അഞ്ചുവര്‍ഷം മുമ്പ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നെങ്കില്‍ യുക്രെയിന്‍ യുദ്ധം ഒഴിവാക്കാമായിരുന്നു; ട്രംപ് മിടുക്കനും പ്രായോഗിക ബുദ്ധിയുള്ള നേതാവുമെന്ന് വാഴ്ത്തി പുടിന്‍; യുദ്ധം തീര്‍ക്കാന്‍ ചര്‍ച്ചയ്ക്കും തയ്യാര്‍; കല്ലുകടിയായി റഷ്യന്‍ വിദേശമന്ത്രാലയത്തിന്റെ പ്രസ്താവനയും; കിഴക്കന്‍ യൂറോപ്പില്‍ രക്തച്ചൊരിച്ചിലിന് അവസാനമായോ?
ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പുടിന്‍
മോസ്‌കോ: ഉപരോധ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് എത്തിയതിന് പിന്നാലെ ഡൊണള്‍ഡ് ട്രംപിനെ പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് ജയിച്ചിരുന്നെങ്കില്‍ യുക്രെയിനുമായുള്ള യുദ്ധം ഒഴിവാക്കാമായിരുന്നുവെന്ന് പുടിന്‍ വെളളിയാഴ്ച പറഞ്ഞു. താന്‍ അക്കാലത്ത് പ്രസിഡന്റായിരുന്നെങ്കില്‍ യുദ്ധം സംഭവിക്കില്ലായിരുന്നു എന്ന ട്രംപിന്റെ വാക്കുകള്‍ ഏറ്റുപിടിച്ചുകൊണ്ടാണ് പുടിന്റെ പ്രഖ്യാപനം.
2022 ല്‍ യുക്രെയിനില്‍ കടന്നുകയറി റഷ്യന്‍ സേന നടത്തിയ അധിനിവേശത്തെ പ്രതിസന്ധി എന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്. മൂന്നുവര്‍ഷത്തോളം കിഴക്കന്‍ യൂറോപ്പിനെ ബാധിച്ച ഭീകര രക്തച്ചൊരിച്ചില്‍ ട്രംപ് പ്രസിഡന്റ് ആയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു. റഷ്യന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദമായ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്.
ട്രംപ് മിടുക്കന്‍ മാത്രമല്ല, പ്രായോഗിക ബുദ്ധി ഉള്ള നേതാവുമാണ്. യുക്രെയിന്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് താന്‍ ഒരിക്കല്‍ കൂടി ഊന്നി പറയുന്നുവെന്നും പുടിന്‍ പറഞ്ഞു. എന്നാല്‍, തങ്ങളുടെ വിദേശകാര്യ മന്ത്രാലയം മണിക്കൂറുകള്‍ക്ക് മുമ്പ് പുറത്തുവിട്ട പ്രസ്താവനയ്ക്ക് വിരുദ്ധമാണ് പുടിന്റെ പ്രസ്താവന. യുക്രെയിന്‍ സേനയ്ക്ക് പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ ആയുധങ്ങള്‍ നല്‍കുന്നതിന് എതിരെയായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. സമാധാന ചര്‍ച്ചകള്‍ക്കായി ഉച്ചത്തില്‍ ശബ്്ദം ഉയര്‍ത്തുന്നെങ്കിലും അതിന് വേണ്ട പ്രായോഗിക നടപടികളുടെ സൂചന യുക്രെയിനില്‍ നിന്നോ പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍ നിന്നോ ഉണ്ടാകുന്നില്ല എന്നാണ് വിദേശ മന്ത്രാലയത്തിന്റെ വിമര്‍ശനം. യുക്രെയിന്‍ സര്‍ക്കാരിന്റെ ആധികാരികതയുടെ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, യൂറോപ്യന്‍ പ്രതിനിധികളുടെ സാന്നിധ്യമില്ലാതെ പുടിനും ട്രംപും തമ്മില്‍ സമാധാന ചര്‍ച്ച സാധ്യമല്ലെന്നാണ് യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ ഓഫീസിന്റെ ഉടനടിയുള്ള പ്രതികരണം.
ട്രംപിന്റെ വിരട്ടലും റഷ്യയുടെ പ്രതികരണവും
യുക്രെയിനുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ പുതിയ ഉപരോധങ്ങളും, നികുതികളും അടിച്ചേല്‍പ്പിക്കുമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ ഡൊണള്‍ഡ് ട്രംപ് വിരട്ടിയത്. തിരിച്ചുട്രംപിനെ വിരട്ടാവുന്ന പരുവത്തിലല്ല ഇപ്പോള്‍ റഷ്യയും പുടിനും. സ്വന്തം രാജ്യത്തെ സാമ്പത്തിക മാന്ദ്യം കാരണം, യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നതായാണ് ക്രെംലിനില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍.
യുക്രെയിനുമായുള്ള യുദ്ധം റഷ്യയുടെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയിരിക്കുന്നു. സമീപകാല മാസങ്ങളില്‍ തൊഴിലില്ലായ്്മ കാരണം യുവാക്കളാകെ അമര്‍ഷത്തിലാണ്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശ നിരക്കുകള്‍ കൂട്ടുക കൂടി ചെയ്തതോടെ സമ്പദ് വ്യവസ്ഥയില്‍ നല്ല പിരിമുറുക്കമാണ്. ഈ പശ്ചാത്തലത്തിലാണ് ഈ പരിഹാസ്യമായ യുദ്ധം നിര്‍ത്തണമെന്ന ട്രംപിന്റെ വാക്കിന് പുടിന്‍ വില കല്‍പ്പിക്കുന്നത്.
