കേരളത്തില്‍ നിന്നോടിച്ച കിറ്റക്‌സ് സാബുവിന് 2000 കോടിയുടെ അധിക നേട്ടം; ഓഹരി മൂല്യത്തില്‍ വന്‍കുതിപ്പ്; പടി പടിയായി കേരളത്തിലെ പ്രവര്‍ത്തനം തെലങ്കാനയിലേക്ക് മാറ്റും; കോളടിച്ചത് ഇങ്ങനെ

തെലങ്കാനയില്‍ ആനുകൂല്യങ്ങള്‍ ഏറെയെന്ന് സാബു എം ജേക്കബ്

Update: 2024-09-07 13:04 GMT

കൊച്ചി: കേരളം വിട്ട് തെലങ്കാനയിലേക്ക് പറിച്ചുനട്ട കിറ്റക്‌സ് ഗാര്‍മന്റ്‌സിന് 2000 കോടിയുടെ അധികലാഭം. തെങ്കങ്കാനയിലെ ഫാക്ടറി ഡിസംബറോടെപ്രവര്‍ത്തന സജ്ജമാകുന്നുവെന്ന വാര്‍ത്തയാണ് മുഖ്യമായും കിറ്റക്‌സ് ഓഹരികളുടെ മൂല്യം ഉയര്‍ത്തിയത്. നിലവില്‍ ആഗോളതലത്തില്‍ കുട്ടികളുടെ വസ്ത്ര നിര്‍മ്മാണത്തില്‍ രണ്ടാം സ്ഥാനത്തുള്ള കമ്പനി, തെലങ്കാനയിലെ പുതിയ ഫാക്ടറി, സജ്ജമാവുന്നതോടെ ലോകത്തിലെ ഒന്നാമന്‍ ആവും.

ഒരു രൂപയാണ് കിറ്റക്‌സ് ഗാര്‍മന്റ്‌സിന്റെ ഓഹരിയുടെ ഫേസ് വാല്യു. ഒരു മാസം മുമ്പ് 180 -200 രൂപയായിരുന്നു യഥാര്‍ഥ വില. ഒരുരൂപ മുടക്കി ഓഹരി വാങ്ങിയ ഒരാള്‍ക്ക് 180-200 രൂപ കിട്ടുന്ന സാഹചര്യമായിരുന്നു. തെലങ്കാനയിലെ ഫാക്ടറി ഡിസംബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍, ലോകത്തെ ഏറ്റവും വലിയ കുട്ടിയുടുപ്പ് നിര്‍മ്മാണ കമ്പനിയായി കിറ്റക്‌സ് മാറുമെന്ന് ഉറപ്പായതോടെ ഓഹരി വില കുതിച്ചുയരുകയാണ്.

കഴിഞ്ഞ പാദത്തിലെ മുന്തിയ ലാഭവും കിറ്റക്‌സിന് അനുകൂലമായി. ഒരുമാസം കൊണ്ട് കിറ്റക്‌സിന്റെ ഓഹരി വില ഉയര്‍ന്നത്, 100 ശതമാനത്തില്‍ ഏറെയാണ്. ഇന്നലെ കിറ്റക്‌സ് ഓഹരി ബോംബെ സ്‌റ്റോക് എക്‌സചേഞ്ചില്‍ ക്ലോസ് ചെയ്തത് 420 രൂപയ്ക്കാണ്. ഒരുമാസം കൊണ്ട് കിറ്റക്‌സ് മൂല്യം ഏകദേശം 2000 കോടിയിലേറെ ഉയര്‍ന്നു. അതില്‍ 56 ശതമാനം കിറ്റക്‌സ് സാബുവിന്റേതും ബാക്കി പബ്ലിക് ഇഷ്യുവുമാണ്. ഒരു മാസം കൊണ്ട് കിറ്റക്‌സ് സാബുവിന് വ്യക്തിപരമായ സ്വത്ത് 1000 കോടിയിലേറെ വര്‍ദ്ധിച്ചിരിക്കുകയാണ്.

