രാത്രി റോഡിൽ കാതടിപ്പിക്കുന്ന ശബ്ദം; ആളുകൾക്കിടയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ് കാറുകൾ; ഡ്രിഫ്ട് ചെയ്തും തീപ്പൊരി തെറിപ്പിച്ചും മുഴുവൻ ഭീതി; പൊടുന്നനെ ആകാശത്ത് പോലീസിന്റെ ഹെലികോപ്റ്റർ ചുറ്റിപ്പറന്നതും ഭീകര കാഴ്ച; അമിതവേഗതയിലെത്തി ഡ്രൈവർ കാണിച്ചത്; നാല് പേർക്ക് ജീവൻ നഷ്ടമായി; നിരവധി പേർക്ക് പരിക്ക്; വീണ്ടും നടുങ്ങി യുഎസ്
ഫ്ലോറിഡ: ഫ്ലോറിഡയിലെ ടാമ്പ നഗരത്തിൽ, പൊലീസ് പിന്തുടരുന്നതിനിടെ അമിതവേഗതയിൽ പാഞ്ഞുവന്ന കാർ ഒരു ബാറിലേക്ക് ഇടിച്ചുകയറി നാല് പേർ മരണമടഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. അപകടത്തിൽ 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രാത്രി ജീവിതത്തിനും വിനോദസഞ്ചാരത്തിനും പേരുകേട്ട ടാമ്പയിലെ വൈബോർ സിറ്റിക്ക് സമീപമാണ് അപകടം നടന്നത്. നഗരത്തിൽ മറ്റൊരിടത്ത് നിയമവിരുദ്ധമായി റേസ് നടത്തുകയായിരുന്ന വാഹനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് പിന്തുടർന്നെങ്കിലും, ഡൗൺ ടൗണിന് അടുത്തുള്ള ജനവാസമേഖലയിലേക്ക് പ്രവേശിച്ചതോടെ പൊലീസ് സംഘം പിന്തുടരുന്നത് നിർത്തിവെച്ചതായി ഹൈവേ പട്രോളിങ് വിഭാഗം അറിയിച്ചു. ഇതിനുശേഷം ഹെലികോപ്റ്റർ മാർഗ്ഗം നിരീക്ഷണം തുടർന്നു.
എന്നാൽ, നിയന്ത്രണം വിട്ട കാർ സംഭവസ്ഥലത്തുണ്ടായിരുന്ന ബാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരാവസ്ഥയിലായിരുന്ന നാലാമനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ 11 പേരിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. മറ്റ് ഏഴ് പേരുടെ നില ഭേദപ്പെട്ടതാണെന്നും, രണ്ടുപേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
അപകടത്തിന് കാരണമായ വാഹനത്തിന്റെ ഡ്രൈവർ, 22 വയസ്സുള്ള സിലാസ് സാംസൺ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ഹിൽസ്ബറോ കൗണ്ടി ജയിലിലേക്ക് മാറ്റി. ഇയാൾക്കെതിരെ നാല് ഫസ്റ്റ് ഡിഗ്രി മരണങ്ങൾക്ക് തുല്യമായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
അമിതവേഗതയിൽ വാഹനമോടിക്കുന്നവരെ പൊലീസ് പിന്തുടരുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരം അപകടങ്ങളിൽ മരണസംഖ്യ കൂടുന്നതിനാൽ, യുഎസിലെ ചില സംസ്ഥാനങ്ങളും പ്രാദേശിക ഏജൻസികളും പൊലീസുകാരുടെയും പൊതുജനങ്ങളുടെയും ജീവൻ സംരക്ഷിക്കുന്നതിനായി അതിവേഗ വാഹന ചേസിംഗ് നിയന്ത്രിക്കാൻ നിർബന്ധിതരായിരുന്നു. യുഎസ് നീതിന്യായ വകുപ്പ് ആവശ്യപ്പെട്ടത് പ്രകാരം, ഇത്തരം അപകടങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, അത്യന്തം അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ വാഹന ചേസിംഗ് നടത്താവൂ എന്നും നിർദ്ദേശമുണ്ട്.
