ഉദ്ഘാടനം കഴിഞ്ഞിട്ടും ക്രെഡിറ്റിനെ ചൊല്ലി തര്‍ക്കം തീരുന്നില്ല! കൊച്ചി തുരുത്തി ഇരട്ട ഫ്ളാറ്റ് സമുച്ചയം തങ്ങളാണ് തുടങ്ങിയതെന്ന് കോണ്‍ഗ്രസ്; സിപിഎമ്മും കൊച്ചി കോര്‍പറേഷനും സംസ്ഥാന സര്‍ക്കാരും പേടിച്ചതു പോലെ ഒടുവില്‍ അവകാശവാദവുമായി ബിജെപിയും; മോദിക്ക് നന്ദി പറഞ്ഞുള്ള രാജീവ് ചന്ദ്രശേഖറിന്റെ പോസ്‌റ്റോടെ പിതൃത്വതര്‍ക്കം രൂക്ഷം

കൊച്ചി തുരുത്തി ഫ്‌ളാറ്റിന്റെ ക്രെഡിറ്റിനെ ചൊല്ലി തര്‍ക്കും മുറുകുന്നു

Update: 2025-09-28 11:29 GMT

കൊച്ചി: കൊച്ചി തുരുത്തിയിലെ ഇരട്ട ഫ്ളാറ്റ് സമുച്ചയത്തിന്റെ ക്രെഡിറ്റിനെച്ചൊല്ലി രാഷ്ട്രീയ തര്‍ക്കം മുറുകുന്നു. പദ്ധതിക്ക് തുടക്കമിട്ടത് യുഡിഎഫ് ഭരണസമിതിയാണെന്നാണ് കോണ്‍ഗ്രസ് അവകാശവാദം. സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും പദ്ധതിയുടെ പൂര്‍ണ്ണമായ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം, ഫോര്‍ട്ട് കൊച്ചി- തുരുത്തി കോളനിയിലെ 394 കുടുംബങ്ങള്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാരിലൂടെയാണ് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായെന്ന അവകാശവാദവുമായി ബിജെപിയും രംഗത്തെത്തി. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍പ്പെടുത്തിയാണ് ഈ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വീടിനായുള്ള ഫണ്ടനുവദിച്ചത് എന്നാണ് ബിജെപി പറയുന്നത്. അതായാത് മൂന്നുമുന്നണികളും ഒരേ പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി അവകാശതര്‍ക്കം തുടരുകയാണ്.

ഭൂമിയില്ലാത്തവരും വീടില്ലാത്തവരുമായ കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്കായാണ് ഫ്‌ലാറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. സെപ്തംബര്‍ 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. രാജീവ് ആവാസ് യോജന പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ നടപ്പിലാക്കിയ ഭവന നിര്‍മ്മാണ പദ്ധതിയാണ് തുരുത്തി ഫ്ളാറ്റ് സമുച്ചയം. ചേരി നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ മുഴുവന്‍ ക്രെഡിറ്റും ഏറ്റെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രധാന ആക്ഷേപം. പദ്ധതിയുടെ തുടക്കം മുതല്‍ എല്ലാ നടപടിക്രമങ്ങളും മുന്നോട്ട് കൊണ്ടുപോയത് യുഡിഎഫ് ഭരണസമിതിയാണ് എന്നും അവര്‍ അവകാശപ്പെടുന്നു.

ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ യഥാര്‍ത്ഥ അവകാശികളായ യുഡിഎഫിനെ ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, ഇത് ജനാധിപത്യ വിരുദ്ധമാണെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കുറ്റപ്പെടുത്തി.

ഷിയാസിന്റെ വാക്കുകള്‍ ഇങ്ങനെ:

'രാജീവ് ആവാസ് യോജന പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടി നടപ്പിലാക്കിയ ഭവന നിര്‍മാണ പദ്ധതിയാണത്. 394 കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ചേരി നിര്‍മാര്‍ജന പദ്ധതിയുടെ പൂര്‍ണമായ പിതൃത്വം ഏറ്റെടുക്കാനുളള ശ്രമമാണ് സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും നടത്തുന്നത്. ഈ പദ്ധതി തുടക്കം കുറിക്കുന്നത് യുഡിഎഫിന്റെ നേതൃത്വത്തിലാണ്. ജനങ്ങള്‍ക്കുവേണ്ടി, സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി കൊണ്ടുവരുന്ന എല്ലാ പദ്ധതികള്‍ക്കും എതിര് നിന്നിട്ടുളളവരാണ് സിപിഎമ്മും ഇടതുപക്ഷവും. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമായാലും കൊച്ചി മെട്രോ ആയാലും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളമായാലും ഇത്തരം നിലപാടുകള്‍ സ്വീകരിച്ചവര്‍ പിന്നീട് തങ്ങളുടെ കാലത്ത് ആ പദ്ധതികളുടെ പൂര്‍ത്തീകരണം നടക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് പൂര്‍ണമായും എടുക്കുകയാണ്': മുഹമ്മദ് ഷിയാസ് പറഞ്ഞു.

