മുത്തച്ഛനുമായി ആശുപത്രിയില്‍ ഇരുന്ന അച്ഛന്‍; ആ പിഞ്ചു കുഞ്ഞുമായി കിടന്നുറങ്ങിയ ഇളയച്ഛന്‍! പോക്‌സോ കേസില്‍ ഇരയുടെ പേര് പറയരുതെന്നത് പൊതു തത്വം; അത് ലംഘിച്ച് ആ ലൈംഗികാതിക്രമ കേസിലെ ക്രൂരന്റെ പടവും പേരും തുറന്ന് പറഞ്ഞ ചങ്കൂറ്റവുമായി മനോരമ; സംസ്‌കാര സമയത്തെ നിലവിളിയും തളര്‍ച്ചയുമെല്ലാം അഭിനയം; ആ സത്യം ആദ്യം അറിഞ്ഞത് ചെങ്ങമനാട് സ്റ്റേഷനില്‍; പുത്തന്‍കുരിശ് പോലീസിന് അഭിമാന നിമിഷം
കൊച്ചി: അമ്മ പുഴയില്‍ എറിഞ്ഞു കൊന്ന മൂന്നു വയസ്സുകാരിയുടെ പീഡനത്തിലെ വില്ലനെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത് കുട്ടി മരിക്കുന്നതിന്റെ തലേദിവസം വീട്ടില്‍ ആരൊക്കെ ഉണ്ടായിരുന്നെന്ന പോലീസ് അന്വേഷണം. കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ മുത്തച്ഛനൊപ്പമായിരുന്നു പിതാവ്. കുട്ടി അന്ന് ഉറങ്ങിയത് കൊച്ചച്ഛനൊപ്പം. ഇതോടെ ആ ശരീരത്തിലെ മുറിവുകള്‍ക്ക് അയാള്‍ക്ക് മറുപടി പറയേണ്ടി വന്നു. മറ്റക്കുഴിയിലെ പെണ്‍കുഞ്ഞിനെ ചാലക്കുടി പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയ അമ്മയെ റിമാന്‍ഡ് ചെയ്യാന്‍ ചെങ്ങമനാട് സ്റ്റേഷനില്‍ നിന്നു കൊണ്ടുപോയതിനു ശേഷമാണു പോസ്റ്റ്‌മോര്‍ട്ടത്തിലെ നിഗമനങ്ങള്‍ പൊലീസ് അറിഞ്ഞത്. ഇതോടെ അമ്മയെ സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുവന്ന് ഒരു മണിക്കൂര്‍ ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലാണു കേസിനു വഴിത്തിരിവുണ്ടാക്കിയ അറസ്റ്റിലേക്ക് നീങ്ങിയത്.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പൊലീസും അടുത്ത ബന്ധുക്കളെ നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. കുഞ്ഞുമായി അടുത്ത് ഇടപഴകിയവരെ സംസ്‌കാര ചടങ്ങുകള്‍ക്കിടയിലും നിരീക്ഷിച്ചു. കുഞ്ഞ് താമസിച്ചിരുന്ന ചെറിയ വീട്ടില്‍ മാതാപിതാക്കള്‍ക്കു പുറമേ കുട്ടിയുടെ ഏകസഹോദരനും ഉണ്ടായിരുന്നെങ്കിലും കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കാരണം കുട്ടികള്‍ രണ്ടുപേരും പലപ്പോഴും തൊട്ടടുത്തുള്ള കുടുംബവീട്ടിലാണ് തങ്ങിയിരുന്നത്. മുത്തച്ഛനും മുത്തശ്ശിക്കും പുറമേ പിതാവിന്റെ അവിവാഹിതരായ രണ്ടു സഹോദരന്മാരാണ് അവിടെ താമസിച്ചിരുന്നത്. ഇതില്‍ കുട്ടിയെ എന്നും അടുത്ത് കിടത്തിയുറക്കിയ കൊച്ചച്ഛന്‍ വില്ലനാണെന്ന പോലീസ് അതിവേഗം തിരിച്ചറിഞ്ഞു. പോക്‌സോയാണ് കേസ്. ഈ കേസ് അന്വേഷിക്കുന്നത് പുത്തന്‍കുരിശ് പോലീസും. അതിനിര്‍ണ്ണായക ഇടപെടലും നിരീക്ഷണവുമാണ് പുത്തന്‍കുരിശിലെ പോലീസ് നടത്തിയത്.
പീഡനക്കേസുകളില്‍ ഇരകളുടെ വിവരങ്ങള്‍ പുറത്തു വരുന്നതൊന്നും പറയാന്‍ പാടില്ലെന്നാണ് നിയമം. ഇതു കാരണം പല നരാധമന്മാരും രക്ഷപ്പെടാറുണ്ട്. എന്നാല്‍ നിയമം അറിയുന്ന മനോരമ പത്രം തന്നെ ഇത് ലംഘിക്കുകയാണ്. അവര്‍ അറസ്റ്റിലായ കൊച്ചച്ഛന്റെ പടം സഹിതമാണ് ഒന്നാം പേജില്‍ വാര്‍ത്ത നല്‍കിയത്. അറസ്റ്റിലായ ആളിന്റെ പേരും നല്‍കി. മറ്റൊരു മാധ്യമവും ഈ ധൈര്യം കാണിക്കുന്നില്ല. പോക്‌സോ കേസുണ്ടാകാനുള്ള സാധ്യത മുന്നിലുള്ളതിനാല്‍ മനോരമ നല്‍കിയത് പോലെ പേരും പടവും കൊടുക്കാന്‍ മറുനാടന് പോലും കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ മനോരമയിലെ ഇന്നത്തെ വാര്‍ത്ത വലിയ നിയമ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. ഏതായാലും മനോരമയിലൂടെ ആ പടവും പേരും മലയാളി അറിയുകയാണ്.
