'സ്‌കൂളിലെ നിയമങ്ങള്‍ അനുസരിച്ച് വന്നാല്‍ വിദ്യാര്‍ഥിനിയെ സ്വീകരിക്കും'; വിദ്യാഭ്യാസ മന്ത്രിക്കും സ്‌കൂളിന് സംരക്ഷണം നല്‍കിയ ഹൈക്കോടതിക്കും നന്ദി പറഞ്ഞ് സെന്റ് റീത്താസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍; 'മകള്‍ മാനസികമായി ബുദ്ധിമുട്ടില്‍; ടിസി വാങ്ങുകയാണ്' എന്ന് വിദ്യാര്‍ഥിനിയുടെ പിതാവ്; വ്യാജ പ്രചാരണങ്ങളില്‍ നിയമ നടപടി സ്വീകരിക്കുമെന്നും പ്രതികരണം; കെട്ടടങ്ങാതെ ഹിജാബ് വിവാദം
കെട്ടടങ്ങാതെ ഹിജാബ് വിവാദം
കൊച്ചി: ഹിജാബ് (ശിരോവസ്ത്രം) വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥിനി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം അവസാനിപ്പിക്കുന്നു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നും വിദ്യാര്‍ഥിനിയുടെ പിതാവ് പി.എം. അനസ് പറഞ്ഞു. വിഷയത്തില്‍ ഇടപെട്ട സര്‍ക്കാരിനും വിദ്യാഭ്യാസ മന്ത്രിക്കും നന്ദിയുണ്ടെന്നും മതസൗഹാര്‍ദം തകരുന്ന ഒന്നും സമൂഹത്തില്‍ ഉണ്ടാകരുതെന്നും അനസ് പറഞ്ഞു.
വിദ്യാര്‍ത്ഥിനിയെ ടിസി വാങ്ങി മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കുമെന്ന് പിതാവ് ആവര്‍ത്തിച്ചു. മതേതര വസ്ത്രങ്ങള്‍ അനുവദനീയമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്, എന്റെ മകള്‍ ധരിച്ച ഷോള്‍ മതേതരമല്ലേ എന്നും പിതാവ് ചോദിച്ചു. അതുപോലെ, കുട്ടിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നു എന്നും നിയമനടപടി സ്വീകരിക്കും എന്നും കുട്ടിയുടെ പിതാവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
''പേടിയും പനിയും വന്ന് മകള്‍ മാനസികമായി വലിയ ബുദ്ധിമുട്ടിലാണ്. മതാചാരപ്രകാരമുള്ള ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോവണമെന്നായിരുന്നു അവളും ഞങ്ങളും ആഗ്രഹിച്ചിരുന്നത്. ആ ന്യായമായ ആവശ്യം ചോദിച്ചപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ നിരസിക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിയ്ക്ക് ഉള്‍പ്പെടെ താന്‍ പരാതി നല്‍കി. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നിട്ടും മകളെ ഹിജാബ് ധരിച്ചു പോകാന്‍ മാനേജ്‌മെന്റ് അനുവദിച്ചില്ല'' അനസ് പറഞ്ഞു.
വിഷയത്തില്‍ സ്‌കൂളിന് സംരക്ഷണം നല്‍കിയ ഹൈക്കോടതിക്ക് ഇന്ന് രാവിലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഹെലീന ആല്‍ബി നന്ദി അറിയിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിക്കും നന്ദി അറിയിച്ചു. സ്‌കൂള്‍ നിയമങ്ങള്‍ അനുസരിക്കാന്‍ തയാറാണെങ്കില്‍ വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളില്‍ പഠനം തുടരാമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭസ്‌കൂളിന് സംരക്ഷണം നല്‍കിയ ഹൈക്കോടതിക്ക് നന്ദി. സ്‌കൂളിലെ നിയമങ്ങള്‍ അനുസരിച്ച് വിദ്യാര്‍ത്ഥിനി വന്നാല്‍ തുടരാം. കുട്ടികള്‍ക്ക് വേണ്ടതെല്ലാം സ്‌കൂള്‍ നല്‍കുന്നുണ്ട്. കുട്ടി സ്‌കൂളില്‍ നിന്ന് ടിസി വാങ്ങാന്‍ തീരുമാനിച്ച കാര്യം അറിയില്ല. കോടതിയെയും സര്‍ക്കാരിനെയും ബഹുമാനിക്കുന്നു. കോടതിയുടെ മുന്നിലുള്ള വിഷയങ്ങളില്‍ നിയമം അതിന്റെ വഴിക്ക് പോകട്ടെ'- സിസ്റ്റര്‍ ഹെലീന ആല്‍ബി പറഞ്ഞു.
സ്‌കൂളിലെ നിയമങ്ങളും നിബന്ധനകളും പാലിച്ച് വന്നാല്‍ വിദ്യാര്‍ഥിനിയെ സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന ആല്‍ബി പറഞ്ഞു. വിദ്യാര്‍ഥിനി ടി സി വാങ്ങുന്ന കാര്യം അറിയിച്ചിട്ടില്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. പല വിഷയങ്ങളും കോടതിയുടെ മുന്‍പില്‍ ഇരിക്കുന്നതാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന ആല്‍ബി പറഞ്ഞു. വിഷയത്തില്‍ സ്‌കൂളിനൊപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പ്രിന്‍സിപ്പല്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രി ആദ്യം ഒക്കെ അന്വേഷിച്ചിരുന്നെന്നും പിന്നീട് അതുണ്ടായില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി, ഹൈബി ഈഡന്‍, ഷോണ്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ നന്ദി പറഞ്ഞു.
അതേസമയം സ്‌കൂള്‍ അധികൃതരെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്നും രം?ഗത്തെത്തി. സ്‌കൂളിന് മാന്യമായി പ്രശ്‌നം പരിഹരിക്കാന്‍ സാഹചര്യം ഉണ്ടായിരുന്നു. ശിരോവസ്ത്രം ധരിച്ച് നില്‍ക്കുന്ന അധ്യാപികയാണ് കുട്ടി ഇത് ധരിക്കരുതെന്ന് പറഞ്ഞത്. അതാണ് വലിയ വിരോധാഭാസവുമെന്ന് മന്ത്രി പറഞ്ഞു. ആ കുട്ടി അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം വളരെ വലുത്. ഒരു കുട്ടിയുടെ പ്രശ്‌നം ആണെങ്കിലും സംരക്ഷണം നല്‍കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി അറിയിച്ചു. പിടിഎ പ്രസിഡന്റ്‌റിന് ധിക്കാരത്തിന്റെ ഭാഷയെന്നും മന്ത്രി വിമര്‍ശിച്ചു.