ഈ വിഷയത്തില്‍ ഹൈബി ഈഡന്‍ എംപി ഇട്ട പോസ്റ്റ് കൂടി വായിക്കാം:

ആഗോള വിരുന്നുകാര്‍ നാട്ടിലെത്തുമ്പോള്‍ ചേരികള്‍ തുണി കെട്ടി മറയ്ക്കുന്നൊരു സര്‍ക്കാര്‍ രാജ്യം ഭരിക്കുന്ന കാലഘട്ടത്തില്‍ ''ചേരി രഹിത ഇന്ത്യ'' ലക്ഷ്യം വച്ച് രാജീവ് ആവാസ് യോജന എന്ന പദ്ധതി ആരംഭിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത ഒരു സര്‍ക്കാര്‍ നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് കൊച്ചി തുരുത്തിയിലെ ഫ്‌ലാറ്റ് സമൂച്ചയം.

ഫ്‌ലാറ്റ് നിര്‍മ്മാണത്തിന്റെ ആദ്യാവസാനം പ്രവര്‍ത്തിച്ച കൊച്ചി നഗരസഭയുടെ എല്ലാ ഭരണ സമിതികളും അഭിനന്ദനമര്‍ഹിക്കുന്നു. എന്നിരുന്നാലും ഇത്തരത്തില്‍ ഒരു പദ്ധതി അനുവദിച്ചു കിട്ടാന്‍ ഉണ്ടായ സാഹചര്യങ്ങള്‍ ഈ അവസരത്തില്‍ പ്രത്യേകം ഓര്‍മ്മപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. 2013 ല്‍ രണ്ടാം യു പി എ സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ അന്ന് മേയറായിരുന്ന ശ്രീ ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് ഭരണ സമിതിയാണ് ഇത്തരത്തില്‍ ഒരു പദ്ധതി വിഭാവനം ചെയ്യുന്നത്. 2013 ഡിസംബറില്‍ നടന്ന സെന്‍ട്രല്‍ സാംക്ഷനിംഗ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയിലാണ് പദ്ധതി കേന്ദ്രം അംഗീകരിക്കുന്നത്. അതിന്റെ അവസാന ഘട്ട നടപടികള്‍ക്ക് വേണ്ടി ശ്രീ ടോണി ചമ്മിണി നേരിട്ട് ഡല്‍ഹിയിലെത്തിയത് ഇന്നുമോര്‍ക്കുന്നു.

കേന്ദ്രം അനുവദിച്ച 3.73 കോടി രൂപ, സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 5.18 കോടി രൂപ,കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി എം എ വൈയില്‍ ഉള്‍പ്പെടുത്തി ലഭിച്ച 5.30 കോടി രൂപ കൊച്ചി നഗരസഭയുടെ 3.07 കോടി രൂപ, കേന്ദ്ര സംസ്ഥാന വിഹിതത്തില്‍ നിന്ന് തിരിച്ചു പിടിക്കേണ്ട നഗരസഭ ഫണ്ട് 4.27 കോടി രൂപ എന്നിവ ഉപയോഗിച്ചാണ് ശ്രീമതി.സൗമിനി ജയിന്‍ മേയറായിരുന്ന 12-03-2017 ല്‍ നിര്‍മ്മാണം ആരംഭിക്കുന്നത്. എസ്റ്റിമേറ്റ് തുക ഇരട്ടിയോളം വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധികളുടെ നൂലമാലകള്‍ക്കിടയിലൂടെ പദ്ധതി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി. ആ സാഹചര്യത്തിലാണ് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്മാര്‍ട്ട് സിറ്റി മിഷന്‍ രണ്ടാമത്തെ ടവറിന്റെ നിര്‍മ്മാണം ഏറ്റെടുക്കുന്നത്.

