ലോകത്തുള്ളവരെല്ലാം അമേരിക്കന്‍ പൗരത്വം കിട്ടാന്‍ ആഗ്രഹിക്കുന്നവരാണെന്ന മിഥ്യാബോധത്തിന് തിരിച്ചടി; ഗ്രീന്‍ലാന്‍ഡിന് പ്രിയം ഡെന്‍മാര്‍ക്കിനെ; സര്‍വേയില്‍ 85%വും യുഎസിന് എതിര്; കാനഡയും, പനാമ കനാലും കൂടി അടങ്ങുന്ന ട്രംപിന്റെ അഖണ്ഡ അമേരിക്ക കടലാസില്‍ തന്നെ!

ഗ്രീന്‍ലാന്‍ഡിന് പ്രിയം ഡെന്‍മാര്‍ക്കിനെ

Update: 2025-01-31 17:25 GMT

സംഘപരിവാറിന്റെ അഖണ്ഡ ഭാരതം എന്ന സങ്കല്‍പ്പം പോലെ ഒരു വിശാല അമേരിക്ക എന്ന സ്വപ്നമാണ്, യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മനസ്സിലുള്ളത്. സ്ഥാനമേല്‍ക്കുന്നതിന് തൊട്ട് മുമ്പുള്ള അഭിമുഖത്തിലും, ഗ്രീന്‍ലാന്‍ഡും, പനാമ കനാലും, കാനഡയും അടങ്ങുന്ന അഖണ്ഡ അമേരിക്കയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചിരുന്നത്. ക്യൂബയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമൊക്കെ ധാരാളം പേര്‍ അമേരിക്കയിലേക്ക് കുടിയേറാന്‍ എത്തുകയും, രാജ്യം അവരെ തടഞ്ഞുകൊണ്ടിരിക്കയുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ അമേരിക്കന്‍ പൗരത്വത്തിനായി കൊതിക്കുന്നുണ്ട്. എന്നാല്‍ ഗ്രീന്‍ലാന്‍ഡ് ആവട്ടെ, അമേരിക്കയില്‍ ലയിക്കണം എന്നതിന് പുല്ലുവില പോലും നല്‍കുന്നില്ല. ഡെന്‍മാര്‍ക്ക് പൗരന്‍മാരായി തങ്ങള്‍ തുടരണം എന്നാണ് ഭൂരിഭാഗത്തിന്റെയും നിലപാട്.

ലോകത്തിലെ ഏറ്റവും വലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ് ഗ്രീന്‍ലാന്‍ഡ്. ഡെന്‍മാര്‍ക്കിന്റെ കീഴിലാണ് ഈ രാജ്യം ഇപ്പോഴുള്ളത്. ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ ഭാഗവും ആണെങ്കിലും ചരിത്രപരമായും രാഷ്ട്രീയമായും ഈ രാജ്യത്തിന് യൂറോപ്പിനോട് ബന്ധം. എന്നാല്‍ ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ ഭാഗമാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ഈ നീക്കം പക്ഷേ തുടക്കത്തിലേ പാളിയിരിക്കയാണ്.

ജനം ഡെന്‍മാര്‍ക്കിനൊപ്പം

ഗ്രീന്‍ലാന്‍ഡില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലെ വിവരങ്ങള്‍ ട്രംപിന്റെ നീക്കത്തിനോട് ജനങ്ങള്‍ക്കുള്ള എതിര്‍പ്പാണ് തെളിയിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഭാഗമാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെ എന്നാണ്, ഡാനിഷ് ദിനപത്രമായ ബെര്‍ലിങ്സ്‌കെയും ഗ്രീന്‍ലാന്‍ഡിലെ ദിനപത്രമായ സെര്‍മിറ്റ്‌സിയാഖും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ തെളിയുന്നത്. 85% ഗ്രീന്‍ലാന്‍ഡുകാരും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അഭിപ്രായ വോട്ടെടുപ്പില്‍ പറയുന്നു. 6% ഗ്രീന്‍ലാന്‍ഡുകാര്‍ മാത്രമാണ് തങ്ങളുടെ ദ്വീപ് യുഎസിന്റെ ഭാഗമാകുന്നതിനെ അനുകൂലിക്കുന്നത്. 9% പേര്‍ തീരുമാനമെടുത്തിട്ടില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താല്‍പ്പര്യത്തെ പകുതിയോളം ജനങ്ങളും ഒരു ഭീഷണിയായിട്ടാണ് കാണുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 8% പേര്‍ മാത്രമാണ് തങ്ങളുടെ ഡാനിഷ് പൗരത്വം അമേരിക്കയിലേക്ക് മാറ്റാന്‍ തയ്യാറാണെന്ന് പറഞ്ഞത്. 55% പേര്‍ ഡാനിഷ് പൗരന്മാരായി തുടരാനാണ് ആഗ്രഹിക്കുന്നത്. 37% പേര്‍ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രീന്‍ലാന്‍ഡിന്റെ തെക്കുകിഴക്ക് അറ്റ്ലാന്റിക്ക് മഹാസമുദ്രവും, കിഴക്ക് ഗ്രീന്‍ലാന്‍ഡ് കടലും, വടക്ക് ആര്‍ട്ടിക്ക് സമുദ്രവും, പടിഞ്ഞാറ് ബാഫിന്‍ ഉള്‍ക്കടലും സ്ഥിതിചെയ്യുന്നു. ഗ്രീന്‍ലാന്‍ഡിന്റെ കിഴക്ക് വശത്ത് അറ്റ്ലാന്റിക്ക് സമുദ്രത്തിലുള്ള ഐസ്ലാന്‍ഡും, പടിഞ്ഞാറ് ബഫിന്‍ ഉള്‍ക്കടലോട് ചേര്‍ന്നുള്ള കാനഡയുമാണ് ഏറ്റവും അടുത്ത രാജ്യങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതും ഈ ദ്വീപിലാണ്. 57,000 പേരുള്ള ഗ്രീന്‍ലാന്‍ഡ് ലോകത്തെ ഏറ്റവും വലിയ ദ്വീപു കൂടിയാണ്. തുടര്‍ച്ചയായി സൂര്യപ്രകാശം കിട്ടുന്നത് വര്‍ഷത്തില്‍ രണ്ടു മാസം മാത്രം. 80% ഭാഗവും മഞ്ഞുമൂടിക്കിടക്കുന്നു; ചിലയിടങ്ങളില്‍ ഈ മഞ്ഞുപുതപ്പിന് 4 കിലോമീറ്റര്‍വരെ കട്ടിയുണ്ടാവും. പക്ഷേ വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായതുകൊണ്ട് ഇത് തങ്ങള്‍ക്ക് വന്നുചേരാനുള്ളതാന്നൊണ് ട്രംപ് പറയുന്നത്.

