'അവര്‍ ആരുടെയോ അടിമയെ പോലെയാണ് പെരുമാറിയത്...; വിഡിയോകോളിലൂടെ ഹിപ്‌നോട്ടിസം ചെയ്യുന്നത് പോലെ ഇരയെ വരുതിയലാക്കിയിരുന്നു'; ആ മെസേജ് കണ്ടമാത്രയില്‍ തന്നെ വെര്‍ച്വല്‍ അറസ്റ്റ് ആണെന്ന് എനിക്ക് മനസ്സിലായി; 68 കാരി അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വിവരിച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍
68 കാരി അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വിവരിച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍
തിരുവല്ല: തിരുവല്ലയില്‍ ഡിജിറ്റല്‍ അറസ്റ്റിലൂടെ 68കാരിയില്‍ നിന്ന് 22 ലക്ഷം രൂപ തട്ടാനുള്ള ശ്രമം തടഞ്ഞത് ബാങ്ക് ഉദ്യോഗസ്ഥരുടെ നിര്‍ണായക ഇടപെടല്‍ ആയിരുന്നു. സംശയം തോന്നിയ തിരുവല്ല ബാങ്ക് ഓഫ് ബറോഡയിലെ ഉദ്യോഗസ്ഥര്‍ 68കാരിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. വിഡിയോ കോളിലൂടെയാണ് 68 കാരിയെ കബളിപ്പിക്കാന്‍ ശ്രമിച്ചത്. മണിക്കൂറുകളോളം 68 കാരി കടുത്ത സമ്മര്‍ദ്ദത്തില്‍ തുടര്‍ന്നുവെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു. ബാങ്ക് ഓഫ് ബറോഡ തിരുവല്ല ശാഖയിലെ ഉദ്യോഗസ്ഥരുടെ ഇടപെടലാണ് വലിയ തട്ടിപ്പില്‍ നിന്നും 68കാരിയെ രക്ഷിച്ചത്.
വിദേശജോലിക്കു ശേഷം തിരുവല്ലയിലെ മഞ്ഞാടിയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന 68കാരിയെയാണ് തട്ടിപ്പുസംഘം രണ്ട് ദിവസത്തോളം 'ഡിജിറ്റല്‍ അറസ്റ്റ്' നടത്തിയത്. 21.5 ലക്ഷം രൂപ തട്ടിപ്പുകാര്‍ക്ക് കൈമാറാനുള്ള നീക്കം ബാങ്ക് ജീവനക്കാരുടെ ബുദ്ധിപൂര്‍വമായ ഇടപെടലിലൂടെ തടയുകയായിരുന്നു. ഇക്കഴിഞ്ഞ ഞായര്‍ ഉച്ചയ്ക്കാണ് അക്കൗണ്ട് ഉടമയുടെ ഫോണിലേക്ക് വിഡിയോ കോള്‍ വരുന്നത്. മുംബൈ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് വിളിക്കുന്നതെന്നും നിങ്ങളുടെ കനറ ബാങ്കിലെ അക്കൗണ്ട് ആധാര്‍ കാര്‍ഡില്‍ തിരിമറി നടത്തിയതായി വിവരം കിട്ടിയതായും പറഞ്ഞു. ഇതിന്റെ വിവരം അറിയാനാണെന്ന് വിളിച്ചയാള്‍ പറഞ്ഞു.
തനിക്ക് ബാങ്ക് ഓഫ് ബറോഡയില്‍ മാത്രമേ അക്കൗണ്ട് ഉള്ളുവെന്നു പറഞ്ഞപ്പോള്‍ അതിന്റെ വിശദാശംങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. വീട്ടമ്മ എല്ലാം പങ്കുവെച്ചു. മറ്റാരോടും വിവരം പറയരുതെന്ന് വിളിച്ചയാള്‍ നിര്‍ദേശിച്ചു. ഫോണ്‍കോള്‍ മണിക്കൂറുകളോളം തുടര്‍ന്നു. രാത്രി 11.30 ആയപ്പോള്‍ ഫോണ്‍ ചൂടായി എന്നു പറഞ്ഞപ്പോഴാണ് നിര്‍ത്തിയത്. പിന്നീട് പിറ്റേദിവസം രാവിലെ 5 മണിക്ക് വീണ്ടും വിളിച്ചു. അക്കൗണ്ടിലെ പണം മുഴുവന്‍ അയച്ചുകൊടുത്താല്‍ കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഇവര്‍ ബാങ്കില്‍ എത്തിയത്. ഇവര്‍ കഠിനമായ സമ്മര്‍ദത്തിലായിരുന്നുവെന്നും സമയോചിത ഇടപെലിലൂടെയാണ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ബ്രാഞ്ച് മാനേജര്‍ ഡെല്‍ന ഡിക്‌സണും ബാങ്ക് ഉദ്യോഗസ്ഥന്‍ വിനോദ് ചന്ദ്രനും പറഞ്ഞു. വലിയ തുക ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പ്രായമായവര്‍ വരുമ്പോള്‍ അക്കൗണ്ട് നമ്പര്‍ വെരിഫൈ ചെയ്യാന്‍ ഫോണ്‍ കാണിക്കണമെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത് നന്നാകുമെന്ന് അദ്ദേഹം പറയുന്നു. ഇത്തരമൊരു ഇടപെടലാണ് തിരുവല്ലയിലെ വീട്ടമ്മയെ വന്‍ തട്ടിപ്പില്‍ നിന്ന് രക്ഷിച്ചത്.
