'ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്; വളരെ യാദൃച്ഛികമായി നടന്ന ഒരു കാര്യമാണെന്ന് ആര്‍ക്കും തോന്നുന്നില്ല; പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം'; ആ വേദിയില്‍ തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍; 'കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു' വെന്ന മൊഴിയും കേസില്‍ നിര്‍ണായകമാകും

Update: 2025-12-07 13:28 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പറയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നടി മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകുമെന്ന് വിലയിരുത്തല്‍. കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു എന്നായിരുന്നു മഞ്ജു വാര്യരുടെ നിര്‍ണായക മൊഴി. നടിയെ ആക്രമിച്ച കേസില്‍ നടീ നടന്മാരടക്കം 28ഓളം പേര്‍ മൊഴി മാറ്റിയെങ്കിലും ആദ്യവസാനം പറഞ്ഞ മൊഴിയില്‍ ഉറച്ചുനിന്ന ആളാണ് മഞ്ജു വാര്യര്‍. കാവ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ വീട്ടില്‍ വഴക്കുണ്ടായിട്ടുണ്ട് എന്നുള്‍പ്പെടെയായിരുന്നു മഞ്ജുവിന്റെ മൊഴി.

ദിലീപിന്റെ ഫോണില്‍ നിന്ന് ലഭിച്ച ചില സൂചനകളില്‍ നിന്നാണ് മഞ്ജു ദിലീപും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യമറിയുന്നത്. പിന്നീട് മഞ്ജു ഇതിനെക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയോട് ചോദിച്ചു. കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് മഞ്ജുവിനോട് പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് സംശയിച്ചിരുന്നു. തന്റെ ജീവിതം തകര്‍ത്തത് ഈ നടിയാണെന്ന് ദിലീപ് ഇക്കാലത്ത് പലരോടും പറഞ്ഞ് നടന്നിട്ടുമുണ്ട്. ഈ വിവരങ്ങള്‍ ഉള്‍പ്പെടെ മഞ്ജു വാര്യരുടെ മൊഴിയിലുണ്ടായിരുന്നു.

കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നെന്ന് ആദ്യം പറഞ്ഞവരില്‍ ഒരാളും മഞ്ജു വാര്യരായിരുന്നു. 2017 ജൂണ്‍ 21നാണ് കേസില്‍ മഞ്ജു വാര്യര്‍ മൊഴി നല്‍കുന്നത്. കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കുന്നതില്‍ ഉള്‍പ്പെടെ മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകമായിരുന്നു. നിരവധി പേര്‍ മൊഴി മാറ്റിയപ്പോഴും പറഞ്ഞ മൊഴിയില്‍ മഞ്ജു വാര്യര്‍ ഉറച്ചുനിന്നു.

2017 ഫെബ്രുവരി പതിനേഴിന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10-ന് അറസ്റ്റ് ചെയ്തു. പിന്നാലെ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു. സംഭവം നടന്ന് എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി ഡിസംബര്‍ എട്ടിന് വിധി പറയുന്നത്. മനുഷ്യമനഃസാക്ഷിയെ അക്ഷരാര്‍ഥത്തില്‍ നടുക്കിയ ക്രൂരമായ കുറ്റകൃത്യത്തില്‍ കോടതി വിധി എന്താകുമെന്ന് ഉറ്റുനോക്കുകയാണ് കേരളം.

ഗൂഢാലോചന ആദ്യം പറഞ്ഞത്.....