തെലങ്കാനയിലെ ഫാക്ടറി ഏകദേശം മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യം വരും. 50,000 പേര്‍ക്കാണ് തൊഴില്‍ കൊടുക്കുന്നത്. 3000 കോടിയാണ് നിക്ഷേപം. അടുത്ത വര്‍ഷം തെലങ്കാനയിലെ ഫാക്ടറിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ, ലോകത്തെ കുട്ടികളുടെ ഏറ്റവും വലിയ വസ്ത്ര നിര്‍മ്മാണ കമ്പനിയായി കിറ്റക്‌സ് മാറും.


Full View

കിറ്റക്‌സ് എംഡി സാബു എം ജേക്കബ് മറുനാടനുമായി സന്തോഷം പങ്കുവച്ചത് ഇങ്ങനെ

'ഓഹരി വില 440 വരെ പോയി, 423 ലാണ് ക്ലോസ് ചെയ്തത്. 180-200 ല്‍ നിന്ന ഷെയറാണ് ഇപ്പോള്‍ ഈ റേഞ്ചില്‍ വന്നിരിക്കുന്നത്. ഒരുമാസത്തെ വ്യത്യാസം 101 ശതമാനമാണ്. ഏകദേശം 2000 കോടിയുടെ മൂല്യവര്‍ദ്ധന.

കേരളത്തില്‍ നിന്ന് തെലങ്കാനയിലേക്ക് പോയപ്പോള്‍ തന്നെ ഓഹരി മൂല്യം 30 ശതമാനം കൂടി. തെലങ്കാനയിലെ യൂണിറ്റ് ഡിസംബറില്‍ ഉത്പാദനം തുടങ്ങുവെന്ന വാര്‍ത്തയാണ് ഓഹരി മൂല്യത്തിലെ കുതിപ്പിന് കാരണം. ഉത്പാദനം തുടങ്ങി കഴിഞ്ഞാല്‍ മൂല്യം ഇരട്ടിയാകാനാണ് സാധ്യത. തെലങ്കാന യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ കുട്ടികളുടെ വസ്ത്ര നിര്‍മ്മാണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറും. അടുത്ത വര്‍ഷം രണ്ടാം ഘട്ടം കൂടി ആരംഭിക്കുന്നതോടെ, ഇന്ത്യയിലെ അല്ല ലോകത്തിലെ തന്നെ അപ്പാരല്‍ മാനുഫാക്ച്ചറിങ്ങില്‍ ടോപ് വണ്ണാകും.

ഈ മൂന്നുഫാക്ടറികള്‍ കൂടി പ്രവര്‍ത്തസജ്ജമാകുന്നതോടെ, 6000-7000 കോടിയാണ് ടേണോവര്‍ വരിക. 7000 കോടി ടേണോവറുള്ള, 50,000 പേര്‍ ജോലി ചെയ്യുന്ന ഫാക്ടറി ലോകത്തിലില്ല. അപ്പോള്‍, കുട്ടികളുടേതെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ വസ്ത്ര നിര്‍മ്മാണ ശാലയാകുകയാണ്.




