കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ഇനി ആര്‍ക്കും പരസ്യം പിടിക്കാം; ഒരു ലക്ഷം രൂപയുടെ പരസ്യം പിടിച്ചാല്‍ 15 ശതമാനം നിങ്ങളുടെ അക്കൗണ്ടിലെത്തും; പുതിയ തൊഴിലവസരം തുറക്കുകയാണെന്ന് ഗതാഗത മന്ത്രി; പരസ്യ കമ്പനികള്‍ കോടികള്‍ തട്ടി; ഏഴ് വര്‍ഷത്തിനിടെ 65 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് നഷ്ടമുണ്ടായെന്നും ഗണേഷ്‌കുമാര്‍

കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ഇനി ആര്‍ക്കും പരസ്യം പിടിക്കാം

Update: 2025-10-12 14:01 GMT

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ പരസ്യം പിടിക്കാനുള്ള മാനദണ്ഡങ്ങള്‍ മാറ്റി കോര്‍പ്പറേഷന്‍. ഇക്കാര്യം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് അറിയിച്ചത്. ഇനി മുതല്‍ കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ആര്‍ക്കും പരസ്യം പിടിക്കാന്‍ അവസരം നല്‍കുന്ന പദ്ധതിയുമായാണ് മന്ത്രി രംഗത്തുവന്നത്. പരസ്യ കമ്പനികള്‍ കാരണം കെ.എസ്.ആര്‍.ടി.സിക്ക് കോടികളുടെ നഷ്ടം ഉണ്ടാകുന്നതിനെ തുടര്‍ന്നാണ് തീരുമാനം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാന്‍ നൂതനമായ 'തൊഴില്‍ ദാന പദ്ധതിയുമായാണ്' ഗണേഷ്‌കുമാര്‍ രംഗത്തുവന്നത്. ആര്‍ക്കും കെഎസ്ആര്‍ടിസിക്ക് വേണ്ടി പരസ്യങ്ങള്‍ പിടിക്കാന്‍ അവസരം നല്‍കുന്ന ഈ പദ്ധതി ഉടന്‍ നിലവില്‍ വരുമെന്ന് അദ്ദേഹം പ്രതികരിച്ചു.

ഈ പദ്ധതി പ്രകാരം, ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്ആര്‍ടിസിക്ക് നേടി നല്‍കുന്ന ഏതൊരാള്‍ക്കും അതിന്റെ 15 ശതമാനം കമ്മീഷനായി സ്വന്തം അക്കൗണ്ടിലേക്ക് ലഭിക്കും. കെഎസ്ആര്‍ടിസിയില്‍ പരസ്യം പിടിച്ചുകൊണ്ട് ഏതൊരു ചെറുപ്പക്കാരനും മാന്യമായി ജീവിക്കാനുള്ള ഒരു പുതിയ തൊഴിലവസരമാണ് ഇതിലൂടെ തുറന്നു കൊടുക്കുന്നതെന്നും മന്ത്രി അറിയിച്ചു.

പുതിയ പദ്ധതി പ്രഖ്യാപിക്കുന്നതിനിടെ, പരസ്യ കമ്പനികള്‍ക്കെതിരെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. പരസ്യ കമ്പനികള്‍ കാരണം കോടികളുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്നത്. കഴിഞ്ഞ 6-7 വര്‍ഷങ്ങള്‍ക്കുള്ളില്‍ 65 കോടി രൂപയെങ്കിലും ഈ വകയില്‍ കോര്‍പ്പറേഷന് നഷ്ടമുണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ടെന്‍ഡര്‍ എടുത്തതിന് ശേഷം ചില കമ്പനികള്‍ കള്ളക്കേസുകള്‍ ഉണ്ടാക്കുകയും കോടതിയില്‍ പോയി ആ ഇനത്തില്‍ പണം കൈക്കലാക്കുകയും ചെയ്യുന്നതാണ് കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമുണ്ടാകാന്‍ കാരണം. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇത്തരം കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ടെന്‍ഡര്‍ വിളിക്കുമ്പോള്‍ സംഘം ചേര്‍ന്ന് വരാതിരിക്കുക എന്ന പുതിയ തന്ത്രമാണ് അവര്‍ പയറ്റുന്നതെന്നും മന്ത്രി വ്യക്തമാക്കി.

'അവനെ വിറ്റ കാശ് നമ്മുടെ പോക്കറ്റിലുണ്ട്' എന്ന് പറഞ്ഞായിരുന്നു മന്ത്രി പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പത്താനപുരത്തെ എം.എല്‍.എയാണ് ഞാന്‍. ബദല്‍ പദ്ധതി സര്‍ക്കാര്‍ ഇവിടെ ഉടന്‍ അവതരിപ്പിക്കുകയാണ്. ഏതൊരു ചെറുപ്പക്കാര്‍ക്കും ഇനി കെ.എസ്.ആര്‍.ടി.സിയില്‍ പരസ്യം പിടിക്കാവുന്ന പദ്ധതി -മന്ത്രി വ്യക്തമാക്കി.

Tags:    

Similar News