മനസിനെ മരവിപ്പിച്ച ഡിജിറ്റല്‍ അറസ്റ്റ്
പണം മുഴുവന്‍ കൈക്കലാക്കാനായിരുന്നു വിഡിയോ കോളിലൂടെ എത്തിയ തട്ടിപ്പുകാരുടെ ശ്രമം. തിരുവല്ല ബ്രാഞ്ചില എഫ്ഡി ക്ലോസ് ചെയ്ത് മക്കളുടെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യവുമായാണ് സ്ത്രീ ബാങ്കില്‍ വന്നത്. പലിശ ലഭിക്കുന്നതല്ലേ, ക്ലോസ് ചെയ്യണോയെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചെങ്കിലും ക്ലോസ് ചെയ്യണമെന്ന് ആവശ്യത്തില്‍ തന്നെയായിരുന്നു സ്ത്രീ. ബാക്കിയുള്ള കാര്യങ്ങളെല്ലാം മക്കള്‍ നോക്കിക്കോളുമെന്നും പറഞ്ഞു.
തുടര്‍ന്ന് എഫ്ഡി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് വിനോദ് എഫ്ഡി ക്ലോസര്‍ പ്രോസസ്സ് ചെയ്തു, സേവിങ്‌സ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു. ശേഷം പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള ഫോം പൂരിപ്പിക്കാന്‍ കൊടുത്തു. പൂരിപ്പിച്ച് കിട്ടിയ ഫോമിലെ ബെനിഫിഷ്യറിയുടെ പേര് കണ്ട വിനോദിന് സംശയം തോന്നി. മക്കളുടെ പേരിന് പകരം ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പേരാണ് ഇവര്‍ കൊടുത്തിരുന്നത്. ചോദിച്ചപ്പോള്‍ അത് മക്കള്‍ തന്ന ഡീറ്റെയില്‍സ് ആണെന്നായിരുന്നു സ്ത്രീയുടെ മറുപടി.
അക്കൗണ്ട് നമ്പര്‍ മക്കള്‍ അയച്ചു തന്നത് കാണിക്കാന്‍ പറഞ്ഞെങ്കിലും സ്ത്രീ അത് തപ്പുന്നത് പോലെ അഭിനയിച്ചു. മക്കളെ വിളിക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ അവര്‍ ബിസി ആണെന്നായിരുന്നു മറുപടി. ബാങ്ക് അധികൃതരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശേഷം സ്ത്രീ ഫോണ്‍ കാണിച്ചു. ഫോണിലെ ഡീറ്റെയില്‍സ് കണ്ടപ്പോഴേ തട്ടിപ്പാണെന്ന് അധികൃതര്‍ക്ക് മനസിലായി. ഫോണില്‍ സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യയുടേയും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റേയും നോട്ടീസുകളാണ് കണ്ടത്. സ്ഥിരം വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പാണെന്ന് മനസിലായതോടെ സ്ത്രീയെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കുകയായിരുന്നു.