അമ്മയില്‍ നിന്നും കിട്ടിയ വിവരങ്ങളിലൂടെ തന്നെ കുട്ടിയുടെ കൊച്ചച്ഛനാണ് വില്ലനെന്ന് പോലീസും തിരിച്ചറിഞ്ഞിരുന്നു. സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ പുത്തന്‍കുരിശ് പൊലീസിനു പ്രതിയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ കഴിഞ്ഞില്ല. എന്നാല്‍ ചടങ്ങുകള്‍ക്കു ശേഷം പ്രതി കടന്നുകളയുന്നത് തടയാന്‍ എല്ലാ മുന്‍കരുതലുകളും പൊലീസ് സ്വീകരിച്ചിരുന്നു. പെണ്‍കുഞ്ഞ് പീഡിപ്പിക്കപ്പെട്ട വിവരം അന്വേഷണ സംഘം അതീവരഹസ്യമായി സൂക്ഷിച്ചു. അടുത്ത ബന്ധുക്കളോടെല്ലാം സഹാനുഭൂതിയോടെ പെരുമാറിയ പൊലീസ് ഒരു തരത്തിലും പ്രതി സംശയിക്കപ്പെടുന്നു എന്ന തോന്നല്‍ നല്‍കിയില്ല. ചടങ്ങുകള്‍ അവസാനിച്ച ശേഷം മൂന്നു ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ഇതിനൊപ്പമാണു പ്രതിയെയും പൊലീസ് ചോദ്യം ചെയ്തത്.
19നാണു കൊലപാതകം നടന്നത്. കുട്ടിയെ പീഡിപ്പിച്ച പ്രതിയെ 20നു രാത്രിയോടെ പൊലീസ് ഏതാണ്ടു തിരിച്ചറിഞ്ഞെങ്കിലും അറസ്റ്റ് ഒഴിവാക്കി. പ്രതിയെ മാത്രം പിറ്റേന്നു രാവിലെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്തു. അപ്രതീക്ഷിതമായ ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പ്രതി കുറ്റസമ്മതം നടത്തി. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ ഫൊറന്‍സിക് സംഘം കുട്ടിയും പ്രതിയും താമസിച്ചിരുന്നു വീടുകളിലെത്തി. പ്രതിയുടെ വസ്ത്രങ്ങളും കുട്ടിയുടെ ഉടുപ്പുകള്‍, കിടക്കവിരി എന്നിവയും പരിശോധനയ്ക്കു വേണ്ടി ശേഖരിച്ചു. മാതാവിനെയും പ്രതിയെയും കസ്റ്റഡിയില്‍ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ ഈ കേസില്‍ ഇനിയും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പുറത്തുവരാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
കുട്ടിയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ഇളയച്ഛന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ കസ്റ്റഡിയിലെടുത്ത ശേഷം പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ സ്വഭാവ വൈകൃതത്തിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചു. മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ ഇയാളെ ഏറെ ദു:ഖിതനായാണ് കാണപ്പെട്ടത്. പ്രതിയുടെ മെഡിക്കല്‍ പരിശോധന മൂവാറ്റുപുഴ ഗവ. ആശുപത്രിയില്‍ നടന്നു. കൊല്ലപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പു പോലും പീഡനം നടന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് കുട്ടിയോട് ആ സമയം അടുത്തിടപഴകിയവരിലേക്കുള്ള അന്വേഷണമാണ് അടുത്ത ബന്ധുവിലേക്ക് അന്വേഷണം എത്തിയത്. കുറ്റസമ്മതം നടത്തിയ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. പലതവണ കുഞ്ഞിനെ പീഡിപ്പിച്ചുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മരണവാര്‍ത്തയറിഞ്ഞ് കുഞ്ഞിന്റെ പിതാവിനേക്കാള്‍ വികാരാധീനനായാണ് ഇളയച്ഛന്‍ പെരുമാറിയിരുന്നത്.
കഴിഞ്ഞ ദിവസം നടന്ന സംസ്‌കാരച്ചടങ്ങുകളിലും വിങ്ങിപ്പൊട്ടിയാണ് ഇയാള്‍ പങ്കെടുത്തത്. അവിവാഹിതനായ ഇളയച്ഛന്റെ സ്വാഭാവിക പ്രകനമായാണ് ഇതിനെ നാട്ടുകാര്‍ കണ്ടത്. ജീവനോടെ പുഴയില്‍ എറിയപ്പെട്ട കുഞ്ഞ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണു മരിച്ചതെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. പീഡനത്തിന്റെ സൂചനകളായ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ പുഴയിലെറിഞ്ഞതിന് അറസ്റ്റ് ചെയ്യപ്പെട്ട അമ്മയെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. അഡിഷനല്‍ എസ്പി എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു 2 കേസുകളും അന്വേഷിക്കുന്നത്.