തെലങ്കാനയില്‍ ഫാക്ടറി പൂര്‍ണസജ്ജമാകുന്നതോടെ, കേരളത്തിലേത് ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഇവിടെ ഇപ്പോള്‍, ഇതുവരെ ഒരു സെന്റിമെന്റല്‍ തലത്തിലാണ് നടത്തി കൊണ്ടിരുന്നത്. നാട്ടില്‍ തന്നെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് നടത്തിക്കൊണ്ടു പോന്നത്. സാഹചര്യങ്ങള്‍ കൊണ്ട് ഇവിടുന്ന് ഓടിച്ചു. തെലങ്കാനയിലേക്ക് പോയി. തീര്‍ച്ചയായിട്ടും ഘട്ടം ഘട്ടമായി ഇവിടെയുള്ളത് കുറയ്ക്കുക എന്നതാണ്. കാരണം അവിടെ ചെല്ലുമ്പോള്‍, ഒട്ടനവധി ആനുകൂല്യങ്ങളുണ്ട്. വൈദ്യുതി നിരക്ക് പകുതിയേയുള്ളു. ഭൂമി വില കുറവാണ്. വെള്ളം സൗജന്യമാണ്. നിരവധി ആനുകൂല്യങ്ങളാണ്. സമരം അടക്കം ഒരുതരത്തിലുള്ള തലവേദനകളും ഇല്ല. മനസ്സമാധാനത്തോടെ ബിസിനസ് നടത്താം. ഇവിടെ ഇല്ലാത്തും അതാണല്ലോ. കേരളത്തില്‍ വ്യവസായം നടത്തുക എന്നാല്‍, ബോംബ് നെഞ്ചില്‍ വച്ച് നടക്കുന്നത് പോലെയാണ്. കേരളം വിട്ടുകഴിഞ്ഞാല്‍ ഒരു സ്ഥലത്തും ആ പ്രശ്‌നമില്ല. കേരളത്തില്‍ മാത്രമേ ഈ പ്രശ്‌നം ഉള്ളു'-സാബു പറഞ്ഞു.

കുഞ്ഞുടുപ്പ് നിര്‍മ്മാണ രംഗത്തെ ഭീമന്മാര്‍

വാറംഗല്‍ ജില്ലയിലെ കാക്കത്തിയ ടെക്സ്റ്റെല്‍ പാര്‍ക്കില്‍, 200 ഏക്കറില്‍ സ്ഥാപിച്ചിരിക്കുന്ന ഫാക്ടറിയില്‍ പ്രതിദിനം 14 ലക്ഷം കുഞ്ഞുടുപ്പുകള്‍ നിര്‍മ്മിക്കാന്‍ കഴിയും. ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ചൈനീസ് കമ്പനിയുടെ പ്രതിദിന ഉല്‍പ്പാദനം, 9 ലക്ഷം ബേബി ക്ലോത്തുകള്‍ മാത്രമാണ്. രണ്ടുവയസ്സുവരെയുള്ള കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളാണ് കിറ്റെക്സ് നിര്‍മ്മിച്ച് കയറ്റിയയക്കുന്നത്. വാള്‍മാര്‍ട്ട്, ടാര്‍ഗറ്റ് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ക്ക് വേണ്ടിയാണ് ഇവ നിര്‍മ്മിച്ച് നല്‍കുന്നത്. എറണാകുളം കിഴക്കമ്പലത്തുള്ള ഫാക്ടറിയില്‍ നിന്ന് പ്രതിദിനം ഏഴുലക്ഷം കുഞ്ഞുടുപ്പുകളാണ് കിറ്റെക്സ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്.




പുതിയ ഫാക്ടറി സജ്ജമാകുന്നതോടെ, മൊത്തം ശേഷി 18 ലക്ഷമായി ഉയരും. ഇതിന് പുറമെ, ഹൈദരാബാദിന് സമീപം രംഗറെഡ്ഡി ജില്ലയിലെ, സീതാംപൂരില്‍ 250 ഏക്കറില്‍ മറ്റൊരു ഫാക്ടറി സ്ഥാപിക്കുന്നുണ്ട്. ഇതുകൂടി സജ്ജമാവുന്നതോടെ, തെലങ്കാനയിലെ രണ്ട് ഫാക്ടറികളിലും മാത്രമായി, 22-25 ലക്ഷം കുഞ്ഞുടുപ്പുകള്‍ നിര്‍മ്മിക്കാനാവും. ഇതോടെ ലോകത്തിലെ നമ്പര്‍ വണ്‍ കിറ്റക്‌സായി മാറും. ചൈന കഴിഞ്ഞാല്‍ കിറ്റക്‌സിന് ഭീഷണിയായിരുന്നത്, ബംഗ്ലാദേശ് ആയിരുന്നു. ഇപ്പോള്‍ ബംഗ്ലാദേശിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍, പരോക്ഷമായി കിറ്റക്‌സിന് തുണയായിരിക്കയാണ്്.

