'അമ്മയെ' നയിക്കാന്‍ ഇനി പെണ്‍മക്കള്‍! ചരിത്രമായി താരസംഘടനയുടെ തിരഞ്ഞെടുപ്പ് ഫലം; തലപ്പത്ത് വനിതകള്‍; ശ്വേതാ മേനോന്‍ അധ്യക്ഷ; കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി; ഉണ്ണി ശിവപാല്‍ ട്രഷറര്‍; പുതിയ കമ്മിറ്റി നല്ല രീതിയില്‍ സംഘടനയെ മുന്നോട്ട് കൊണ്ടുപോവുമെന്ന് മോഹന്‍ലാല്‍
ശ്വേതാ മേനോന്‍ അമ്മയുടെ പ്രസിഡന്റ്
കൊച്ചി: താരസംഘടനയായ 'അമ്മ'യെ ഇനി 'പെണ്‍മക്കള്‍' നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാല്‍ ട്രഷറര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത അമ്മ സംഘടനയുടെ പ്രസിഡന്റ് ആകുന്നത്. വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും സജീവമായ തിരഞ്ഞെടുപ്പില്‍ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോന്‍ വിജയം നേടിയത്. കുക്കു പരമേശ്വരന്‍ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി.
രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 233 വനിതാ അംഗങ്ങള്‍ ഉള്‍പ്പടെ സംഘടനയിലെ 507 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. ചെന്നൈയിലായതിനാല്‍ മമ്മൂട്ടി വോട്ട് ചെയ്യാന്‍ എത്തില്ലെന്നാണ് വിവരം. മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരടക്കമുള്ള പ്രമുഖര്‍ വോട്ട് ചെയ്തു. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട് ഇത്തവണ. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് ചെയ്തത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്. വാശിയേറിയ പോരാട്ടത്തിനാണ് ഇക്കുറി താര സംഘടനയായ അമ്മ സാക്ഷ്യം വഹിച്ചത്.. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കും സംഘടനയിലെ പൊട്ടിത്തെറികള്‍ക്കും അതിനു പിന്നാലെ പ്രസിഡന്റ് മോഹന്‍ലാലിന്റെ രാജിക്കും ശേഷം വന്ന തിരഞ്ഞെടുപ്പില്‍ നിന്നും യുവതാരങ്ങള്‍ വോട്ട് ചെയ്യാതെ വിട്ടുനിന്നത് ചര്‍ച്ചയായിട്ടുണ്ട്.
ദേവനും ശ്വേത മേനോനുമാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. രവീന്ദ്രന്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിച്ചിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ, നാസര്‍ ലത്തീഫ് എന്നിവരാണ് മത്സരിച്ചു. ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലും അനൂപ് ചന്ദ്രനും ഏറ്റുമുട്ടി. സ്ത്രീകള്‍ക്ക് 4 സീറ്റ് സംവരണമുള്ള എക്‌സിക്യൂട്ടീവില്‍ അഞ്ജലി നായര്‍, ആഷ അരവിന്ദ്, നീന കുറുപ്പ്, സജിത ബേട്ടി, സരയു മോഹന്‍ എന്നിവരാണ് മത്സരിച്ചത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സ്ഥാനത്തേക്ക് നേരത്തെ 13 പേര്‍ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്‍സിബ ഒഴികെ മറ്റ് 12 പേരും പത്രിക പിന്‍വലിക്കുകയായിരുന്നു. മറ്റു പ്രധാന സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
11 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 13 പേരാണ് മത്സരിച്ചിരുന്നത്ത്. ഇതില്‍ 4 സീറ്റ് വനിതാ സംവരണമാണ്. 7 ജനറല്‍ സീറ്റുകളും. കൈലാഷ്, സിജോയ് വര്‍ഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴറ്റൂര്‍, വിനു മോഹന്‍, നന്ദു പൊതുവാള്‍, ജോയ് മാത്യു, നീന കുറുപ്പ്, സജിത ബേട്ടി, സരയൂ മോഹന്‍, ആശ അരവിന്ദ്, അഞ്ജലി നായര്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിച്ചിരുന്നത്.
സംഘടനയിലെ അംഗങ്ങളുടെ അഭിപ്രായമനുസരിച്ച് പുതിയ കമ്മിറ്റി വരുമെന്നും അത് നല്ല രീതിയില്‍ സംഘടനയെ മുന്നോട്ട് കൊണ്ടുപോവുമെന്നുമാണ് വോട്ട് രേഖപ്പെടുത്തിയ ശേഷം മോഹന്‍ലാല്‍ പറഞ്ഞത്. സംഘടനയില്‍ നിന്നും ആരും വിട്ടൊന്നും പോയിട്ടില്ലെന്നും എല്ലാവരും ഇതിലുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
'ആരും വിട്ട് പോയിട്ടില്ല, എല്ലാവരും ഇതിലുണ്ട്, എല്ലാവരും കൂടെ ചേര്‍ന്ന് ഏറ്റവും നല്ല ഭരണം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ' മോഹന്‍ലാല്‍ പ്രതികരിച്ചു. നിര്‍മ്മാതാവും നടനുമായ ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിന്റെ കൂടെയുണ്ടായിരുന്നു. കൊച്ചി ലുലു മാരിയറ്റ് ഹോട്ടലില്‍ രാവിലെ പത്ത് മണി മുതലാണ് വോട്ടിങ്ങ് ആരംഭിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടെയാണ് മോഹന്‍ലാല്‍ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഓഗസ്റ്റ് 27ന് ഭരണസമിതി രാജിവച്ചൊഴിഞ്ഞു. ഇതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ വലിയ വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമുയര്‍ന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെതിരെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു എന്ന കേസ് പോലും ഉയര്‍ന്നുവന്നു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരനെതിരെയും ഒരു സംഘം വനിതാ അംഗങ്ങള്‍ രംഗത്ത് വന്നു.