ഇന്ത്യയില്‍ നിന്നും തിരിച്ചടി കിട്ടുമ്പോള്‍ വിദേശരാജ്യങ്ങളോട് സഹായം അഭ്യര്‍ഥിക്കും; വെടിനിര്‍ത്തല്‍ നടപ്പാക്കി തടിരക്ഷിക്കുന്നത് പതിവ്; പരാജയം ഉറപ്പിച്ചിട്ടും പ്രകോപനം; ഇത്തവണ കൈവിട്ട് ചൈനയും; അകത്തും പുറത്തും കാര്യങ്ങള്‍ കൈവിട്ട് പാക്കിസ്ഥാന്‍; ഇന്ത്യയോട് നയതന്ത്രപരമായി ഇടപെടണമെന്ന് പാക്ക് പ്രധാനമന്തിയെ ഉപദേശിച്ച് നവാസ് ഷെരീഫ്
ഇന്ത്യയോട് നയതന്ത്രപരമായി ഇടപെടണമെന്ന് പാക്ക് പ്രധാനമന്തിയെ ഉപദേശിച്ച് നവാസ് ഷെരീഫ്
ന്യുഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്ക് ഭീകരതാവളങ്ങള്‍ തകര്‍ത്ത് മറുപടി നല്‍കിയ ഇന്ത്യക്ക് നേരെ പ്രകോപനം തുടരുമ്പോഴും രാജ്യത്തിനകത്തും പുറത്തും ഒറ്റപ്പെട്ട അവസ്ഥയില്‍ പാക്കിസ്ഥാന്‍. സംഘര്‍ഷം വളര്‍ന്നു വലുതാകുന്നതിന് മുമ്പ് ഇന്ത്യയെ കൊണ്ട് വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമാണ് പാക്കിസ്ഥാന്‍ എന്നും പയറ്റിയിട്ടുള്ളത്. എന്നാല്‍, പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുകയും അതിന് പിന്നാലെ പാക്കിസ്ഥാന്‍ പ്രകോപനം തുടങ്ങുകയും ചെയ്തിട്ടും മുമ്പുള്ളതുപോലെ സഹായങ്ങള്‍ ലഭിക്കുന്നില്ലെന്നത് പാക്കിസ്ഥാനെ കുഴക്കുന്നുണ്ട്. അതേ സമയം ബലൂചിസ്ഥാനില്‍ നടക്കുന്ന ആഭ്യന്തര സംഘര്‍ഷവും പാക്കിസ്ഥാനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംഘര്‍ഷത്തില്‍ അയവുണ്ടാക്കാന്‍ നയതന്ത്ര സമീപനത്തിന് തയ്യാറാകണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് മുന്‍പ്രധാനമന്ത്രിയും സഹോദരനുമായ നവാസ് ഷെരീഫിന്റെ ഉപദേശം. പഹല്‍ഗാം ഭീകരരാക്രമണവും പിന്നാലെ സിന്ധുനദീജലക്കരാര്‍ മരവിച്ചുകൊണ്ടുള്ള ഇന്ത്യയുടെ നടപടിയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാക് പ്രകോപനങ്ങളും ഇന്ത്യയുടെ തിരിച്ചടികളും തുടരുന്ന സാഹചര്യത്തില്‍ ഭരണപരമായി സഹോദരനെ സഹായിക്കുന്നതിനായി ലണ്ടനില്‍നിന്ന് പാകിസ്താനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നവാസ് ഷെരീഫ് എന്നാണ് ദ എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ നടപടിയില്‍ ദേശീയ സുരക്ഷാസമിതി സ്വീകരിച്ച തീരുമാനങ്ങള്‍ സംബന്ധിച്ച് നവാസ് ഷെരീഫിന് ഷെഹ്ബാസ് വിശദീകരണം നല്‍കിയിരുന്നു. ഇതിനുശേഷമാണ് നയതന്ത്രപരമായി സംഘര്‍ഷത്തില്‍ അയവുവരുത്താനുള്ള നീക്കം നടത്തണമെന്ന് മുന്‍പ്രധാനമന്ത്രി നിര്‍ദേശിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനും സമാധാനം പുനഃസ്ഥാപിക്കാനും ലഭ്യമായ എല്ലാ നയതന്ത്ര മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തണമെന്നാണ് നവാസ് ഷെരീഫ് ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍.