മണിക്കൂറുകളോളം സമ്മര്‍ദ്ദത്തില്‍
'നമ്മള്‍ പത്രമാധ്യമങ്ങളില്‍ ആണ് ഡിജിറ്റല്‍ അറസ്റ്റിന്റെ വാര്‍ത്തകള്‍ വായിക്കാറുള്ളത്. പക്ഷേ, നേരിട്ട് കണ്ടപ്പോഴാണ് അതിന്റെ തീവ്രത മനസ്സിലായത്. ഇരയായയാള്‍ ആരുടെയോ അടിമയെ പോലെയാണ് പെരുമാറിയത്... വിഡിയോകോളിലൂടെ ഹിപ്‌നോട്ടിസം ചെയ്യുന്നത് പോലെ ഇരയെ വരുതിയലാക്കിയിരുന്നു' -കഴിഞ്ഞ ദിവസം ഡിജിറ്റല്‍ അറസ്റ്റിലൂടെ 21.5 ലക്ഷം രൂപ തട്ടാനുള്ള ശ്രമം പൊളിച്ച വിനോദ് ചന്ദ്രന്‍ പറയുന്നു.
'60 വയസ്സിലേറെ പ്രായമുള്ള, വളരെ പരിചിതയായ കസ്റ്റമറാണ് ഞങ്ങളുടെ അടുക്കല്‍ വന്നത്. അവരുടെ സ്ഥിര നിക്ഷേപങ്ങള്‍ മുഴുവന്‍ ഒറ്റയടിക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ഫിക്‌സഡ് ഡിപ്പോസിറ്റ് എല്ലാം കാലാവധി എത്തും മുമ്പ് ക്ലോസ് ചെയ്താല്‍ മാഡത്തിന് പലിശ നഷ്ടം ഉണ്ടാവുമല്ലോ എന്ന് ഞാന്‍ ചൂണ്ടിക്കാണിച്ചു. മറ്റു മാര്‍ഗ്ഗങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന് ആരാഞ്ഞു. നഷ്ടത്തോട് കൂടി ആണെങ്കിലും ക്ലോസ് ചെയ്യണമെന്നും മക്കള്‍ക്ക് ഫ്‌ലാറ്റ് വാങ്ങാന്‍ തുക ഡല്‍ഹിക്ക് അയക്കണമെന്നും അവര്‍ പറഞ്ഞു. അവര്‍ നിര്‍ബന്ധിച്ചതോടെ സ്ഥിര നിക്ഷേപം ക്ലോസ് ചെയ്ത് അവരുടെ അക്കൗണ്ടിലോട്ട് പണം മാറ്റിക്കൊടുത്തു.
തുടര്‍ന്ന് പണം കൈമാറാനുള്ള ട്രാന്‍സ്ഫര്‍ ഫോം പൂരിപ്പിച്ചു വന്നപ്പോള്‍ മക്കളുടെ പേരിന് പകരം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പേരാണ് കണ്ടത്. അപ്പോള്‍ സംശയം തോന്നി. 'എന്തുകൊണ്ടാണ് മാഡം നേരിട്ട് ഇതുപോലെ അയച്ചു കൊടുക്കുന്നത്, മക്കള്‍ക്ക് അയച്ചു കൊടുത്താല്‍ പോരേ' എന്ന് ചോദിച്ചു. മക്കളുടെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ അയക്കുന്നത് എന്നായിരുന്നു മറുപടി. ഇതോടെ, സംശയം കൂടി. മക്കള്‍ തന്നതാണെങ്കില്‍ ക്രോസ് ചെക്ക് ചെയ്യാന്‍ ആ ചാറ്റ് എന്നെ കൂടി കാണിക്കാമോ എന്ന് ചോദിച്ചു. അതോടെ അവര്‍ അല്പം പരുങ്ങി. ഫോണില്‍ എന്തൊക്കെയോ ടൈപ്പ് ചെയ്തുകൊണ്ടിരുന്നു. മക്കളുമായിട്ട് ചാറ്റ് ചെയ്യുകയാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, റിപ്പീറ്റ് ചെയ്ത് ചോദിച്ചിട്ടും അവര്‍ ചാറ്റ് കാണിക്കാന്‍ തയാറായില്ല. 'സാര്‍, ഞാന്‍ അത് ഓള്‍റെഡി ക്രോസ് ചെക്ക് ചെയ്തതാണ്, സാര്‍ പേയ്‌മെന്റ് ചെയ്‌തോളൂ' എന്നായിരുന്നു മറുപടി.