ഈ തീരുമാനങ്ങളെല്ലാം യു ഡി എഫ് ഭരണ സമിതിയുടേതായിരുന്നു. തുടര്‍ന്ന് ആദ്യ ടവറിന്റെ നിര്‍മ്മാണത്തിന് സി എസ് എം എല്‍ 21 കോടി രൂപ കൂടി അനുവദിച്ചു. രണ്ടാമത്തെ ടവറിന്റെ നിര്‍മ്മാണത്തിന് സി എസ് എം എല്‍ 44.01 കോടി രൂപയാണ് അനുവദിച്ചത്. സി എസ് എം എല്ലിന്റെ സിറ്റി ലെവല്‍ അഡൈ്വസറി ഫോറത്തില്‍ സ്മാര്‍ട്ട്‌സിറ്റി മിഷന്റെ ചേരി നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടിയുള്ള ഫണ്ട് തുരുത്തി കോളനിയിലേക്ക് വകയിരുത്തുന്നതിനായി ഞാനും ടി ജെ വിനോദ് എംഎല്‍എയുമെല്ലാം നിരന്തര ഇടപെടലുകള്‍ നടത്തിയിരുന്നു.ഇന്നത്തെ മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ചുമതലയേല്‍ക്കുന്ന സമയത്ത് ആദ്യ ടവറിന്റെ രണ്ട് നിലകള്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടായിരുന്നു.

മേയര്‍ ആയി ചുമതലറ്റെടുത്ത ഉടന്‍ തന്നെ 2021 മാര്‍ച്ച് മാസം 17ന് ഇന്നത്തെ മേയര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത് ഓര്‍ക്കുന്നു ''ആദ്യ ടവറിന്റെ 2 നിലകള്‍ പൂര്‍ത്തിയായി. 3-)o നിലയുടെ മൂന്നില്‍ ഒന്ന് ഭാഗം പൂര്‍ത്തിയായി.8 നിലകള്‍ വരെയാണ് നിലവില്‍ കരാര്‍ ഏറ്റെടുത്ത കമ്പനി നിര്‍മ്മാണം പൂര്‍ത്തിയാക്കുക. ബാക്കി 3 നിലകള്‍ കൊച്ചിന്‍ സ്മാര്‍ട്ട് സിറ്റി മിഷന്‍ ലിമിറ്റഡിന്റെ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കും. സമാന്തരമായി സ്മാര്‍ട്ട് സിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് അടുത്ത ടവര്‍ ആരംഭിക്കും.'' ഈ ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ കൃത്യവും വ്യക്തവുമായി അദ്ദേഹം തന്നെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. യു ഡി എഫ് കൊച്ചിയിലെ ജനങ്ങള്‍ക്ക് വേണ്ടി കൊണ്ടുവന്ന പദ്ധതി ''നോക്കി നടത്തുന്നതില്‍'' ഇന്നത്തെ ഭരണ സമിതി ഒരു വലിയ വിജയം തന്നെയായിരുന്നു. (അല്‍പ്പം വൈകിയെങ്കിലും).

കൊച്ചിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണ്... നേട്ടമാണ്. 394 കുടുംബങ്ങള്‍ക്ക് കൂടൊരുങ്ങുകയാണ്. ശ്രീ. ടോണി ചമ്മിണിയും കൊച്ചി നഗരസഭ കൗണ്‍സിലര്‍ ശ്രീ.ടി കെ അഷ്റഫും ഈ വിഷയത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്. ആദ്യാവസാനം സ്വപ്ന പദ്ധതിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. എല്ലാവിധ ആശംസകളും.


Full View

അവകാശവാദവുമായി ബിജെപിയും

സ്വപ്‌ന പദ്ധതി യാഥാര്‍ഥ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റിട്ട ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പദ്ധതിയുടെ 50 ശതമാനം കേന്ദ്രമാണ് അനുവദിച്ചതെന്നും 30 ശതമാനമാണ് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമെന്നും ചൂണ്ടി കാട്ടി. കേന്ദ്ര പദ്ധതികള്‍ കേരളത്തിലുള്ളവര്‍ക്ക് നിഷേധിച്ചും പേര് മാറ്റി നടപ്പാക്കിയും ജനങ്ങളെ കബളിപ്പിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ്:

നന്ദി മോദി!

വീടില്ലാത്ത നാനൂറോളം കുടുംബങ്ങള്‍ക്ക് സമാധാനത്തോടെ തലചായ്ക്കാന്‍ ഇടമൊരുക്കിയതിന്. ഫോര്‍ട്ട് കൊച്ചി- തുരുത്തി കോളനിയിലെ 394 കുടുംബങ്ങള്‍ക്കാണ് നരേന്ദ്ര മോദി സര്‍ക്കാരിലൂടെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍പ്പെടുത്തിയാണ് ഈ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വീടിനായുള്ള ഫണ്ടനുവദിച്ചത്.

ആകെ ചെലവിന്റെ 50 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ 30 ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം. 20 ശതമാനം കൊച്ചി കോര്‍പ്പറേഷനും ചെലവാക്കി. യാഥാര്‍ത്ഥ്യം ഇതായിരിക്കെ പദ്ധതിയുടെ ക്രെഡിറ്റ് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരും കോര്‍പ്പറേഷനും.

