ഗസ്സ മുനമ്പ് അമേരിക്ക ഏറ്റെടുത്ത് മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനം സൃഷ്ടിച്ചത് വലിയ പ്രകമ്പനങ്ങള്‍; മേഖലയെ വീണ്ടുമൊരു രക്തച്ചൊരിച്ചിലിലേക്ക് നയിക്കുമെന്ന് ആശങ്ക; കുഴപ്പം പിടിച്ച ചിന്തയെന്ന് വിദേശ നയവിദഗ്ധര്‍; പിന്തുണച്ചത് നെതന്യാഹു അടക്കം ചുരുക്കം ചിലര്‍ മാത്രം
ട്രംപിന്റെ പ്രഖ്യാപനം സൃഷ്ടിച്ചത് വലിയ പ്രകമ്പനങ്ങള്‍
വാഷിങ്ടന്‍: ഗസ്സ മുനമ്പ് ഏറ്റെടുക്കാന്‍ അമേരിക്ക തയാറാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഞെട്ടിക്കലിന് അപ്പുറത്ത് വലിയ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ട്രംപ് വെറും വാക്ക് പറയുന്നയാളല്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ വാക്ക് പോലെ പ്രവര്‍ത്തിച്ചാല്‍, വീണ്ടുമൊരു രക്തച്ചൊരിച്ചിലേക്ക് മേഖല വഴുതി വീഴും എന്നാണ് വിദേശ നയതന്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
വൈറ്റ് ഹൗസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുനേതാക്കളും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഗസ്സയെ ഏറ്റെടുക്കാനും മുനമ്പിനെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യുഎസ് ആഗ്രഹിക്കുന്നുവെന്നു ട്രംപ് പറഞ്ഞു. ഗസ്സ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച കഴിഞ്ഞദിവസം ആരംഭിച്ചതിനു പിന്നാലെയാണു ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം. ഇതു ചര്‍ച്ചകളെ പ്രതികൂലമായി ബാധിച്ചേക്കും. 18 ലക്ഷത്തോളം വരുന്ന ഗസ്സ നിവാസികളെ മറ്റുരാജ്യങ്ങളിലേക്ക് മാറ്റാമെന്നും മറ്റുമാണ് ട്രംപിന്റെ ആശയം.
പ്രതികരണങ്ങള്‍
"മേഖലയില്‍ എല്ലാവരും സമാധാനമാണ് കാംക്ഷിക്കുന്നത്, പശ്ചിമേഷ്യയിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. മേഖലയിലെ സമാധാനം എന്നുപറഞ്ഞാല്‍ ഫലസ്തീന്‍കാര്‍ക്ക് മെച്ചപ്പെട്ട ജീവിതം എന്നാണര്‍ഥം. മെച്ചപ്പെട്ട അവസരവും, സാമ്പത്തിക സാഹചര്യങ്ങളും നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ലഭ്യമാക്കുകയാണ് മെച്ചപ്പെട്ട ജീവിതത്തിന് വേണ്ടത്", സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.
" പശ്ചിമേഷ്യയിലെ സമാധാന നീക്കം ട്രംപ് തടസ്സപ്പെടുത്തുകയാണോ അതോ ഇതൊരു യഥാര്‍ഥ തന്ത്രമാണോ എന്നതാണ് ചോദ്യം. ഇത് കാര്യഗൗരവമില്ലാത്ത ഒര വ്യക്തിയുടെ ചിന്തയാണെന്നാണ് എന്റെ നിഗമനം. ഒരു റിയല്‍ എസ്‌റ്റേറ്റുകാരന്റെ അവസരവാദപരമായ സമീപനത്തോടെയാണ് അദ്ദേഹം ചിന്തിക്കുന്നത്.',പശ്ചിമേഷ്യല്‍ വിദഗ്ധനായ ആരണ്‍ ഡേവിഡ് മില്ലര്‍ പറഞ്ഞു.
ട്രംപിന്റെ രാഷ്ട്രീയ കൂട്ടാളിയായ സൗത്ത് കരോലിന റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍സേ ഗ്രഹാമും ഗസ്സ ഏറ്റെടുക്കാമെന്ന നിര്‍ദ്ദേശത്തെ കാര്യമായി പിന്തുണച്ചില്ല. അമേരിക്കക്കാരെ ഗസ്സ ഏറ്റെടുക്കാന്‍ വേണ്ടി അയയ്ക്കുന്നത് കുഴപ്പം പിടിച്ചതാകുമെന്നാണ് ഗ്രഹാം പറഞ്ഞത്.
യുഎന്നിലെ ഫലസ്തീന്‍ അംബാസഡര്‍ റിയാസ് മന്‍സൂറും ട്രംപിന്റെ നിര്‍ദ്ദേശത്തെ പരിഹസിച്ചു. 'അമേരിക്ക ഗസ്സയെ കീഴടക്കുകയും, ഹമാസിനെ പുറത്താക്കി, തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകള്‍ നടത്തുകയും വേണം; അത് പശ്ചിമേഷ്യയിലെ മറ്റൊരു യുദ്ധത്തിന് കളമൊരുക്കും', സിഎന്‍എന്‍ കമന്റേറ്റര്‍ ഫരീദ് സക്കറിയ പ്രതികരിച്ചു. ട്രംപിന്റെ നിര്‍ദ്ദേശം ശുദ്ധഭ്രാന്താണെന്ന് കരുതുന്നവര്‍ വരെയുണ്ട്.
കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള കുറിപ്പടിയെന്ന് ഹമാസ്
അതിനിടെ, ഗസ്സയെ അമേരിക്ക ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഹമാസ് രംഗത്ത് എത്തി. ട്രംപിന്റേത് ഗസ്സയില്‍ പിരിമുറുക്കം സൃഷ്ടിക്കാനുള്ള കുറിപ്പടിയാണെന്ന് ഹമാസ് പ്രതികരിച്ചു. ഗസ്സയിലെ ജനങ്ങളെ മറ്റൊരു രാജ്യത്തേക്ക് മാറ്റുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഹമാസ് പ്രസ്താവനയുമായി രംഗത്തുവന്നത്. 'മേഖലയില്‍ കുഴപ്പങ്ങളും പിരിമുറുക്കങ്ങളും സൃഷ്ടിക്കുന്നതിനുള്ള കുറിപ്പടിയായി ഞങ്ങള്‍ ഇതിനെ കണക്കാക്കുന്നു. ഈ നീക്കം നടപ്പാക്കാന്‍ ഗസ്സയിലെ നമ്മുടെ ജനത അനുവദിക്കില്ല'' -പ്രസ്താവനയില്‍ പറഞ്ഞു.
'നമ്മുടെ ജനങ്ങള്‍ക്കെതിരായ അധിനിവേശവും ആക്രമണവും അവസാനിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ അവരെ അവരുടെ നാട്ടില്‍ നിന്ന് പുറത്താക്കുകയല്ല. ഗസ്സന്‍ ജനത 15 മാസത്തിലേറെയായി ബോംബാക്രമണത്തിന് വിധേയമാവുകയാണ്. അവര്‍ അവരുടെ നാട്ടില്‍ വേരൂന്നിയവരാണ്. അവരെ മാതൃരാജ്യത്ത് നിന്ന് പിഴുതെറിയാന്‍ ലക്ഷ്യമിടുന്ന ഒരു പദ്ധതിയും അംഗീകരിക്കില്ല' -ഹമാസ് വ്യക്തമാക്കി.
ട്രംപ് പറഞ്ഞത്
'ഗസ്സയെ യുഎസ് ഏറ്റെടുക്കും. അതിന്റെ പുനര്‍നിര്‍മാണവും നടത്തും. പ്രദേശത്തെ എല്ലാ ആയുധങ്ങളും ബോംബുകളും നിര്‍വീര്യമാക്കി സാമ്പത്തിക ഉന്നമനം കൊണ്ടുവരാനും ഞങ്ങള്‍ തയാറാണ്. തൊഴിലുകളും പുതിയ ഭവനങ്ങളും യുഎസ് ഗസ്സയില്‍ സൃഷ്ടിക്കും. മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാന്‍ ഈ ആശയം പങ്കുവച്ച എല്ലാവര്‍ക്കും ഇത് വലിയ ഇഷ്ടമായി. ഗസ്സയുടെ സുരക്ഷയ്ക്കായി യുഎസ് സൈനികരെ അവിടേക്ക് അയയ്‌ക്കേണ്ടി വന്നാല്‍ അതും ചെയ്യും'ട്രംപ് പറഞ്ഞു.
പലസ്തീന്‍ പൗരന്മാര്‍ ഗസ്സയില്‍നിന്ന് ഈജിപ്തിലേക്കോ ജോര്‍ദാനിലേക്കോ പോകണമെന്ന തന്റെ മുന്‍ പ്രസ്താവനയെ ഒന്നുകൂടി ഉറപ്പിക്കുകയാണ് ട്രംപ്. ഗസ്സയുടെ പുനരധിവാസം നടപ്പിലാക്കേണ്ടത് ഇവിടെ ജീവിച്ചു മരിച്ചവരും യുദ്ധം ചെയ്തവരുമല്ലെന്നും ട്രംപ് പറഞ്ഞു. പലസ്തീന്‍ പൗരന്മാരെ ഗസ്സയില്‍നിന്നു മാറ്റണമെന്ന ട്രംപിന്റെ പ്രസ്താവനയെ നേരത്തെ തന്നെ ഈജിപ്തും ജോര്‍ദാനും ഹമാസും ഉള്‍പ്പെടെ തള്ളിയിരുന്നു.
അതേസമയം, ട്രംപിന്റെ തീരുമാനം തീര്‍ച്ചയായും ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം എപ്പോഴും ചട്ടക്കൂടുകള്‍ക്കു പുറത്തു ചിന്തിക്കുന്ന വ്യക്തിയാണെന്നും നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായി യുഎസിലെത്തിയ വിദേശ നേതാവായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.