'മാഡം 20 ലക്ഷത്തിനു മുകളില്‍ ഉള്ള തുകയല്ലേ, കൈമറിഞ്ഞു പോയാല്‍ നമുക്ക് അത് കിട്ടുകയല്ല. അതുകൊണ്ട് മക്കള്‍ അയച്ചു തന്ന ഡീറ്റയില്‍സ് വെച്ച് ഒന്ന് ക്രോസ് ചെക്ക് ചെയ്താല്‍ മാത്രം മതി' എന്നായി ഞാന്‍. രണ്ടോ മൂന്നോ തവണ ഇക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ മാത്രമാണ് 'ഞാന്‍ മക്കളോട് ചോദിക്കട്ടെ' എന്ന് അവര്‍ പറഞ്ഞ്. പിന്നീട്, മക്കള്‍ ബിസി ആണെന്നും കണക്ട് ചെയ്യുന്നില്ല എന്നും അവര്‍ അറിയിച്ചു. അപ്പോഴെല്ലാം അവര്‍ ആരോടോ ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു.
അക്കൗണ്ട് ഡീറ്റയില്‍സ് കാണിക്കാതെ ഇത്രയും വലിയ തുക കൈമാറാന്‍ കഴിയില്ലെന്ന് തീര്‍ത്തുപറഞ്ഞതോടെ അവര്‍ ചെറിയ വിറയലോടുകൂടി ഫോണ്‍ എന്റെ നേരെ കാണിച്ചു. ആ സമയത്ത് അവര്‍ ആരുടെയോ ഒരു അടിമയെ പോലെയുള്ള അവസ്ഥ ആയിരുന്നു. അക്കൗണ്ട് നമ്പര്‍ കാണിക്കുകയാണെന്നാണ് ഞാന്‍ കരുതിയത്. നോക്കിയപ്പോള്‍ ആ മെസേജിന്റെ മുകളില്‍ സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ എന്നും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നുമുള്ള ലെറ്റര്‍ ഹെഡുകളാണ് കാണുന്നത്.
അത് കണ്ടമാത്രയില്‍ തന്നെ വെര്‍ച്വല്‍ അറസ്റ്റ് ആണ് എന്ന് എനിക്ക് മനസ്സിലായി. കാരണം ഒരിക്കലും സുപ്രീം കോര്‍ട്ടോ സെന്‍ട്രല്‍ ബാങ്കോ ഒന്നും ഇങ്ങനെ നേരിട്ട് വ്യക്തികളുമായിട്ട് ഡീല്‍ ചെയ്യുന്ന പതിവില്ലെന്ന് എല്ലാവര്‍ക്കും അറിയാല്ലോ.
ഈ സമയത്തും ഇവര്‍ തട്ടിപ്പുകാരുടെ വിഡിയോ കോളില്‍ തുടരുകയായിരുന്നു. ഈ ഒരു പ്രത്യേക സ്റ്റേജില്‍ പ്രത്യേക മാനസികാവസ്ഥ തട്ടിപ്പുകാര്‍ ക്രിയേറ്റ് ചെയ്തിരുന്നു. മക്കളെ പോലും ഒന്ന് വിളിച്ചറിയിക്കാനുള്ള സാവകാശം കൊടുത്തിരുന്നില്ല. രാത്രി ഉറങ്ങുമ്പോള്‍ പോലും ഫോണ്‍ കട്ട് ചെയ്യാന്‍ സമ്മതിക്കില്ല, അതാണ് അതിന്റെ പ്രത്യേകത. അതിഭയങ്കരമായി ഫോണ്‍ ചൂടാകുന്നു എന്ന് വന്നപ്പോള്‍ അക്കാര്യം അങ്ങോട്ട് മെസ്സേജ് ചെയ്തപ്പോഴാണ് എന്നാല്‍ ഒരു നാലു മണിക്കൂര്‍ നിര്‍ത്തിക്കോളൂ എന്ന് അവര്‍ പെര്‍മിഷന്‍ കൊടുക്കുന്നത്. അതുപോലൊരു അടിമത്ത മനസ്ഥിതിയിലേക്ക് തട്ടിപ്പുകാര്‍ അവരെ കൊണ്ടുവന്നിരുന്നു. അതാണ് ഈ തട്ടിപ്പിന്റെ ഒരു പ്രത്യേകത. അത് സംഭവിക്കുമ്പോഴേ അതിന്റെ തീവ്രത പിടികിട്ടുകയുള്ളൂ. നമ്മളൊന്നും പൊട്ടന്മാരല്ലോ എന്ന് നമ്മള്‍ വിചാരിക്കും. എന്നിരുന്നാലും പ്രായമായവര്‍ ഈ തട്ടിപ്പില്‍ ഇരയാക്കപ്പെടും' -വിനോദ് ചന്ദ്രന്‍ പറഞ്ഞു.
