട്രി കഴകം) കരൂരില്‍ സംഘടിപ്പിച്ച റാലിയിലെ തിക്കിലും തിരക്കിലും നിന്ന് രക്ഷപ്പെടാനുളള വെപ്രാളത്തില്‍, കുട്ടികളടക്കമുളളവര്‍ ഓല മേഞ്ഞ ഷെഡുകള്‍ പൊളിച്ച് രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 10 കുട്ടികള്‍ അടക്കം 39 പേരാണ് ദുരന്തത്തില്‍ മരിച്ചത്.


പാര്‍ട്ടി പതാക പതിച്ച വെളള ടീ ഷര്‍ട്ടുകള്‍ ധരിച്ച കൗമാരക്കാര്‍ വെപ്രാളത്തോടെ ഓല ഷെഡ്ഡുകള്‍ പൊളിച്ച് മേല്‍ക്കൂരയില്‍ കയറി രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ഇന്ത്യ ടുഡേ പുറത്തുവിട്ടത്. തിക്കി തിരക്കുന്ന ആള്‍ക്കൂട്ടത്തില്‍ നിന്ന് മറ്റുപലരും ഇവരെ പിന്തുടര്‍ന്ന് രക്ഷപ്പെടുന്നതും കാണാം. കഠിനമായ വെയിലില്‍ തളര്‍ന്നവര്‍, കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ വന്നതോടെ കുഴഞ്ഞുവീഴുകയായിരുന്നു.


വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വിജയ് പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള അറിയിപ്പ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ രാവിലെ 11 മണി മുതല്‍ തന്നെ വന്‍ ജനാവലി റാലി നടക്കുന്ന വേദിയിലേക്ക് എത്താന്‍ തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് വിജയ് എത്തുമെന്നായിരുന്നു പാര്‍ട്ടിയുടെ ട്വിറ്റര്‍ പേജില്‍ അറിയിച്ചിരുന്നത്. എന്നാല്‍, അദ്ദേഹം എത്താന്‍ ഏഴ് മണിക്കൂറിലധികം വൈകി വൈകുന്നേരം 7:40 ഓടെയാണ് റാലി വേദിയിലെത്തിയത്.

ഇത്രയും സമയം കടുത്ത വെയിലില്‍ ഭക്ഷണവും വെള്ളവുമില്ലാതെ കാത്തുനിന്ന ജനങ്ങള്‍ കൂട്ടത്തോടെ അവശനിലയിലായി. പലരും ബോധരഹിതരായി വീണു. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതായതോടെ ആളുകള്‍ പരസ്പരം തള്ളിയിട്ട് വീഴുകയായിരുന്നു. മരണപ്പെട്ടവരില്‍ 10 കുട്ടികളും ഉള്‍പ്പെടുന്നു.

റാലിക്ക് അനുമതി ചോദിച്ചിരുന്നത് വൈകുന്നേരം 3 മണി മുതല്‍ 10 മണി വരെയായിരുന്നു. എന്നാല്‍, വിജയ് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ സാഹചര്യം വഷളായി. 10,000 പേര്‍ പങ്കെടുക്കുന്ന പരിപാടിയുടെ അനുമതിയാണ് നേടിയതെങ്കിലും, അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഒന്നര ലക്ഷത്തോളം പേര്‍ വിജയിയെ കാണാനെത്തിയിരുന്നു.

റാലിക്ക് കരൂര്‍ ബസ് സ്റ്റാന്‍ഡ് റൗണ്ടാനബൗട്ട്, ലൈറ്റ് ഹൗസ് ഉള്‍പ്പെടെ നാല് സ്ഥലങ്ങള്‍ ടിവികെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ജനസാന്ദ്രത കണക്കിലെടുത്ത് പൊലീസ് ഈ സ്ഥലങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. ഒടുവില്‍ കരൂര്‍-ഈറോഡ് റോഡിലെ വേലുസാമിപുരത്ത് പൊലീസ് യോഗത്തിന് അനുമതി നല്‍കി. യോഗം വൈകുമെന്നറിഞ്ഞതോടെ സമീപ ജില്ലകളില്‍ നിന്നുള്ളവരും ഇവിടെയെത്തി.

മണിക്കൂറുകളോളം വെള്ളവും ഭക്ഷണവും ലഭിക്കാതെ നിന്ന പലരും ബോധരഹിതരായി. സംഘാടകര്‍ വെള്ളക്കുപ്പികള്‍ എത്തിച്ചിരുന്നെങ്കിലും തിരക്ക് കാരണം വിതരണം ചെയ്യാനായില്ല. വിജയ് വെള്ളക്കുപ്പികള്‍ ജനക്കൂട്ടത്തിലേക്ക് എറിഞ്ഞുകൊടുത്തപ്പോള്‍ ഇത് എടുക്കാനായി ആളുകള്‍ തിരക്കിയതും ദുരന്തത്തിന് ആക്കം കൂട്ടി. തിരക്ക് കാരണം പൊലീസിനും ആംബുലന്‍സുകള്‍ക്കും സംഭവസ്ഥലത്തെത്താന്‍ സാധിക്കാതെ വന്നതും സ്ഥിതി വഷളാക്കി.

സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തുമെന്നും 39 പേര്‍ മരിച്ചതായും നിയമ-ക്രമപാലന വിഭാഗം എഡിജിപി എസ്. ഡേവിഡ്‌സണ്‍ ദേവാശിര്‍വാദം അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വന്‍ ജനപങ്കാളിത്തം പ്രതീക്ഷിച്ചിട്ടും മതിയായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാത്തത് ഗുരുതരമായ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.

Tags:    

Similar News