മാറ്റുരയ്ക്കാന്‍ 15000ത്തിലധികം മത്സരാര്‍ത്ഥികള്‍; 25 വേദികളിലായി 249 ഇനങ്ങളില്‍ മത്സരങ്ങള്‍; കലയുടെ വലിയ പൂരത്തിന് ഒരുങ്ങി തലസ്ഥാന നഗരി; രുചിമേളം ഒരുക്കാന്‍ പഴയിടത്തിന്റെ ഭക്ഷണപ്പുരയും; സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിയാന്‍ ഇനി മണിക്കൂറുള്‍ മാത്രം

സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിയാന്‍ ഇനി മണിക്കൂറുള്‍ മാത്രം

Update: 2025-01-03 14:14 GMT

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ രാവിലെ 9 മണിയ്ക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഉദ്ഘാടന പരിപാടിയോടെയാണ് കലോത്സവം ആരംഭിക്കുന്നത്. ജനുവരി നാലിന് ആരംഭിക്കുന്ന കലോത്സവം ജനുവരി എട്ടിന് അവസാനിക്കും. കലയുടെ വലിയ പൂരം കൊഴുപ്പിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൗമാര പ്രതിഭകള്‍ തിരുവനന്തപുരത്ത് എത്തിത്തുടങ്ങി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കുന്ന മത്സരാര്‍ഥികളെ ആര്‍പ്പുവിളികളോടെയും വാദ്യഘോഷത്തിന്റെയും അകമ്പടിയോടെയാണ് സംഘാടകര്‍ സ്വീകരിച്ചത്.

മഹാമേളയ്ക്ക് ഒരു ദിവസം മുന്‍പ് തന്നെ തലസ്ഥാന നഗരിയിലെത്തിയ ആദ്യ സംഘം കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെട്ട എഴുപതോളം പേരടങ്ങുന്നതായിരുന്ന സംഘമായിരുന്നു. തൊട്ടുപിന്നാലെ വയനാട്ടില്‍ നിന്നുള്ള കുട്ടികളുമെത്തി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാലയണിയിച്ച് മധുരം നല്‍കിയാണ് സംഘാടകര്‍ കുട്ടികളെ സ്വീകരിച്ചത്. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, എം.എല്‍.എമാരായ ആന്റണി രാജു, എം.വിന്‍സന്റ്, മേയര്‍ ആര്യാ രാജേന്ദ്രന്‍, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ധന്യ.ആര്‍.കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടികളെ സ്വീകരിച്ചത്.

തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. 15000ത്തിലധികം വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കാനായെത്തുന്നത്. പ്രധാന വേദിയായി സെന്‍ട്രല്‍ സ്റ്റേഡിയമാണ് നിശ്ചയിച്ചിട്ടുള്ളത്. 30 ഗ്രീന്‍ റൂം, 40 ഓളം ശുചിമുറികള്‍, ഫില്‍റ്റര്‍ ചെയ്ത ശുദ്ധജലം ലഭിക്കുന്ന പൈപ്പ് കണക്ഷനുകള്‍ അടക്കം അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടുള്ള തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം ആണ് പ്രധാന വേദിയാകുന്നത്.

