കെ എം എബ്രഹാം വഹിച്ചത് സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങളില്‍ അംഗീകാരമില്ലാത്ത പദവി; ഒപ്പിട്ട എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും അസാധുവാക്കപ്പെടാം; ക്രിമിനല്‍ ഉദ്ദേശ്യം തെളിയിക്കപ്പെട്ടാല്‍ നിയമ നടപടി; 'എക്‌സ്-ഒഫീഷ്യോ സെക്രട്ടറി' പദവിയിലെ ഗുരുതരമായ ക്രമക്കേട് ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്; കേസില്‍ ഹൈക്കോടതിയുടെ തീരുമാനം നിര്‍ണായകം

കെ എം എബ്രഹാമിന്റെ പദവിയില്‍ ഗുരുതര ക്രമക്കേട് ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

Update: 2025-04-25 07:52 GMT

കൊച്ചി: വിജ്ഞാന കേരള പദ്ധതിയുടെ ഉപദേശകനായി മുന്‍ മന്ത്രി ടി.എം.തോമസ് ഐസക്കിനെ നിയമിച്ചത് ഇല്ലാത്ത വകുപ്പിലെന്ന കണ്ടെത്തലിന് പിന്നാലെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അമിക്കസ് ക്യൂറിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം, മുന്‍ ചീഫ് സെക്രട്ടറിയും നിലവില്‍ കെ-ഡിസ്‌ക് (കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍)മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡോ. കെ.എം. എബ്രഹാമിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമപരവും ഭരണപരവുമായ ഗുരുതര പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതായാണ് വ്യക്തമാക്കുന്നത്.

''എക്‌സ്-ഒഫീഷ്യോ സെക്രട്ടറി'' എന്ന അംഗീകാരമില്ലാത്ത പദവിയാണ് ഡോ. കെ.എം. എബ്രഹാം വഹിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ പദവി നിയമപരമായി നിര്‍വചിക്കപ്പെട്ടിട്ടില്ല, സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങളില്‍ അംഗീകരിച്ചിട്ടുമില്ല. സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കെ-ഡിസ്‌കിന്റെ ബൈലോകള്‍ വഴി മാത്രമാണ് ഈ പദവി സൃഷ്ടിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ സെക്രട്ടേറിയറ്റിലോ കേരള ബിസിനസ് നിയമങ്ങളിലോ ഇത്തരം അധികാരം നല്‍കുന്ന ഒരു വിജ്ഞാപനവും ഇല്ല.

വിജ്ഞാന കേരള പദ്ധതിയുടെ ഉപദേശകനായി മുന്‍ മന്ത്രി ടി.എം.തോമസ് ഐസക്കിനെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവില്‍ എക്‌സ്-ഒഫീഷ്യോ സെക്രട്ടറി എന്ന നിലയില്‍ കെ.എം. എബ്രഹാം തന്നെയാണ് ഒപ്പുവെച്ചത്. സ്വന്തം സ്ഥാനത്തില്‍ നിന്നുണ്ടാകുന്ന ഉത്തരവുകള്‍ അദ്ദേഹം തന്നെ പുറപ്പെടുവിക്കുകയും നടപ്പാക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നാല് നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. സൊസൈറ്റിയുടെ ബൈലോകള്‍ പ്രകാരം ''സെക്രട്ടറി ടു ഗവണ്‍മെന്റ്'' എന്ന ഭരണഘടനാപരമോ നിയമപരമോ ആയ പദവി നല്‍കാന്‍ കഴിയില്ല. ഇത് കേരള സര്‍ക്കാര്‍ സെക്രട്ടേറിയറ്റ് നിര്‍ദ്ദേശങ്ങളുടെയും ഭരണഘടനയുടെ 166-ാം അനുച്ഛേദത്തിന്റെയും ലംഘനമാണ്. ''പ്ലാനിംഗ് ആന്‍ഡ് എക്കണോമിക് അഫയേഴ്‌സ് (ഡവലപ്‌മെന്റ് & ഇന്നവേഷന്‍)'' എന്ന നിലവിലില്ലാത്ത വകുപ്പിന്റെ പേരില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. കേരള ബിസിനസ് നിയമങ്ങളിലെ റൂള്‍ 2(c) പ്രകാരം ''സെക്രട്ടറി'' എന്നത് ഔദ്യോഗികമായി നിയമിക്കപ്പെട്ടവരെ മാത്രമാണ് ഉള്‍പ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ 166-ാം അനുച്ഛേദം പാലിക്കപ്പെട്ടില്ലെന്നതിനാല്‍, കെ.എം. എബ്രഹാം ഒപ്പിട്ട എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും അസാധുവാക്കപ്പെടാമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഔദ്യോഗിക അധികാര കൈമാറ്റമോ മന്ത്രിസഭാ അംഗീകാരമോ ഇല്ലാതെ ഉത്തരവുകളില്‍ ഒപ്പുവെച്ചെന്ന് സ്ഥാപിക്കപ്പെട്ടാല്‍ കെ എം എബ്രഹാം വിരമിച്ചതിനു ശേഷമുള്ള ആനുകൂല്യങ്ങളില്‍ അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരും. കൂടാതെ അനധികൃത ചെലവുകള്‍ക്ക് ധനകാര്യ നിയമങ്ങള്‍ പ്രകാരം തുക തിരിച്ചുപിടിക്കപ്പെടും. ക്രിമിനല്‍ ഉദ്ദേശ്യം തെളിയിക്കപ്പെട്ടാല്‍ ഐപിസി സെക്ഷന്‍ 168/169 പ്രകാരം നിയമ നടപടികള്‍ നേരിടേണ്ടി വരും. ''എക്‌സ്-ഒഫീഷ്യോ സെക്രട്ടറി'' എന്ന നിലയില്‍ ഒപ്പിട്ട എല്ലാ നിയമനങ്ങളും, ചെലവുകളും, പദ്ധതികളും അസാധുവാക്കപ്പെടാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ ഡോ. ടി.എം. തോമസ് ഐസക്കിന്റെ നിയമനവും ഉള്‍പ്പെടും

