കാറില്‍ വഴിനീളെ മദ്യപാനം; റോഡരികില്‍ കാര്‍ നിര്‍ത്തി ഗ്ലാസില്‍ ശ്രീക്കുട്ടിക്ക് മദ്യം നല്‍കി അജ്മല്‍; ദൃശ്യങ്ങളും പോലീസിന്; അപകടമുണ്ടാക്കി ചീറിപ്പാഞ്ഞ കാര്‍ തടയിട്ടത് അരമണിക്കൂര്‍ നീണ്ട ചേസിങില്‍

ചീറിപ്പാഞ്ഞ കാറിനെ പിടികൂടിയത് സാഹസികമായ ചേസിങിലൂടെ

Update: 2024-09-17 06:46 GMT

ശാസ്താംകോട്ട: ആനൂര്‍ക്കാവില്‍ മനഃസാക്ഷിയെ മരവിപ്പിച്ച വാഹനാപകടം കണ്‍മുന്നില്‍ കണ്ടതിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. തിരുവോണത്തിന്റെയും നബിദിനത്തിന്റെയും ആഘോഷവേള പൊടുന്നനെ വേദനയ്ക്കു വഴിമാറി. സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചിട്ട ശേഷം പുറത്തിറങ്ങാനോ രക്ഷപ്പെടുത്താനോ ശ്രമിക്കാതെയാണു കാറുമായി പ്രതികള്‍ രക്ഷപ്പെടാനായിരുന്നു ശ്രമിച്ചത്. മുന്‍വശത്തെ ചക്രത്തില്‍ തലമുടി കുരുങ്ങിയ നിലയില്‍ കിടന്ന കുഞ്ഞുമോളുടെ ശരീരം കൊരുത്തു വലിച്ചു പിറകിലേക്ക് എടുത്ത ശേഷം വീണ്ടും കാര്‍ കയറ്റിയിറക്കിയതു ഞെട്ടലോടെയാണ് ദൃക്‌സാക്ഷികള്‍ ഓര്‍ക്കുന്നത്.

വണ്ടി എടുക്കല്ലേയെന്നു ഞങ്ങള്‍ പറയുന്നതു കാറില്‍ ഉണ്ടായിരുന്നവര്‍ കേട്ടിരുന്നെങ്കില്‍ ചേച്ചിയെ ജീവനോടെ കിട്ടുമായിരുന്നു എന്ന് ദൃക്‌സാക്ഷിയായ വിന്ധ്യ പറഞ്ഞു. ആളുകള്‍ ഓടിക്കൂടുന്നതു കണ്ടു പരിഭ്രാന്തരായതോടെ അജ്മലിന്റെ തോളില്‍ തട്ടി കാര്‍ മുന്നോട്ട് എടുത്തു രക്ഷപ്പെടാന്‍ ശ്രീക്കുട്ടി നിര്‍ബന്ധിച്ചതായി പരിസരവാസി സഞ്ജയ് പറഞ്ഞു. വാരിയെല്ലുകള്‍ നുറുങ്ങി ശ്വാസകോശം തകര്‍ന്നാണു കുഞ്ഞുമോളുടെ ജീവന്‍ നഷ്ടമായത്. അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്ങും തുടര്‍ന്നുള്ള അപകടവും ജീവനായി പിടയുന്ന ശരീരത്തിലൂടെ വീണ്ടും കാര്‍ കയറ്റിയിറക്കിയ ക്രൂരതയുമാണു നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്.

കാറിടിച്ചതിന്റെ ആഘാതത്തില്‍ ഉയര്‍ന്നുപൊങ്ങിയ കുഞ്ഞുമോള്‍ ബോണറ്റിലും തുടര്‍ന്ന് കാറിനു മുന്നിലും വീണു. കാറെടുത്താല്‍ കുഞ്ഞുമോളുടെ ദേഹത്ത് കയറുമെന്ന നിലയിലാണ് റോഡില്‍ വീണുകിടന്നത്. കണ്ടുനിന്നവര്‍ വണ്ടി എടുക്കല്ലേടാന്ന് ഉച്ചത്തില്‍ അലറിവിളിച്ചെങ്കിലും അതു വകവയ്ക്കാതെ അജ്മല്‍ അതിവേഗം കാര്‍ മുന്നോട്ടെടുക്കുകയായിരുന്നെന്ന് സമീപം ഉണ്ടായിരുന്ന പണവിളയില്‍ സബിര്‍ഷായും ആനൂര്‍ക്കാവ് സ്വദേശി നൗഷാദും പറഞ്ഞു. ഗോകുലം സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ വാങ്ങി ഫൗസിക്കൊപ്പം കുഞ്ഞുമോള്‍ സ്‌കൂട്ടറില്‍ കയറി തൊട്ടടുത്തുള്ള വീട്ടിലേക്കു പോകുന്നത് കണ്ടതാണ്.