മത്സരവേദികള്‍ക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. എട്ടു വര്‍ഷത്തിന് ശേഷമാണ് തലസ്ഥാനത്ത് സ്‌കൂള്‍ കലോത്സവം നടക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയം, .ഗവ. വിമന്‍സ് കോളേജ് ഓഡിറ്റോറിയം- വഴുതക്കാട്, ടാഗോര്‍ തിയേറ്റര്‍, വഴുതക്കാട്, കാര്‍ത്തിക തിരുനാള്‍ തിയേറ്റര്‍ - ഈസ്റ്റ് ഫോര്‍ട്ട്, ഗവ.എച്ച്എസ്എസ് - മണക്കാട്, എസ്.ടി. ജോസഫ്‌സ് എച്ച്എസ്എസ്, ഗവ. ഗേള്‍സ് എച്ച്എസ്എസ് പട്ടം, നിര്‍മ്മല ഭവന്‍ എച്ച്എസ്എസ് കവഡിയാര്‍, കോട്ടണ്‍ ഹില്‍ എച്ച്എസ് ഓഡിറ്റോറിയം, സ്വാതി തിരുനാള്‍ മ്യൂസിക് കോളേജ്-തൈക്കാട്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഹാള്‍ - വെള്ളയമ്പലം, പൂജപുര കള്‍ച്ചറല്‍ സെന്റര്‍, കാര്‍മല്‍ എച്ച്എസ്എസ് ഓഡിറ്റോറിയം, ഭാരത് ഭവന്‍ - തൈക്കാട്, നിശാഗന്ധി ഓഡിറ്റോറിയം - കനകക്കുന്ന്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഹാള്‍-വഴുതക്കാട്, ഗവ. മോഡല്‍ എച്ച്എസ്എസ്- തൈക്കാട്, ഗവ. മോഡല്‍ എല്‍പിഎസ് - തൈക്കാട്, അയ്യങ്കാളി ഹാള്‍ - പാളയം, ഗവ. HSS CHALA, ഗവ. മോഡല്‍ എച്ച്എസ്എസ് തൈക്കാട് , ഗവ. മോഡല്‍ എച്ച്എസ്എസ് തൈക്കാട് (ക്ലാസ് റൂം) എന്നിവിടങ്ങളിലാണ് വേദികള്‍ ഒരുക്കിയിട്ടുള്ളത്.

ഓരോ വേദികള്‍ക്കും പ്രത്യേകം ക്യൂ ആര്‍ കോഡുകളുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ വിവിധയിടങ്ങളിലും ബസുകളിലും ക്യൂ ആര്‍ കോഡുകള്‍ പ്രദര്‍ശിപ്പിക്കും. മൊബൈല്‍ ഫോണിലൂടെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ലൊക്കേഷന്‍ കൃത്യമായി മനസിലാക്കാന്‍ സാധിക്കും. സ്‌കാന്‍ ചെയ്യുമ്പോള്‍ തന്നെ ഗൂഗിള്‍ മാപ്പില്‍ ലൊക്കേഷനും മറ്റ് വിവരങ്ങങ്ങളും ലഭിക്കും. കലോത്സവത്തിനായി മറ്റു ജില്ലകളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ക്യൂ ആര്‍ കോഡുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

മത്സര ഫലങ്ങള്‍ വേദികള്‍ക്കരികില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങള്‍ തത്സമയം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും.മത്സരങ്ങള്‍ വീക്ഷിക്കുന്നതിനും മത്സരങ്ങളുടെ പുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് റിലീസ് ചെയ്തിട്ടുള്ള മൊബൈല്‍ ആപ്പ് ഉപയോഗിക്കാം. ഉത്സവം എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്.

മത്സരാര്‍ത്ഥികള്‍ക്ക് 253 സ്‌കൂളിലാണ് താമസം ഒരുക്കിയ്ത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം താമസ സൗകര്യമുണ്ട്. എല്ലാ താമസ സ്ഥലങ്ങളിലും അധ്യാപകരെ രണ്ട് ഷിഫ്റ്റായി ഡ്യൂട്ടിക്ക് നിയോഗിച്ചു. പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്‌കൂളുകളില്‍ വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ സേവനമുണ്ടാകും.

എസ്എംവി സ്‌കൂളിലാണ് രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍. നാളെ കലാമാമാങ്കത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കും.

വയനാട് വെള്ളാര്‍മല ജി.എച്ച്.എസ്.എസിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തം ഉദ്ഘാടനത്തിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

രുചിമേളവുമായി പഴയിടം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇത്തവണവും രുചിമേളം ഒരുക്കി പഴയിടം മോഹനന്‍ നമ്പൂതിരി. ഭക്ഷണപ്പുരയുടെ പാലുകാച്ചലിന് എത്തിയ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, മറ്റ് വിശിഷ്ടാതിഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് തന്റെ സ്‌പെഷല്‍ പായസം നല്‍കി പഴയിടം കര്‍മനിരതനായി. 'മുന്‍ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തെ രുചികള്‍. ഓരോ തവണയും ഓരോ സ്പെഷലാണ്. മനസ്സും വയറും നിറയ്ക്കുന്ന രീതിയില്‍ ഭക്ഷണ രുചികള്‍ ഒരുക്കും, എന്നാല്‍ സ്‌പെഷല്‍ വിഭവം ഏതെന്ന് ഇപ്പോള്‍ പറയുന്നില്ല, ഭക്ഷണം കഴിച്ചു മനസ്സിലാക്കട്ടെ' - പഴയിടം പറഞ്ഞു.

