നാലിലൊന്ന് എന്‍ എച്ച് എസ് ജീവനക്കാരും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജോലി വിടുമെന്ന് സര്‍വ്വേ; കുത്തഴിഞ്ഞ നിലയിലാണ് പൊതു ആരോഗ്യ സംവിധാനമെന്ന് പ്രധാനമന്ത്രി; ബ്രിട്ടനിലെ ആരോഗ്യമേഖലക്ക് സംഭവിക്കുന്നത് എന്ത്?

ബ്രിട്ടീഷ് ആരോഗ്യ മേഖലയില്‍ ജീവനക്കാരുടെ ക്ഷാമമെന്നും സര്‍വേ

Update: 2024-09-09 02:35 GMT

ലണ്ടന്‍: ബ്രിട്ടനിലെ ആരോഗ്യ മേഖലയില്‍ ജോലിചെയ്യുന്നവരില്‍ നാലില്‍ ഒരു ഭാഗം പേര്‍ വരുന്ന അഞ്ചുവര്‍ഷക്കാലത്തിനിറ്റയില്‍ തൊഴില്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണെന്ന് പുതിയ സര്‍വ്വേ റിപ്പോര്‍ട്ട്. യു ഗോ നടത്തിയ സര്‍വ്വേയിലാണ് ഇത് തെളിഞ്ഞത്. ഇതിനോടകം തന്നെ ജീവനക്കാരുടെ ക്ഷാമം നിമിത്തം അതിയായ സമ്മര്‍ദ്ദം അനുഭവിക്കുന്ന പൊതു ആരോഗ്യ മേഖലയെ ഇത് കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആഴ്ത്തുമെന്ന് മാത്രമല്ല, അതിനെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികളുടെ അവസ്ഥ കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുകയും ചെയ്യും.

ജൂണ്‍ 19 നും 26 നും ഇടയിലായി 1260 എന്‍ എച്ച് എസ്സ് ജീവനക്കാരെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു അഭിപ്രയ സര്‍വ്വേ നടത്തിയത്. അടുത്ത അഞ്ചു വര്‍ഷക്കാലം നിങ്ങള്‍ എന്‍ എച്ച് എസ്സില്‍ ജോലി ചെയ്യാന്‍ സാധ്യതയുണ്ടോ ഇല്ലയോ എന്നതായിരുന്നു പ്രധാന ചോദ്യം. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 27 ശതമാനം പേര്‍ അതിനുള്ള സാധ്യതയുണ്ടാവാന്‍ വഴിയില്ല എന്ന് സംശയം പ്രകടിപ്പിച്ചപ്പോള്‍ 14 ശതമാനം പേര്‍ ഉറപ്പിച്ച് പറഞ്ഞത് അടുത്ത അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ തങ്ങള്‍ എന്‍ എച്ച് എസ്സ് വിട്ടു പോകും എന്ന് തന്നെയാണ്.

അതിനുമുപരിയായി, എട്ടില്‍ ഒരാള്‍ (13 ശതമാനം) പേര്‍ പറഞ്ഞത് വരുന്ന 12 മാസക്കാലത്തിനിടയില്‍ തങ്ങള്‍ എന്‍ എച്ച് എസ്സ് വിട്ടുപോകും എന്നാണ്. ഏകദേശം പകുതിയോളം പേര്‍ (47 ശതമാനം) പറഞ്ഞത് തങ്ങളുടെ പരിചയത്തിലുള്ളവരോട് എന്‍ എച്ച് എസ്സില്‍ ജോലി ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയില്ല എന്നാണ്. അതേസമയം 42 ശതമാനം പേര്‍ അങ്ങനെ നിര്‍ദ്ദേശിക്കുമെന്നും പറഞ്ഞു.

എന്‍ എച്ച് എസ്സിന്റെ ഹോസ്പിറ്റല്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ സമയവും കാത്ത് 8 ലക്ഷത്തിലേറെ കുട്ടികള്‍ ഉണ്ട് എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു തൊട്ടുപിന്നാലെയാണ് ഈ സര്‍വ്വേഫലവും പുറത്തുവന്നത്. ക്ഷമിക്കാന്‍ കഴിയാത്ത വിധം ആരോഗ്യ സേവന മേഖല താറുമാറായിരിക്കുകയാണ് എന്നായിരുന്നു വെയ്റ്റിംഗ് ലിസ്റ്റുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിനോട് പ്രധനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചത്. കുട്ടികള്‍ എപ്രകാരം ചികിത്സിക്കപ്പെടുന്നു എന്നതിന്റെ ഒരു വിശകലന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന്റെ മുന്നോടിയായി നടന്ന ഒരു അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.

പ്രമുഖ സര്‍ജനും, സ്വതന്ത്ര പ്രഭുസംഭാംഗവുമായ ലോര്‍ഡ് ഡാര്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ആരോഗ്യ സേവനം സംബന്ധിച്ച് കുട്ടികള്‍ അവഗണിക്കപ്പെടുന്നു എന്നാണ്. ഏകേേദം 1,75,000 കുട്ടികള്‍ ചികിത്സക്കായി ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ കാത്തിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 30,000 പേര്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നു എന്നും സണ്‍ഡെ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് ഒരുലക്ഷത്തോളം കുട്ടികള്‍ക്ക് അടിയന്തിര സേവന വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ആറ് മണിക്കൂറിലെറെ ചികിത്സ ലഭിക്കാനായി കാത്തിരിക്കേണ്ടി വന്നെന്നും അതില്‍ പറയുന്നു. രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചികിത്സക്കായി കാത്തിരിക്കേണ്ട സമയം കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ 60 ശതമാനം വര്‍ദ്ധിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News