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് 2023-ല്‍ നവാസ് ഷെരീഫ് പറയുകയുണ്ടായി. മികച്ച ഭരണം കാഴ്ചവെച്ചിട്ടും 1999-ല്‍ തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ പുറത്താക്കപ്പെട്ടതിനുകാരണം കാര്‍ഗില്‍ യുദ്ധത്തെ എതിര്‍ത്തതിനാലാണെന്ന് നവാസ് ഷെരീഫ് പറഞ്ഞതായി ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുമായുള്ള ഒരു കരാര്‍ 1999-ല്‍ പാക്കിസ്ഥാന്‍ ലംഘിച്ചതായും നവാസ് ഷെരീഫ് വെളിപ്പെടുത്തിയിരുന്നു. 1998 മേയില്‍ പാക്കിസ്ഥാന്‍ അഞ്ച് ആണവായുധ പരീക്ഷണങ്ങള്‍ നടത്തിയതായും അതിനുശേഷം അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയി പാക്കിസ്ഥാനുമായി കരാറുണ്ടാക്കുകയും ആ കരാറാണ് 1999-ല്‍ തങ്ങള്‍ ലംഘിച്ചതെന്നും നവാസ് ഷെരീഫ് പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി 1999 ഫെബ്രുവരി 21-ന് ഒപ്പുവെച്ച ലാഹോര്‍ കരാറിനെ കുറിച്ചായിരുന്നു നവാസ് ഷെരീഫിന്റെ പരാമര്‍ശം. എന്നാല്‍, കരാര്‍ ഒപ്പുവെച്ച് അല്‍പകാലത്തിനുശേഷം പാക് സൈന്യം കാര്‍ഗിലിലേക്ക് നുഴഞ്ഞുകയറുകയും യുദ്ധത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.
ഒറ്റപ്പെട്ട് പാക്കിസ്ഥാന്‍
ഇന്ത്യയെ ആക്രമിച്ച ശേഷം കനത്ത തിരിച്ചടി നേരിടുമ്പോള്‍ വിദേശസഹായത്തോടെ രക്ഷപ്പെടുന്ന പതിവാണ് പാക്കിസ്ഥാനുള്ളത്. കാര്‍ഗില്‍ യുദ്ധസമയത്തും ബലാക്കോട്ടിലെ ഇന്ത്യയുടെ വ്യോമാക്രമണ സമയത്തും പാക്കിസ്ഥാന് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെയും ചിരകാല സുഹൃത്ത് ചൈനയുടെയും സഹായം കിട്ടിയിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയിട്ടും തുര്‍ക്കി ഒഴികെ മറ്റ് ഒരു രാജ്യത്തിന്റെയും പ്രത്യക്ഷ പിന്തുണ പാക്കിസ്ഥാന് ലഭിച്ചിട്ടില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്നാണ് ഇത്തവണ യുഎസ് വ്യക്തമാക്കിയത്. സംഘര്‍ഷം ഒഴിവാക്കാന്‍ ഇരുരാജ്യങ്ങളോടും അഭ്യര്‍ഥിക്കാമെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞത്.