2017 ഫെബ്രുവരി 17-ന് രാത്രിയാണ് കൊച്ചിയില്‍ കാറില്‍വെച്ച് നടി ആക്രമിക്കപ്പെട്ടത്. പിറ്റേദിവസം രാവിലെ നടിയെ തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്തയാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍, നടിക്കുനേരേ നടന്നത് ക്രൂരമായ ആക്രമണമാണെന്നും ലൈംഗികമായ ഉപദ്രവം നേരിട്ടെന്നുമുള്ള വിവരങ്ങള്‍ മണിക്കൂറുകള്‍ക്കകം പുറത്തുവന്നു. ഒരു നടിക്ക് നേരേ കേരളത്തിലെ പ്രധാനനഗരത്തില്‍ ഇത്തരമൊരു അതിക്രമം നേരിട്ടത് വലിയ ആശങ്കയ്ക്കും ഇടയാക്കി. സംഭവത്തില്‍ ഫെബ്രുവരി 18-നുതന്നെ നടി സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറായ മാര്‍ട്ടിന്‍ അറസ്റ്റിലായിരുന്നു. ഫെബ്രുവരി 19-ന് ക്വട്ടേഷന്‍ സംഘാംഗങ്ങളായ വടിവാള്‍ സലീം, പ്രദീപ് എന്നിവര്‍കൂടി പിടിയിലായി. ഫെബ്രുവരി 23-നാണ് ഒന്നാംപ്രതിയായ പള്‍സര്‍ സുനി അറസ്റ്റിലായത്. കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സറിനെ അതിനാടകീയമായി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പള്‍സര്‍ സുനി അറസ്റ്റിലായി ആഴ്ചകള്‍ക്കുശേഷമാണ് സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിലേക്ക് അന്വേഷണമെത്തുന്നത്. 2017 ജൂണ്‍ 28-ന് അന്വേഷണസംഘം ദിലീപിനെ ചോദ്യംചെയ്തു. തുടര്‍ന്ന് ജൂലായ് പത്തിന് ദിലീപ് അറസ്റ്റിലുമായി. ഗൂഢാലോചനക്കുറ്റം അടക്കം ചുമത്തിയാണ് ദിലീപിനെ പോലീസ് കേസില്‍ പ്രതിചേര്‍ത്തത്. അതേസമയം, നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പ്രതികരിച്ചവരില്‍ ഒരാള്‍ നടി മഞ്ജു വാര്യരായിരുന്നു. സംഭവം നടന്നതിന്റെ പിറ്റേന്ന് നടിക്ക് പിന്തുണയര്‍പ്പിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മഞ്ജുവാര്യര്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത്. നടന്‍ ദിലീപും ഇതേ വേദിയിലുണ്ടായിരുന്നു.

പൊതുയോഗത്തില്‍ മഞ്ജുവാര്യര്‍ നടത്തിയ പ്രസംഗത്തില്‍നിന്ന്:

''ഇവിടെ ഇരിക്കുന്ന പലരെയും, ഞാനടക്കമുള്ള പലരെയും പല അര്‍ധരാത്രികളിലും അസമയങ്ങളിലും ഞങ്ങളുടെ വീടുകളില്‍ സുരക്ഷിതരായി കൊണ്ടാക്കിയ ഡ്രൈവര്‍മാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരെയും അങ്ങനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. പക്ഷേ, ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്. ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങേയറ്റം പൂര്‍ണമായ പിന്തുണ നല്‍കുക എന്നതാണ് നമുക്കിവിടെ ചെയ്യാന്‍ സാധിക്കുക. അതുമാത്രമല്ല, ഒരുസ്ത്രീക്ക് വീടിന് അകത്തും പുറത്തും അവള്‍ പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ചുകിട്ടാനുള്ള അര്‍ഹതയുണ്ട്. ആ ഒരു സന്ദേശമാണ് ഞാനിവിടെ എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സമൂഹത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെയെന്ന് എല്ലാവരോടും അഭ്യര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു, നന്ദി''.

നടിയെ ആക്രമിച്ച കേസില്‍ ഒന്നാംപ്രതിയായ പള്‍സര്‍ സുനി അറസ്റ്റിലായതിന് പിന്നാലെയും മഞ്ജുവാര്യര്‍ ഇക്കാര്യം ആവര്‍ത്തിച്ചു. 2017 ഫെബ്രുവരി 23-ന് പള്‍സര്‍ സുനി അറസ്റ്റിലായതിന് പിന്നാലെ മഞ്ജുവാര്യര്‍ പറഞ്ഞത് ഇങ്ങനെ:-

''മുഖ്യപ്രതിയെ പിടിക്കാന്‍ സാധിച്ചത് വലിയ കാര്യം തന്നെയാണ്. അതിന് കേരള പോലീസിന് അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് ഒരിക്കലും വളരെ യാദൃച്ഛികമായി നടന്ന ഒരു കാര്യമാണെന്ന് ആര്‍ക്കും തോന്നുന്നില്ല. വളരെ ആസൂത്രിതമായി നടന്ന കുറ്റകൃത്യം തന്നെയാണ്. അങ്ങനെയാണ് ഞാനും നിങ്ങളെല്ലാവരും മനസിലാക്കിയത്. ഇതില്‍ കൂടുതല്‍ അന്വേഷണം നടന്ന് എല്ലാസത്യങ്ങളും പുറത്തുവരുമെന്ന പൂര്‍ണവിശ്വാസം എനിക്കുണ്ട്. ഞങ്ങളും നിങ്ങളെപ്പോലെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്''.

Tags:    

Similar News