2006 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം മുതല്‍ പഴയിടം മോഹനന്‍ നമ്പൂതിരിയും കൂട്ടരുമാണ് ഭക്ഷണപ്പുരയുടെ ചുമതല വഹിക്കുന്നത്. സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് 14 തവണയും സ്‌കൂള്‍ ശാസ്ത്രമേളയ്ക്ക് 15 തവണയും പഴയിടം ഭക്ഷണം ഒരുക്കിയിട്ടുണ്ട്.

ഭക്ഷണപ്പുരയില്‍ ദിവസവും നാല്‍പതിനായിരം പേര്‍ക്ക് ഭക്ഷണമൊരുക്കും. രാത്രിയിലെ അത്താഴം മുതല്‍ ഭക്ഷണശാല പ്രവര്‍ത്തനസജ്ജമാകും. മൂന്ന് നേരവും ഭക്ഷണമുണ്ടാകും. പതിനായിരം പേര്‍ക്ക് പ്രഭാത ഭക്ഷണവും ഇരുപതിനായിരം പേര്‍ക്ക് ഉച്ചഭക്ഷണവും പതിനായിരം പേര്‍ക്കുള്ള അത്താഴവും ഭക്ഷണപ്പുരയില്‍ തയാറാക്കും. മൂന്ന് നേരവും ഇലയിലാണ് ഭക്ഷണം നല്‍കുന്നത്. വ്യത്യസ്തമായ പ്രഭാത ഭക്ഷണമാണ് ഓരോ ദിവസവും നല്‍കുക. ഉച്ചയ്ക്കുള്ള സദ്യയ്ക്ക് പന്ത്രണ്ടു കറികളും പായസവുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളില്‍ സമാഹരിച്ച ഭക്ഷ്യവിഭവങ്ങള്‍ കഴിഞ്ഞ ദിവസം ഭക്ഷണപ്പുരയില്‍ എത്തിച്ചിട്ടുണ്ട്.

ഭക്ഷണപ്പുരയുടെ സജ്ജീകരണങ്ങളില്‍ പൂര്‍ണമായും തൃപ്തനാണെന്ന് പഴയിടം പറഞ്ഞു. 'എല്ലാ ജില്ലകളില്‍ നിന്നുമുള്ളവര്‍ക്ക് ഇഷ്ടപെടുന്ന രുചികളാവും ഉണ്ടാവുക. അതിനായി നല്ലൊരു മെനു ഒരുക്കിയിട്ടുണ്ട്. ഇനി കുട്ടികള്‍ക്ക് മനസ്സിന് തൃപ്തിയുള്ള നല്ല ഭക്ഷണം നല്‍കണമെന്ന കടമ നിര്‍വഹിക്കാനാകണമെന്ന പ്രാര്‍ഥനമാത്രം' - പഴയിടം പറഞ്ഞു.

പുത്തരിക്കണ്ടം മൈതാനത്ത് തയാറാക്കിയിട്ടുള്ള നെയ്യാര്‍ പന്തലില്‍ ഒരേസമയം 4,000 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ട്. 200 പേര്‍ക്ക് ഇരിക്കാവുന്ന 20 നിരകളാണ് ക്രമീകരിച്ചിട്ടുള്ളത്. അധ്യാപകരും വിദ്യാര്‍ഥികളും സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങളുമുള്‍പ്പടെ 350 പേര്‍ ഭക്ഷണം വിളമ്പാനുണ്ട്. അധ്യാപക സംഘടനയായ കേരള സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷനാണ് ഭക്ഷണ കമ്മിറ്റിയുടെ പൊതുചുമതല.

Tags:    

Similar News