ട്രംപ് അധികാരത്തിലേറുന്നതിന് ഏതാനും ദിവസം മുമ്പ് ബൈഡന്‍ ഭരണകൂടം, റഷ്യയുടെ എണ്ണ, വാതക വരുമാനത്തെ ബാധിക്കുന്ന ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ സാമ്പത്തിക ഉപരോധമന്ന് പറഞ്ഞ് പുടിനെ വിരട്ടാന്‍ ബൈഡന്‍ തന്നെ വഴിയൊരുക്കി കൊടുത്തുവെന്ന് പറയാം.
യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കായി റഷ്യയ്ക്ക് ഇതുവരെ അമേരിക്കയുടെ ഭാഗത്ത് നിന്ന് പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും വന്നിട്ടില്ല. എന്തായാലും യുദ്ധത്തിന് നയതന്ത്രതലത്തില്‍ പരിഹാരം കാണാനാണ് റഷ്യക്ക് താല്‍പര്യമെന്ന് വ്യക്തം. ട്രംപിന്റെ മുന്നറിയിപ്പില്‍ പുതുതായി ഒന്നും ഇല്ലെന്നാണ് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചത്. തുല്യനിലയിലുള്ള, പരസ്പര ബഹുമാനത്തോടെയുളള ചര്‍ച്ചയ്ക്ക് റഷ്യ തയ്യാറാണ്. അതിനായുളള സൂചനകള്‍ ഇതുവരെ കിട്ടിയിട്ടില്ല, ദിമിത്രി പെസ്‌കോവ് പറഞ്ഞു.
യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കരാര്‍ ഒപ്പിടുക, അതല്ലെങ്കില്‍ റഷ്യക്കെതിരെ കനത്ത നികുതികളും, ചുങ്കവും പുതിയ ഉപരോധങ്ങളും അടിച്ചേല്‍പ്പിക്കേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. റഷ്യയെ ദ്രോഹിക്കുക അല്ല തന്റെ ഉദ്ദേശ്യമെന്നും പ്രസിഡന്റ് പുടിനുമായി എല്ലായ്‌പ്പോഴും നല്ല ബന്ധമാണ് കാത്ത് സൂക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ മറ്റുവഴികളൊന്നുമില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഉയര്‍ന്ന താരിഫുകള്‍ക്കും നികുതികള്‍ക്കും പുറമേ അമേരിക്കയ്ക്ക് റഷ്യ വില്‍ക്കുന്ന എന്തിനും, മറ്റു പങ്കാളിത്ത രാഷ്ട്രങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തും.
സമ്പദ് വ്യവസ്ഥ തകരാറിലായ റഷ്യക്കും പ്രസിഡന്റ് പുടിനും താന്‍ ചെയ്യുന്ന ഉപകാരമാണ് ഇതെന്നും ഈ പരിഹാസ്യമായ യുദ്ധം നിര്‍ത്തൂ, അത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയേ ഉള്ളു, എന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു. പുടിന്‍ ചര്‍ച്ചയ്ക്ക് വഴിപ്പെട്ടില്ലെങ്കില്‍ അധിക ഉപരോധം ഏര്‍പ്പെടുത്താന്‍ സാധ്യത ഉണ്ടെന്നാണ് ചൊവ്വാഴ്ച വൈറ്റ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നത്. അതിനേക്കാള്‍ കടുത്ത നിലപാടാണ് ബുധനാഴ്ച സ്വീകരിച്ചത്.
റഷ്യയുടെ അധിനിവേശം തടയാന്‍ യുക്രെയിന് ആയുധങ്ങള്‍ നല്‍കുന്ന ജോ ബൈഡന്റെ നയം താന്‍ തുടരുമോ എന്ന് വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായില്ല. അക്കാര്യം പരിശോധിച്ചുവരുന്നായിരുന്നു മറുപടി. 'ഞങ്ങള്‍ സെലന്‍സ്‌കിയുമായും പുടിനുമായും ഉടന്‍ സംസാരിക്കുന്നുണ്ട് 'എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.
സത്യപ്രതിജ്ഞയക്ക് മുമ്പ് തന്നെ യുക്രെയിന്‍ യുദ്ധം താന്‍ ആദ്യ 24 മണിക്കൂറില്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് ഉറച്ച സ്വരത്തില്‍ പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ കരാര്‍ ഒപ്പിടാതെ പുടിന്‍ റഷ്യയെ നശിപ്പിക്കുകയാണെന്ന് വരെ അദ്ദേഹം വിമര്‍ശിച്ചു. സമാധാന കരാര്‍ വേണമെന്ന് സെലന്‍സ്‌കി തന്നോട് പറഞ്ഞതായും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. താന്‍ അക്കാലത്ത് പ്രസിഡന്റായിരുന്നെങ്കില്‍ ഈ യുദ്ധം തുടങ്ങില്ലായിരുന്നു എന്നും കൂടി ട്രംപ് തന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നു.