സാഹസികമായ ചേസിങ്

റോഡിലേക്കു കയറി അവരുടെ ഭാഗത്തേക്ക് കൃത്യമായി ഓടിച്ചുപോകുകയായിരുന്നു. ഈ സമയമാണ് അജ്മല്‍ തെറ്റായ ദിശയില്‍ അതിവേഗം കാറോടിച്ചുവന്ന് ഇവരെ ഇടിച്ചുതെറിപ്പിച്ചത്. സംഭവംകണ്ട് ചകിതയായ ശ്രീകുട്ടി വേഗം വിട് എന്നു പറയുന്നുമുണ്ടായിരുന്നു. അല്പം മാറി കാര്‍ തടയാന്‍ ശ്രമിച്ചവരെയും ഇടിച്ചോട്ടെയെന്ന രീതിയില്‍ അതിവേഗത്തിലാണ് ഓടിച്ചുപോയതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

കാര്‍ കുതിച്ചപ്പോള്‍ സാഹസികമായി വണ്ടിയോടിച്ചു പിന്തുടര്‍ന്നത് നാട്ടുകാരായ മൂന്നു ചെറുപ്പക്കാരാണ്. ഏതുവഴിയാണ് അജ്മല്‍ രക്ഷപ്പെടുന്നതെങ്കിലും അതുവഴി പിന്തുടരാന്‍ പറ്റുന്നവരായിരുന്നു മൂവരും. ഫൈസല്‍. അജ്മല്‍ഷാ, അര്‍ഷാദ് എന്നിവരാണ് ബൈക്കില്‍ പിന്തുടര്‍ന്നത്. ഇതില്‍ അര്‍ഷാദ് സംസാരശേഷിയില്ലാത്ത ആളാണ്.

കാരൂര്‍ക്കടവില്‍നിന്ന് ഷാപ്പു മുക്കിലെത്തിയശേഷം ഇടത്തോട്ടുകയറി മാരാരിത്തോട്ടംവഴി മാളിയേക്കല്‍ പാലം കയറി കരുനാഗപ്പള്ളി ആലുംമുക്കിലെത്തി. പിന്നെ ഹൈസ്‌കൂള്‍ ജങ്ഷന്‍ -റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കയറി കോടതിമുക്കില്‍ എത്തുകയായിരുന്നു. 'ജീവന' സ്ഥാപനത്തിനു മുന്നില്‍ വണ്ടി നിര്‍ത്തിയിട്ട് ഇറങ്ങാതെ നിന്ന അജ്മലിനെ പിന്നാലെയെത്തിയവര്‍ ബൈക്കുകള്‍ കുറുകേ വെച്ചശേഷം കാറിന്റെ ഡോര്‍ തുറന്ന് പിടിച്ചി റക്കുകയായിരുന്നു. ഡോ. ശ്രീക്കുട്ടി ഓടി അടുത്തുള്ള ഒരു വീട്ടില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

വഴിനീളെ മദ്യപാനം

സ്‌കൂട്ടറില്‍ ഇടിച്ചപ്പോള്‍ ബോണറ്റില്‍ തട്ടി മുന്നില്‍ വീണ കുഞ്ഞുമോളെ നിര്‍ദാക്ഷിണ്യം കാര്‍കയറ്റി കൊലപ്പെടുത്തിയ അജ്മല്‍ ചന്ദനത്തടിമോഷണം ഉള്‍പ്പെടെ അഞ്ചു കേസുകളില്‍ പ്രതിയാണ്. ഒരു മാസംമുന്‍പ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തിയപ്പോഴാണ് ഡോ. ശ്രീക്കുട്ടിയെ പരിചയമാകുന്നത്.

ശ്രീക്കുട്ടി ഒരുവര്‍ഷത്തോളമായി ഇവിടെ ജോലിചെയ്തു വരികയാണ്. ബന്ധം ശക്തമാ യതോടെ അജ്മല്‍ ആശുപത്രിയില്‍ പതിവ് സന്ദര്‍ശകനാകുകയും ചെയ്തു. ഡോക്ടറെ ജോലിസ്ഥലത്ത് പതിവായി സന്ദര്‍ശിക്കാന്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇരുവര്‍ക്കും താക്കീത് നല്‍കിയിരുന്നു. ഇതിനിടെയാണ് ഇവര്‍ കരുനാഗപ്പള്ളിയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഓണാഘോഷത്തിനായി ഒത്തുചേര്‍ന്നത്.

ഉച്ചയ്ക്കുശേഷം അജ്മലിന്റെ വീട് നില്‍ക്കുന്ന വെളുത്തമണലിലേക്കു വരികയായിരുന്നു. ഒന്നിലേറെ സ്ഥലങ്ങളില്‍ ഇവര്‍ കാറിലിരുന്ന് മദ്യപിക്കുകയും ചെയ്തു. സോമവിലാസം ചന്തമുക്കിലെ റോഡരികില്‍ കാര്‍നിര്‍ത്തി ഗ്ലാസില്‍ ശ്രീക്കുട്ടിക്ക് മദ്യം പകരുന്ന ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. ലഹരിയിലായിരുന്ന അജ്മലിനെ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ നിര്‍ബന്ധിച്ചതും ശ്രീക്കുട്ടിയായിരുന്നു.കാറില്‍ വഴിനീളെ മദ്യപാനം; റോഡരികില്‍ കാര്‍ നിര്‍ത്തി ഗ്ലാസില്‍ ശ്രീക്കുട്ടിക്ക് മദ്യം നല്‍കി അജ്മല്‍; ദൃശ്യങ്ങളും പോലീസിന്; അപകടമുണ്ടാക്കി ചീറിപ്പാഞ്ഞ കാര്‍ തടയിട്ടത് അരമണിക്കൂര്‍ നീണ്ട ചേസിങില്‍

Tags:    

Similar News