ഇന്ത്യയോട് ആയുധം താഴെവെക്കണമെന്ന് ആവശ്യപ്പെടാന്‍ ഞങ്ങള്‍ക്കാകില്ല. അതുപോലെ പാകിസ്ഥാനോടും- ഇതാണ് വാന്‍സിന്റെ വാക്കുകള്‍. അതിനര്‍ഥം പ്രശ്നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തണമെന്നു തന്നെയാണ്. അതിന് പാകിസ്ഥാന്‍ തയ്യാറാവണം. ആദ്യം അവര്‍ ആക്രമണം നിര്‍ത്തണം. 1999-ലെ കാര്‍ഗില്‍ യുദ്ധസമയത്ത് ഇന്ത്യയുടെ വലിയ സൈനിക നീക്കം യുഎസിന്റെ ചാര ഉപഗ്രഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ തിരിച്ചടി വര്‍ധിക്കുമെന്ന് കണ്ടതോടെ പാക്കിസ്ഥാന്‍ അമേരിക്കന്‍ സഹായം തേടി. പിന്നാലെ കാര്‍ഗിലിലെ മലനിരകളില്‍നിന്ന് സൈന്യത്തെ പാക്കിസ്ഥാന്‍ പിന്‍വലിപ്പിച്ചപ്പോള്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് ഇടപെട്ടു.
1971-ല്‍ ഇന്ത്യ- പാക് യുദ്ധസമയത്ത് പാക്കിസ്ഥാനെ സഹായിക്കാന്‍ തങ്ങളുടെ ഏഴാം കപ്പല്‍പടയെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് അയച്ച രാജ്യമാണ് യുഎസ്. അന്ന് സോവിയറ്റ് യൂണിയനാണ് ഇന്ത്യയെ സഹായിക്കാനെത്തിയത്. 2001-ലെ പാര്‍ലമെന്റ് ആക്രമണ സമയത്തും ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തിന്റെ വക്കിലെത്തിയിരുന്നു. അന്നും സംഘര്‍ഷമൊഴിവാക്കാന്‍ യുഎസ് ഇടപെട്ടു. ഇതിന്ശേഷം ബലാക്കോട്ട് ആക്രമണം വരെയുള്ള സമയത്ത് പാക്കിസ്ഥാന്റെ രീതി വ്യക്തമാക്കി മനസിലാക്കിയാണ് ഇന്ത്യ ഇടപെടുന്നത്.
ഉറി, പുല്‍വാമ ഭീകരാക്രമണത്തോടെ അടിക്ക് തിരിച്ചടി എന്ന നയം ഇന്ത്യ സ്വീകരിച്ചു. സംഘര്‍ഷങ്ങളില്‍ ആഗോള ഇടപെടലുകള്‍ക്കായി കാത്തിരിക്കാന്‍ ഇന്ത്യ തയ്യാറായില്ല. അതിനൊപ്പം സ്വന്തം ശക്തി വര്‍ധിപ്പിക്കുകയും ചെയ്തു. ആഗോളതലത്തില്‍ സ്വാധീനവും ഇടപെടലുകളും വര്‍ധിപ്പിച്ചു. ഇത്തരം കാര്യങ്ങളില്‍ സ്വന്തം നടപടികള്‍ ആത്മവിശ്വാസത്തോടെ ന്യായമാണെന്ന് സ്ഥാപിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.
ഇന്ത്യയെ ആക്രമണങ്ങളിലുടെ പ്രകോപിപ്പിക്കുകയും തിരിച്ചടിക്കാതിരിക്കാന്‍ ആണവാക്രമണ ഭീഷണി മുഴക്കുകയുമാണ് പാക്കിസ്ഥാന്‍ ചെയ്യുക. ഇതോടെ പാശ്ചാത്യരാജ്യങ്ങള്‍ ആണവായുധ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനായി ഇടപെടുന്ന സാഹചര്യമുണ്ടാകും. ഇതാണ് പാക്കിസ്ഥാനും ആഗ്രഹിക്കുന്നത്. ഇത്തവണ അതൊന്നും ലക്ഷ്യം കണ്ടില്ല എന്നുവേണം കരുതാന്‍. ചിരകാല സുഹൃത്തായ ചൈനപോലും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടുന്നില്ല എന്നുള്ളതാണ് പാക്കിസ്ഥാനെ കുഴക്കുന്നത്.
