ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റില്‍; ഇരുവരേയും അറസ്റ്റ് ചെയ്തത് മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ചുള്ള പരാതിയില്‍; കെട്ടിച്ചമച്ച കേസെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍; പൊതുവിടങ്ങളില്‍ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സാധാരണവേഷം ധരിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് അനൗദ്യോഗിക നിര്‍ദേശം
ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫിസുകളിലേക്കും ജോലിക്കായി ദുര്‍ഗില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തിയപ്പോളാണ് ഇരുവരേയും പോലിസ് അറസ്റ്റ് ചെയ്തത്. അതേസമയം കെട്ടിച്ചമച്ച കേസാണിതെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍ അറിയിച്ചു. തീവ്രഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് റെയില്‍ വേ പോലിസ് കേസെടുത്ത് ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ക്രിസ്ത്യന്‍ സംഘടനകളുടെ വാദം.
അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തില്‍ (ഗ്രീന്‍ ഗാര്‍ഡന്‍സ്) അംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധമുയര്‍ത്തി കന്യാസ്ത്രീകളെ തടഞ്ഞുവയ്ക്കുകയായിരുന്നു. അതേസമയം സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫിസുകളിലേക്കും ജോലിക്കായി ദുര്‍ഗില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനാണ് ഇവര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.
പെണ്‍കുട്ടികളും അതിലൊരാളുടെ സഹോദരനുമാണ് കന്യാസ്ത്രീകളെ കാത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. പ്ലാറ്റ്‌ഫോം ടിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ റെയില്‍വേ അധികൃതര്‍ കുട്ടികളെ ചോദ്യം ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥരില്‍ ആരോ ഒരാള്‍ തീവ്രഹിന്ദുത്വ സംഘടനകളില്‍പ്പെട്ട ചിലരെ വിളിച്ചുവരുത്തിയെന്നാണ് ആരോപണം. പെണ്‍കുട്ടികളിലൊരാള്‍ സമ്മതപ്രകാരമല്ല എത്തിയതെന്നും ഇവര്‍ ആരോപിച്ചു. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കന്യാസ്ത്രീകള്‍ ഇപ്പോള്‍ ദുര്‍ഗിലെ ജയിലിലാണ്. പെണ്‍കുട്ടികളുടെ മാതാപിതാക്കളെ എത്തിച്ച് സത്യാവസ്ഥ ബോധിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും (സിബിസിഐ) വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മനുഷ്യക്കടത്ത്, മതപരിവര്‍ത്തനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് ഗ്രീന്‍ ഗാര്‍ഡന്‍സ് സന്ന്യാസസഭയുടെ മേലധികാരികള്‍ പറഞ്ഞു.
അതേസമയം ഇത്തരം പ്രശ്‌നങ്ങള്‍ പതിവായതോടെ പൊതുവിടങ്ങളില്‍ യാത്രചെയ്യുമ്പോള്‍ സഭാവസ്ത്രം ഉപേക്ഷിച്ച് സാധാരണവേഷം ധരിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് അനൗദ്യോഗിക നിര്‍ദേശം. ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന വൈദികര്‍തന്നെയാണ് വൈദികരുടെയും കന്യാസ്ത്രീകളുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്. ഇതു ചെയ്യാറുണ്ടെങ്കിലും സഹോദരനൊപ്പം വരുന്ന പെണ്‍കുട്ടികളെച്ചൊല്ലി വിവാദമുണ്ടാകുമെന്നു കരുതിയില്ലെന്ന് മുതിര്‍ന്ന കന്യാസ്ത്രീ പറഞ്ഞു. ജോലിക്കുവരുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളെ കൂട്ടാനും അവരുടെ യാത്രാച്ചെലവ് വഹിക്കാനുമാണ് മറ്റൊരു നിര്‍ദേശം. ജാഗ്രത എന്ന നിലയില്‍ ഇങ്ങനെ അനൗദ്യോഗികമായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അമൃത്സറില്‍ പ്രവര്‍ത്തിക്കുന്ന ഫാ. സുരേഷ് മാത്യു പറഞ്ഞു.