പുലർച്ചെ ഉറങ്ങികിടന്നവർ കേട്ടത് ഉഗ്ര ശബ്ദം; ഇരച്ചെത്തിയ വെള്ളത്തിൽ വ്യാപക നാശം; കൊച്ചി തമ്മനത്ത് കൂറ്റൻ ജലസംഭരണി തകർന്ന് അപകടം; ടാങ്കില്‍ നിന്ന് ഒഴുകിയത് 1.15 കോടി ലീറ്റര്‍ ജലം; മതിലുകൾ പൊട്ടിപ്പൊളിഞ്ഞു വാഹനങ്ങൾ ഒഴുകിപോയി; ആളുകൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Update: 2025-11-10 01:32 GMT

കൊച്ചി: കൊച്ചി തമ്മനത്ത് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കൂറ്റൻ ജലസംഭരണിയുടെ ഭിത്തി ഇടിഞ്ഞുവീണ് വൻ നാശനഷ്ടം. 1.35 കോടി ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ടാങ്കിന്റെ ഒരു ഭാഗമാണ് ഇന്ന് പുലർച്ചെ മൂന്നു മണിയോടെ തകർന്നത്. അപകടസമയത്ത് ടാങ്കിൽ 1.15 കോടി ലിറ്റർ വെള്ളം നിറഞ്ഞിരുന്നു. ഈ വെള്ളം റോഡുകളിലേക്കും സമീപത്തെ വീടുകളിലേക്കും വ്യാപകമായി ഒഴുകിയെത്തി.

ജലസംഭരണി സ്ഥിതി ചെയ്യുന്ന കോർപ്പറേഷൻ 45-ാം ഡിവിഷനിലെ ടാങ്കിന്റെ ഭിത്തി തകർന്നതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന പത്തോളം വീടുകളിൽ വെള്ളം കയറി. മതിലുകൾ തകരുകയും വീട്ടുപകരണങ്ങൾ നശിക്കുകയും ചെയ്തു. വെള്ളത്തിൽ ഒഴുകിപ്പോയ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പുത്തൻപാടം ഹെൽത്ത് സെന്റർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും വെള്ളം കയറിയതായി വാർഡ് കൗൺസിലർ സക്കീർ അറിയിച്ചു. പുലർച്ചെ സംഭവിച്ചതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ആളുകൾ അറിയാൻ വൈകിയതിനാൽ നാശനഷ്ടം വർദ്ധിച്ചു.

40 വർഷത്തിലേറെ പഴക്കമുള്ളതാണ് തകർന്ന ജലസംഭരണി. രണ്ട് അറകളുള്ള ഈ സംഭരണിയുടെ ഒരു അറയുടെ ഒരു ഭാഗത്തെ ഭിത്തിയാണ് അടർന്നുപോയത്. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന സംഭരണിയാണ് ഇത്.

അപകടത്തെ തുടർന്ന് ഇന്ന് കൊച്ചി നഗരത്തിൽ ജലവിതരണം പൂർണ്ണമായും മുടങ്ങും. ടാങ്ക് നന്നാക്കുന്നതിനും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും വേണ്ട നടപടികൾ അധികൃതർ സ്വീകരിച്ചു വരുന്നു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ഇത്തരം പഴക്കംചെന്ന ജലസംഭരണികളുടെ സുരക്ഷാ പരിശോധനകൾ കൃത്യമായി നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചോദ്യങ്ങളും ഈ സംഭവത്തോടെ ഉയർന്നിട്ടുണ്ട്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നു.

Tags:    

Similar News