ബംഗ്ലാദേശ് സംഘര്‍ഷം കിറ്റക്‌സിന് നേട്ടമായി

ബംഗ്ലാദേശിലെ ആഭ്യന്തര സംഘര്‍ഷം ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ കമ്പനികള്‍ക്ക് നേട്ടമാകുകയാണെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നേതൃത്വം നല്‍കിയ സര്‍ക്കാര്‍, വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ നിലംപൊത്തിയതോടെ അവിടുത്തെ വ്യാവസായിക മേഖലയും സമ്മര്‍ദം നേരിടുകയാണ്. വസ്ത്ര നിര്‍മാണത്തിലും ആഗോള വിപണിയിലേക്കുള്ള കയറ്റുമതിയിലും ശക്തമായ മത്സരം കാഴ്ചവെച്ചിരുന്ന ബംഗ്ലാദേശിലെ ടെക്‌സ്‌റ്റൈല്‍, ഗാര്‍മെന്റ്‌സ് കമ്പനികളുടെ പ്രവര്‍ത്തനം പ്രക്ഷോഭത്തെ തുടര്‍ന്ന് താളംതെറ്റിയതാണ് തിരിച്ചടിയായതെന്ന് ഇക്കണോമിക്ക് ടൈംസ് വിലയിരുത്തുന്നു

ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ ഓഹരി വിലയും ഉയരുകയാണ്.




 

കേരളം വിട്ടിട്ടിട്ടും തിളക്കം

കിറ്റെക്സ് ഗാര്‍മെന്റസ്, എംഡിയും ട്വന്റി ട്വന്റി എന്ന പാര്‍ട്ടിയുടെ രക്ഷാധികാരിയുമായ സാബു എം ജേക്കബിന് ഇത് മധുര പ്രതികാരത്തിന്റെ ദിനങ്ങളാണ്. സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി, കിഴക്കമ്പലത്തെയും സമീപ പഞ്ചായത്തുകളിലെയും, അധികാരം പിടിച്ചതിന് അയാള്‍ കനത്ത വിലയാണ് കൊടുക്കേണ്ടി വന്നത്. കിറ്റെക്സ് കമ്പനിയില്‍ അടിക്കടി റെയ്ഡും, പരിശോധനകളുമാണ് പിന്നീട് കേരളം കണ്ടത്. ഇവിടെ മലിനീകരണം നടക്കുന്നുവെന്ന് ആരോപണം ഉയരുന്നു, വിവിധ വകുപ്പുകളുടെ പരിശോധന നടക്കുന്നു. ഒരുവേള കിറ്റെക്സ് തമിഴ്‌നാട്ടിലേക്ക് മാറ്റിയാലോ എന്നുവരെ തങ്ങള്‍ ആലോചിക്കുന്നതായി സാബു എം ജേക്കബ് പറഞ്ഞിരുന്നു.

വിവിധ വകുപ്പുകള്‍ കിറ്റെക്സില്‍ നടത്തുന്ന, അന്യായമായ പരിശോധനകള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും ഫലമില്ലാതായതോടെയാണ് കേരളം വിടുകയാണെന്ന പ്രഖ്യാപനം സാബു എം ജേക്കബ് നടത്തിയത്. ഈ പീഡനം മടുപ്പിക്കുന്നതാണെന്നും ഇനി ഒരു രൂപപോലും കേരളത്തില്‍ മുടങ്ങില്ലെന്നും സാബു എം ജേക്കബ് വികാരധീനനായി പറഞ്ഞു. എന്നാല്‍ സിപിഎം സൈബര്‍ സഖാക്കാള്‍ അടക്കമുള്ളവര്‍ അതിനെയും പരിഹസിച്ചു. കിറ്റെക്സ് പോയാല്‍ പുല്ലാണെന്ന് പറഞ്ഞു. സാബു എം ജേക്കബിനെ നിരന്തരം ആക്ഷേപിച്ച് പോസ്റ്റിട്ടു.

