'പാര്‍ട്ടി രണ്ടുതട്ടിലല്ല, ഈ കുടുംബത്തിനൊപ്പം; സിപിഎം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്'; നവീന്‍ ബാബുവിന്റെ വീട്ടിലെത്തി എം.വി.ഗോവിന്ദന്‍; ദിവ്യക്കെതിരെ സംഘടനാ നടപടി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമെന്നും ഗോവിന്ദന്‍

പാര്‍ട്ടി രണ്ടുതട്ടിലല്ല, ഈ കുടുംബത്തിനൊപ്പം;

Update: 2024-10-20 07:44 GMT

പത്തനംതിട്ട: കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ വീട്ടിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആര് എന്തുപറഞ്ഞാലും പാര്‍ട്ടി അന്നും ഇന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.സിപിഎം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നതെന്നും അദ്ദേഹം വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

മരിച്ച നവീന്‍ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിയ ഗോവിന്ദന്‍ കുടുംബത്തെ ആശ്വസിപ്പിച്ചു. അവരുടെ പരാതികള്‍ കേട്ട ശേഷമാണ് മടങ്ങിയത്. നവീന്‍ ബാബുവിന്റെ അപ്രതീക്ഷിതമായ മരണം കുടുംബത്തെ മാത്രമല്ല, അദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും ദുഃഖത്തിലാഴ്ത്തിയ സംഭവമാണ്. ഇത് നടക്കുമ്പോള്‍ ഞങ്ങള്‍ പി.ബിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലായിരുന്നു. അവിടെ നിന്നാണ് സംഭവങ്ങള്‍ അറിയുന്നത്. ആ കുടുംബം വളരെ അധികം പ്രയാസം അനുഭവിക്കുന്ന സമയമാണിതെന്നും അതാണ് തിരിച്ചെത്തിയ ഉടന്‍ കുടുംബത്തെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

നവീന്‍ ബാബുവിന്റെ ഭാര്യയോടും മക്കളോടും കുടുംബാംഗങ്ങളോടുമെല്ലാം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സര്‍വവും നഷ്ടപ്പെട്ട തങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ വേണമെന്നും അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നുമാണ് കുടുംബം ആവശ്യപ്പെട്ടത്. എല്ലാ അര്‍ഥത്തിലും പാര്‍ട്ടി അവര്‍ അഭിമുഖീകരിക്കുന്ന വേദനയ്ക്കൊപ്പമാണ്, ഈ കുടുംബത്തിനൊപ്പമാണെന്നും എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കാര്യത്തില്‍ പാര്‍ട്ടി രണ്ട് തട്ടിലാണെന്ന പ്രചരണം മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പാര്‍ട്ടി ഇക്കാര്യത്തില്‍ ഒരുതട്ടില്‍ തന്നെയാണ്. അത് കണ്ണൂരിലെ പാര്‍ട്ടി ആയാലും പത്തനംതിട്ടയിലെ പാര്‍ട്ടിയായാലും കേരളത്തിലെ പാര്‍ട്ടി ആയാലും കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നിന്ന് എം.വി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ എത്തിയിരുന്നു. സംഭവം അറിഞ്ഞയുടന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറുമായി സംസാരിക്കുകയും കുടുംബവുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെടുകയു ചെയ്തു.

ദിവ്യക്കെതിരെയുള്ള സംഘടനപരമായ നടപടിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് പാര്‍ട്ടിക്കുള്ളിലെ കാര്യമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ജനങ്ങളുമായി ബന്ധപ്പെട്ടത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമായിരുന്നു. ആ സ്ഥാനത്തുനിന്ന് നീക്കുകയെന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട നടപടി. അത് ഇതിനോടകം എടുത്തുകഴിഞ്ഞു. അത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് എന്ന് താന്‍ ആവര്‍ത്തിച്ച് പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതിന്റെ ഭാഗമായി അന്വേഷണം നടത്തണമെന്ന് മാത്രമാണ് പറഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി എന്ത് നടപടിയും നിലപാടും സ്വീകരിക്കുന്നതിനും പാര്‍ട്ടിയുടെ പിന്തുണയുണ്ട്. ജില്ലാ കളക്ടര്‍ക്ക് എതിരായ ആരോപണവും അന്വേഷിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായുള്ള നടപടികള്‍ ഉണ്ടാകുമെന്നും എം.വി. ഗോവിന്ദന്‍ ഉറപ്പുനല്‍കി.

ഇന്ന് രാവിലെ 11.30 ഓടെ വീട്ടിലെത്തിയ അദ്ദേഹം അടച്ചിട്ട മുറിയിലാണ് കുടുംബവുമായി കൂടിക്കാഴ്ച നടത്തിയത്. നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം എംവി ഗോവിന്ദന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിച്ച ശേഷം എല്ലാവരെയും പുറത്തിറക്കി സിപിഎം നേതാക്കള്‍ക്കൊപ്പം കുടുംബാംഗങ്ങളോട് അദ്ദേഹം സംസാരിക്കുകയായിരുന്നു. കേസില്‍ കുറ്റാരോപിതയായ പിപി ദിവ്യയെ പൊലീസ് ഇനിയും ചോദ്യം ചെയ്യാതിരിക്കുന്ന സാഹചര്യത്തില്‍ കുടുംബത്തിന് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാനും പാര്‍ട്ടി പിന്തുണ അറിയിക്കാനുമാണ് എംവി ഗോവിന്ദന്റെ സന്ദര്‍ശനം. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, മുന്‍ എംഎല്‍എ രാജു എബ്രഹാം തുടങ്ങിയവര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു.

Tags:    

Similar News