എക്‌സ്-ഒഫീഷ്യോ സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം ഒപ്പിട്ട എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും പ്രത്യേക ഓഡിറ്റിനും ഭരണപരമായ അന്വേഷണത്തിനും വിധേയമാക്കാന്‍ കോടതി ഉത്തരവിടണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ഇത്തരമൊരു പദവി (എക്‌സ്-ഒഫീഷ്യോ സെക്രട്ടറി) നിയമപരമായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നും, റൂള്‍ 2(c), റൂള്‍ 12(3) എന്നിവ പ്രകാരം ഔദ്യോഗികമായി സെക്രട്ടറിയുടെ അധികാരങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ എന്നും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

തോമസ് ഐസക്കിനെ നിയമിച്ചത് ഇല്ലാത്ത വകുപ്പിലാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍, തോമസ് ഐസക് എന്നിവരോടു മറുപടി നല്‍കാന്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

പൊതു ഖജനാവിന് മാസം ഒരു ലക്ഷം രൂപയോളം ബാധ്യതയാകുന്ന നിയമനം റദ്ദാക്കണമെന്ന് ഉള്‍പ്പെടെ ആവശ്യങ്ങളുമായി തിരുവനന്തപുരം സ്വദേശി എ.നവാസ് (പായിച്ചിറ നവാസ്) നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു അമിക്കസ് ക്യൂറി അഞ്ജലി മേനോന്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ഹര്‍ജിക്കാരന്റെ പശ്ചാത്തലം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊതുതാത്പര്യ ഹര്‍ജിയില്‍ കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. നിലവില്‍ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. വിഷയം അടുത്ത മാസം വീണ്ടും പരിഗണിക്കും.

യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള 'വിജ്ഞാന കേരളം' പദ്ധതിയുടെ ഉപദേഷ്ടകനായി മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ നിയമിച്ചതടക്കം വിവാദമായിരുന്നു. അഭ്യസ്തവിദ്യരായ യുവജനങ്ങളെ തൊഴിലിന് പ്രാപ്തരാക്കുകയും തൊഴിലവസരം കണ്ടെത്തുകയും ചെയ്യുന്നതാണ് പദ്ധതി. ഉപദേഷ്ടകന് ഔദ്യോഗികാവശ്യത്തിന് സ്വന്തം വാഹനം ഉപയോഗിക്കുന്നതിന് ഇന്ധനച്ചെലവായി മാസം പരമാവധി 70,000 രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. ഡ്രൈവര്‍ക്ക് കരാര്‍നിയമനപ്രകാരം വേതനം നല്‍കാനായിരുന്നു തീരുമാനം.

Tags:    

Similar News