രാജ്യം വില്‍പ്പനക്കുള്ളതല്ല

2009ലാണ് ഗ്രീന്‍ലാന്‍ഡ് ദ്വീപിന് സ്വയംഭരണാവകാശം ലഭിച്ചത്. നിലവില്‍ ഡെന്മാര്‍ക്കില്‍ നിന്ന് ഒരു റഫറണ്ടത്തിലൂടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള അവകാശവും പ്രദേശത്തിനുണ്ട്. നേരത്തെ മുതലേ ട്രംപിന് ഗ്രീന്‍ലാന്‍ഡിനെ യുഎസിനോട് ചേര്‍ക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. അതേസമയം, സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങള്‍ ശക്തമാക്കിയ ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെ, ദ്വീപ് വില്‍പ്പനയ്ക്കുള്ളതല്ലെന്നും അവരുടെ ഭാവി തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ആവര്‍ത്തിച്ച് പറയുന്നു.

അന്താരാഷ്ട്ര അതിര്‍ത്തികളോടുള്ള ബഹുമാനം നിലനിര്‍ത്തുക എന്ന തത്വത്തിന് പൂര്‍ണ പിന്തുണ നല്‍കിയതായി ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെന്‍ ചൊവ്വാഴ്ച പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, നാറ്റോ ചീഫ് സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമായിരുന്നു പ്രതികരണം. ഗ്രീന്‍ലാന്‍ഡ് ഡെന്‍മാര്‍ക്കുമായി അടുത്ത സഹകരണം തുടരാന്‍ ആഗ്രഹിക്കുന്നതിന്റെ തെളിവാണ് സര്‍വേയെന്നും പ്രധാനമന്ത്രി പറഞ്ഞു.

യുഎസിന്റെ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് സുപ്രധാനമാണെന്നും തന്ത്രപ്രധാനമായ ദ്വീപിന്റെ നിയന്ത്രണം ഡെന്മാര്‍ക്ക് ഉപേക്ഷിക്കണമെന്നും ട്രംപ് മുമ്പ് പറഞ്ഞിരുന്നു. ദ്വീപിന്റെ നിയന്ത്രണം സ്വന്തമാക്കാനുള്ള ട്രംപിന്റെ നീക്കമാണിതെന്നുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നാറ്റോ രാജ്യമായ ഫ്രാന്‍സ് ഉള്‍പ്പെടെ ഈ നീക്കത്തെ എതിര്‍ത്തിരുന്നു.

സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് കൊടുത്ത ഒരു അഭിമുഖത്തില്‍, കാനഡയെ യുഎസിന്റെ ഭാഗമാക്കാന്‍ സൈനിക നടപടി വേണ്ട സാമ്പത്തിക നടപടി മതിയെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. എന്നാല്‍ ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള നീക്കത്തില്‍ സൈനിക നടപടിയും ട്രംപ് തള്ളിക്കളഞ്ഞില്ല. എന്നാല്‍ രാജ്യം വില്പനയ്ക്കു വച്ചിരിക്കുകയല്ലെന്ന് ഗ്രീന്‍ലാന്‍ഡ് ഇതിനോട് പ്രതികരിച്ചത്. ഗ്രീന്‍ലാന്‍ഡുകാര്‍ സ്വന്തം ഭാവി തീരുമാനിക്കട്ടെയെന്ന നിലപാടാണ് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സനും ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെക്കും. ഈ വിവാദങ്ങള്‍ക്കിടെ ട്രംപ് ജീനിയര്‍ ഗ്രീന്‍ലാന്‍ഡ് സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു.

Tags:    

Similar News