പക്ഷേ തെലങ്കാനയുടെ പ്രതികരണം വളരെ പെട്ടന്നായിരുന്നു. അവര്‍ പ്രത്യേക വിമാനം അയച്ചാണ് സാബു എം ജേക്കബിനെ ക്ഷണിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന് കടുത്ത വിമര്‍ശനം ഉയര്‍ത്തി കൊണ്ടാണ്, 2021ല്‍ കൊച്ചിയില്‍ നിന്ന് സാബു തെലങ്കാനയിലേക്ക് പറന്നു പൊങ്ങിയത്. തെലങ്കാന ഈ വ്യവസായ ഗ്രൂപ്പിന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. അതും കേരളം കണ്ടുപഠിക്കണം. അതിന് ഫലമുണ്ടായി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കിറ്റെകസ് തെലുങ്കാനയുമായി ധാരണാപത്രം ഒപ്പിടുകയും ഫാക്ടറിയുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. അവിടുത്തെ രണ്ടുഫാക്ടികള്‍ക്ക് കൂടി 3,000 കോടി രൂപയാണ് കിറ്റെക്സ് മുതല്‍ മുടക്കുന്നത്. രണ്ടും പൂര്‍ണ്ണ സജ്ജമാവുന്നതോടെ ഒന്നും രണ്ടും പേര്‍ക്കല്ല 50,000 പേര്‍ക്കാണ് തൊഴിലവസരം ഉണ്ടാവുന്നത്. ഫലത്തില്‍ ഇത് കേരളത്തിന് കിട്ടേണ്ടതായിരുന്നു.




 

കിട്ടാവുന്നിടത്തൊക്കെ സാബു എം ജേക്കബിനെ പരമവധി അപമാനിക്കാനാണ് സിപിഎം സൈബര്‍ സഖാക്കള്‍ ശ്രമിച്ചത്. കിറ്റെക്സ് കമ്പനിയുടെ ഈ വിജയങ്ങളൊക്കെ തള്ളാണെന്ന് അവര്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്. ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ അവതാരകന്‍ വിനു വി ജോണിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി, സാബു എം ജേക്കബ് പറഞ്ഞ ഒരു കാര്യമുണ്ട്. നാസയുടെ ടെക്നോളജിയില്‍ നിര്‍മ്മിച്ച, ചൂടും തണുപ്പും ക്രമീകരിക്കാവുന്ന ജെട്ടി, ജോക്കി കമ്പനിക്കുവേണ്ടി കിറ്റെക്സില്‍ നിര്‍മ്മിച്ചിരുന്നുവെന്നാണ്. ചൂടുകാലത്ത് തണുപ്പും, തണുപ്പ്കാലത്ത് ചൂടും, പ്രധാനം ചെയ്യാന്‍ കഴിയുന്നതാണ് ഈ ജെട്ടി. ഇതിന്റെ ലക്ഷക്കണക്കിന് പ്രൊഡക്ഷന്‍ നടത്തി കിറ്റെക്സില്‍ നിന്നും അമേരിക്കയിലേക്ക് പോയിരുന്നു. പക്ഷേ ഇതിന്റെ ഉയര്‍ന്ന വിലയും, അമേരിക്കയില്‍ പത്തുമാസവും തണുപ്പ് ആയതുകൊണ്ടും, ഇത് അധികം ചെലവായില്ലെന്നും, അതിനാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രൊഡക്ഷന്‍ അവസാനിപ്പിക്കുക ആയിരുന്നെന്നുമാണ് സാബു എം ജേക്കബ് പറഞ്ഞത്.

Tags:    

Similar News