ഇറാനിലെ ആക്രമണങ്ങള്‍ക്ക് സമാധാനം പറയേണ്ടത് യുഎസും ഇസ്രയേലും ബ്രിട്ടനും; യുദ്ധം രണ്ടുവര്‍ഷത്തോളം നീണ്ടുനില്‍ക്കുമെന്ന് ഖമനയി ഭരണകൂടം; ആണവ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയുള്ള യുഎസ് ആക്രമണത്തിന് ന്യായീകരണമില്ലെന്ന് പുടിന്‍; റഷ്യയെ വിരട്ടി ട്രംപ്; ആക്രമണം ഭയന്ന് വ്യോമപാത താല്‍ക്കാലികമായി അടച്ച് ഖത്തര്‍

യുദ്ധം രണ്ടുവര്‍ഷത്തോളം നീണ്ടുനില്‍ക്കുമെന്ന് ഖമനയി ഭരണകൂടം

Update: 2025-06-23 17:00 GMT

ടെഹ്‌റാന്‍: ഇറാനില്‍ തുടരുന്ന ആക്രമണങ്ങള്‍ക്ക് യുഎസും, ഇസ്രയേലും, യുകെയും, ഫ്രാന്‍സും, രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സി ഡയറക്ടറും ആയിരിക്കും പൂര്‍ണ ഉത്തരവാദികളെന്ന് ഇറാന്‍. നിരപരാധികളായ ഇറാനിലെ സാധാരണക്കാരുടെ മരണത്തിന് പൂര്‍ണ ഉത്തരവാദിത്വം ഇക്കൂട്ടര്‍ക്കാണ്.


ഇസ്രയേലുമായുളള യുദ്ധം രണ്ടുവര്‍ഷത്തോളം നീണ്ടുനില്‍ക്കാമെന്നാണ് ഇറാന്‍ സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. യുദ്ധത്തിന് അമേരിക്ക നേരിട്ട് വില തരേണ്ടി വരുമെന്നും മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ സി എന്‍ എന്നിനോട് പറഞ്ഞു. യുദ്ധം തുടരാനുള്ള ഇറാന്റെ തയ്യാറെടുപ്പുകള്‍ അളക്കാന്‍ വേണ്ടിയാണ് പോരാട്ടം അവസാനിപ്പിക്കണമെന്ന ആഹ്വാനങ്ങള്‍ വന്നതെന്നും ഇറാന്‍ സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇറാന്‍ തലയ്ക്ക് മീതേ തൂങ്ങുന്ന ഭീഷണിയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലേവിറ്റ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഭീഷണി ഉയര്‍ന്നത്.

ഞായറാഴ്ച പുലര്‍ച്ചെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ച് ഇറാനിലെ മൂന്നു ആണവകേന്ദ്രങ്ങള്‍ അമേരിക്ക തകര്‍ക്കുകയും, ഓപ്പറേഷന്‍ വന്‍വിജയമാണെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തതോടെ, ഇറാന്‍ ഭരണകൂടം ഭീഷണിയുടെ ഭാഷയാണ് മുഴക്കുന്നത്. 50,000 അമേരിക്കന്‍ പട്ടാളക്കാരുടെ ശവപെട്ടികള്‍ വാഷിങ്ടണിലേക്ക് തിരിച്ച് അയയ്ക്കുമെന്നാണ് മുന്നറിയിപ്പ്.

റഷ്യയുടെ വിമര്‍ശനം

ഇറാനിലെ ആണവ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ യുഎസ് നടത്തിയ ആക്രമണത്തിന് ന്യായീകരണമില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുട്ടിന്‍ ഇക്കാര്യം പറഞ്ഞതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിയന്‍ ജനതയെ സഹായിക്കാന്‍ മോസ്‌കോ ശ്രമിക്കുകയാണെന്നും ചര്‍ച്ചക്കിടെ പുട്ടിന്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയോടു പറഞ്ഞതായാണ് വിവരം. ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവ യുഎസ് ബോംബര്‍ വിമാനങ്ങള്‍ ആക്രമിച്ചതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി മോസ്‌കോയിലെത്തി പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയത്.

റഷ്യയെ വിരട്ടി ട്രംപ്

ഇറാന് ആണവായുധങ്ങള്‍ നല്‍കാന്‍ മറ്റുരാജ്യങ്ങള്‍ തയ്യാറെടുക്കുകയാണെന്ന മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവിന്റെ സാമൂഹിക മാധ്യമ കുറിപ്പാണ് ട്രംപിനെ ചൊടിപ്പിച്ചത്. മെദ് വദേവ് തന്നെയാണോ ഈ പരാമര്‍ശം നടത്തിയതെന്ന് തനിക്ക് ഉടനെ അറിയണമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ആണവായുധം എന്ന വാക്ക് നിസ്സാരമായി കൈകാര്യം ചെയ്യാനാവില്ല. പുടിന്‍ അതുകൊണ്ടാണ് ബോസായി ഇരിക്കുന്നതെന്ന് ഞാന്‍ കരുതുന്നു- ട്രംപ് കുറിച്ചു.

എവിന്‍ ജയിലിലെ വ്യോമാക്രമണത്തെ അപലപിച്ച് ഫ്രാന്‍സ്

ഇറാനിലെ എവിന്‍ ജയിലിന് നേരേയുളള ഇസ്രയേല്‍ ആക്രമണത്തെ ഫ്രാന്‍സിന്റെ വിദേശകാര്യ മന്ത്രി ഷാ നോല്‍ ബാരോ അപലപിച്ചു. രണ്ടുഫ്രഞ്ച് പൗരന്മാര്‍ ആ സമയത്ത് ജയില്‍ വളപ്പിലുണ്ടായിരുന്നു എന്നതാണ് ഫ്രാന്‍സിനെ ചൊടിപ്പിച്ചത്.

വ്യോമപാത അടച്ച് ഖത്തര്‍

രാജ്യത്തെ പൗരന്മാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ കണക്കിലെടുത്ത് വ്യോമപാത താല്‍ക്കാലികമായി അടയ്ക്കുകയാണെന്ന് ഖത്തര്‍ പ്രഖ്യാപിച്ചു.

സുരക്ഷിത സ്ഥലങ്ങള്‍ തേടാന്‍ തങ്ങളുടെ പൗരന്മാരോട് യുകെ, യുഎസ് ഏംബസികള്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് ഖത്തറിന്റെ ഉത്തരവ്. ഖത്തറില്‍ 19 യുഎസ് സൈനിക താവളങ്ങളാണുള്ളത്. ഈ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ആക്രമണത്തിന് പ്രതികാരം വീട്ടാന്‍ ഇറാന്‍ മുതിരുമെന്ന ആശങ്കയിലാണ് മുന്‍കരുതല്‍.

Tags:    

Similar News