സംഘര്‍ഷം തുടങ്ങിയ സമയത്ത് ഇരുരാജ്യങ്ങളും ഞങ്ങളുടെ അയല്‍ക്കാരാണെന്ന പ്രതികരണമാണ് ചൈനയുടെ ഭാഗത്തുനിന്നുണ്ടായത്. സന്ദേശം വ്യക്തം, നിലവിലെ ആഗോള സാഹചര്യത്തില്‍ ഇന്ത്യയെ യുഎസ് ചേരിയിലേക്ക് തള്ളിവിടാന്‍ ചൈന താത്പര്യപ്പെടുന്നില്ല. അതിനാല്‍ നിഷ്പക്ഷ നിലപാടാണ് ചൈന കൈക്കൊണ്ടത്. എങ്കിലും പാക്കിസ്ഥാനുള്ള മാനസിക പിന്തുണ ആവര്‍ത്തിക്കുകയും ചെയ്തു. ഇന്ത്യയുമായി സംഘര്‍ഷം ഒഴിവാക്കാനുള്ള ചര്‍ച്ച നടത്തുമെന്ന് പറഞ്ഞുമില്ല.
ആണവായുധ ശേഷിയുള്ള രാജ്യമായിട്ടും ഇപ്പോള്‍ പാക്കിസ്ഥാന് രണ്ടേ രണ്ട് രാജ്യങ്ങള്‍ മാത്രമേ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുള്ളു. തുര്‍ക്കി, അസര്‍ബൈജന്‍. ഇതില്‍ അസര്‍ബൈജാന് ഇന്ത്യയെ എതിര്‍ക്കാന്‍ കാരണങ്ങളുണ്ട്. അവരുടെ എതിരാളിയായ അര്‍മേനിയയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നത് ഇന്ത്യയാണ്. അതിന്റെ പേരിലാണ് അവര്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നത്. എന്നാല്‍ സ്വന്തം തട്ടകത്തില്‍ യുദ്ധം നടക്കുമ്പോള്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ അവര്‍ക്ക് താത്പര്യവുമില്ല. പിന്നെയുള്ളത് തുര്‍ക്കിയാണ്. പാക്കിസ്ഥാനെ അവര്‍ ആയുധമുള്‍പ്പെടെ നല്‍കി സഹായിക്കുന്നുണ്ട്. എന്നാല്‍ അതിനപ്പുറം കടന്ന് സംഘര്‍ഷം ഒഴിവാക്കാനുള്ള ഇടപെടല്‍ നടത്താനുള്ള ശ്രമം തുര്‍ക്കിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുമില്ല. ഇന്ത്യയുമായി ഊഷ്മളമായ ബന്ധം തുര്‍ക്കിക്ക് വളര്‍ത്തിയെടുക്കാനാകാത്തതിനാല്‍ അക്കാര്യത്തില്‍ പാക്കിസ്ഥാന് പ്രതീക്ഷയ്ക്കും വകയില്ല.
യുഎസുമായുള്ള വ്യാപാര തര്‍ക്കങ്ങളെ തുടര്‍ന്ന് ഇന്ത്യയെ പിണക്കാന്‍ ചൈനയ്ക്ക് താത്പര്യവുമില്ല. ചുരുക്കത്തില്‍ പാക്കിസ്ഥാന്‍ ആഗോളതലത്തില്‍ ഒറ്റപ്പെട്ടുകഴിഞ്ഞു. വിഷയത്തില്‍ മധ്യസ്ഥ ശ്രമത്തിന് പാക്കിസ്ഥാന്റെ സുഹൃത്തുക്കളായ ഗള്‍ഫ് രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുമായുള്ള ബന്ധം ഉലയാതിരിക്കാനുള്ള മുന്‍കരുതലും അവരുടെ നീക്കങ്ങളിലുണ്ട്. ബലോചിസ്താനില്‍ വിഘടനവാദം അതിന്റെ മൂര്‍ധന്യത്തിലാണ്. കിഴക്കന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ പാക് താലിബാന്‍ സ്വാധീനമുറപ്പിക്കുന്നു. അമിതമായി സൈന്യത്തെയും വിദേശരാജ്യങ്ങളെയും ആശ്രയിച്ച് സ്വയം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ് പാക്കിസ്ഥാന്‍.