വീടില്ലാത്ത പാവപ്പെട്ടവര്‍ക്കായി പ്രധാനമന്ത്രി ആവാസ് യോജനയടക്കം ഒട്ടേറെ പദ്ധതികളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. രാജ്യത്തുടനീളം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ഇതിലൂടെ തല ചായ്ക്കാനിടമൊരുങ്ങിയത്.

എന്നാല്‍ കേന്ദ്ര പദ്ധതികള്‍ കേരളത്തിലുള്ളവര്‍ക്ക് നിഷേധിച്ചും പേര് മാറ്റി നടപ്പാക്കിയും ജനങ്ങളെ കബളിപ്പിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. അവരാണ് ഇപ്പോള്‍ ഫോര്‍ട്ട് കൊച്ചിയിലെ പദ്ധതിയുടെയും ക്രെഡിറ്റ് അടിച്ചു മാറ്റാന്‍ എത്തിയിരിക്കുന്നത്. ജനങ്ങളിത് മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്.

മാറാത്തത് ഇനി മാറും!


Full View

പരിഹസിച്ച് സിപിഎം

വിവാദത്തില്‍ കൊച്ചി മേയര്‍ കെ അനില്‍ കുമാറും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ക്രെഡിറ്റെല്ലാം ഡിസിസി പ്രസിഡന്റ് അടിച്ചെടുത്തോട്ടെയെന്നും അതോടെ പ്രശ്നം തീര്‍ന്നില്ലേ എന്നുമായിരുന്നു അനില്‍ കുമാറിന്റെ പരിഹാസം. 'മലയാളിയുടെ സാമാന്യബോധത്തെ ചോദ്യംചെയ്യരുത്. ഒരു പദ്ധതി വരുന്നു, എന്റെ ജോലി ഞാന്‍ നിര്‍വഹിച്ചു. കൊച്ചി കോര്‍പ്പറേഷന്റെ ജോലി ഞങ്ങള്‍ നിര്‍വഹിച്ചു. കൂട്ടായ പരിശ്രമം നടത്തി. എന്റെ വലിയ നേട്ടമായി ഞാനത് പറഞ്ഞിട്ടില്ല. എല്ലാ വികസനപ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാനുളളതാണ്. പാവപ്പെട്ട മനുഷ്യര്‍ സന്തോഷത്തിലാണ്. ആ സന്തോഷത്തില്‍ പങ്കുചേരേണ്ട സന്ദര്‍ഭത്തില്‍ പരസ്പരം രാഷ്ട്രീയം പറഞ്ഞ് ചെളിവാരി എറിയുക എന്നത് മലയാളിക്ക് ഒട്ടും ചേര്‍ന്ന കാര്യമാണെന്ന് തോന്നുന്നില്ല. ഈ പദ്ധതിയില്‍ സ്മാര്‍ട്ട് സിറ്റിയുടെ പണമുണ്ട്. 50 ശതമാനം കേന്ദ്രവും 30 ശതമാനം സംസ്ഥാനവും ബാക്കി കൊച്ചി കോര്‍പ്പറേഷനുമാണ്. ഇനി അത് കേന്ദ്രപദ്ധതിയാണെന്ന് പറഞ്ഞ് ആരെങ്കിലും വന്നാല്‍ എന്ത് ചെയ്യും? ഇതൊക്കെ ജനങ്ങളുടെ നികുതിപ്പണമല്ലേ? സാധാരണ മനുഷ്യര്‍ക്ക് ഫ്ളാറ്റ് കിട്ടി എന്നതിലാണ് സന്തോഷം':കെ അനില്‍ കുമാര്‍ പറഞ്ഞു.

തുരുത്തിയില്‍ 11 നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള ഒന്നാമത്തെ ടവറില്‍ 300 ചതുരശ്ര അടി വീതമുള്ള 199 യൂണീറ്റുകളാണ് ഉള്ളത്. 13 നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള രണ്ടാമത്തെ ടവറില്‍ ആകെ 195 അപ്പാര്‍ട്ട്‌മെന്റുകളാണുള്ളത്. ഓരോ അപാര്‍ട്ട്‌മെന്റിലും ഡൈനിംഗ് / ലിവിംഗ് ഏരിയ, ഒരു ബെഡ് റൂം, കിച്ചണ്‍, ബാല്‍ക്കണി, 2 ടോയിലറ്റുകള്‍ എന്നിവയുണ്ട്. കോമണ്‍ ഏരിയ, പാര്‍ക്കിങ്ങ് സ്ലോട്ടുകള്‍, കടമുറികള്‍, 105 കെഎല്‍ഡി കപ്പാസിറ്റിയുള്ള സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, അങ്കണവാടി, ലിഫ്റ്റ് സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Tags:    

Similar News