' കണ്ണൂരില്‍ ചെഞ്ചോരപ്പൊന്‍ കതിരിന് ' ഇക്കുറിയും അവഗണന; സിപിഎമ്മിലെ ജനപ്രിയ നേതാവായ പിജെയ്ക്ക് സെക്രട്ടേറിയറ്റില്‍ ഇടമില്ല; കൊല്ലം സമ്മേളനത്തില്‍ എം വി ജയരാജന് നറുക്ക് വീണതോടെ, കണ്ണൂരിന് ഇനി പുതിയ ജില്ലാ സെക്രട്ടറി വരും; 73 കാരനായ പിജെയ്ക്ക് നഷ്ടപ്പെട്ടത് ലാസ്റ്റ് ചാന്‍സ്; പി ശശിയും പരിഗണിക്കപ്പെട്ടില്ല
പിജെയ്ക്ക് നഷ്ടപ്പെട്ടത് ലാസ്റ്റ് ചാന്‍സ്
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് സമാപിക്കുമ്പോള്‍, കണ്ണൂരിലെ 'ചെഞ്ചോരപ്പൊന്‍ കതിരായ' പി ജയരാജന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടമില്ല. സെക്രട്ടേറിയറ്റിലേക്ക് കണ്ണൂരില്‍ നിന്ന് ആരെത്തുമെന്ന ആകാംക്ഷയിലായിരുന്നു രാഷ്ട്രീയ കേരളം. 17 അംഗ സെക്രട്ടറിയേറ്റില്‍ കെ കെ ശൈലജ, എം വി ജയരാജന്‍, സിഎന്‍ മോഹനന്‍ എന്നിവരേയും ഉള്‍പ്പെടുത്തി. എംബി രാജേഷ്, പി ജയരാജന്‍, കടകംപള്ളി, ഉദയഭാനു, പി ശശി എന്നീ നേതാക്കള്‍ പരിഗണിക്കപ്പെട്ടില്ല.
പി ശശി, പി ജയരാജന്‍, എം വി ജയരാജന്‍ എന്നിവരില്‍ ഒരാള്‍ക്കായിരുന്നു കണ്ണൂരില്‍ നിന്ന് സാധ്യത. കൊല്ലം സമ്മേളനം കണ്ണൂരില്‍ നിന്നും പരിഗണിച്ചത് എം വി ജയരാജനെയാണ്.
വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞാല്‍ സിപിഎമ്മില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് എന്നത് പി ജയരാജന്‍ തന്നെയാണ്. നേരത്തെ വ്യക്തിപൂജാ വിവാദത്തില്‍ കുടുങ്ങി, എം വി ഗോവിന്ദനും പിണറായി വിജയനും അനഭിമതനായതാണ്, ഒരുകാലത്ത് കണ്ണൂരിലെ കിരീടംവെക്കാത്ത രാജാവായിരുന്നു പി ജയരാജന് വിനയായത്. 'കണ്ണൂരിന്‍ താരകമല്ലോ, ചെഞ്ചോരപ്പൊന്‍ കതിരല്ലോ, നാടിന്‍ നെടുനായകനല്ലോ ധീര സഖാഖ്'... എന്ന് തുടങ്ങുന്ന പാട്ടും സീഡിയുമൊക്കെ ആരാധകര്‍ ഉണ്ടാക്കിയതും, പി ജെ ആര്‍മിയെന്ന ഫേസ്ബുക്ക് കൂട്ടായ്മയൊക്കെ ഉണ്ടാക്കിയതുമെല്ലാം, ജയരാജന്‍ പാര്‍ട്ടിക്ക് മുകളില്‍ വളരുമോ എന്ന ആശങ്കയാണ് നേതൃത്വത്തിന് ഉണ്ടാക്കിയത്. അതിന്റെ ഭാഗമായി ഇപ്പോഴും വെറും സംസ്ഥാന കമ്മറ്റി അംഗവും ഖാദിബോര്‍ഡ് ചെയര്‍മാനുമായി ഒതുങ്ങിക്കഴിയുകയാണ്.
പി ജെയെ വീണ്ടും ഒതുക്കി
ഇത്തവണ സെക്രട്ടേറിയറ്റില്‍ എത്തിയില്ലെങ്കില്‍ പി ജയരാജന് ഇനി അവസരമില്ലെന്നതും ശ്രദ്ധേയമാണ്. ഇപ്പോള്‍ 73 വയസ്സുള്ള ജയരാജന്, അടുത്ത സമ്മേളനത്തില്‍ പി ജയരാജന് പ്രായം 75 കടക്കും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസാണ് സംഘടനാ പദവികളില്‍ തുടരാനുള്ള പ്രായം 80-ല്‍ നിന്ന് 75 ആയി കുറച്ചത്. പി ജയരാജനെ പരിഗണിക്കാന്‍ അണികളില്‍ വികാരം ശക്തമായിരുന്നു. ആര്‍എസ്സുകാരാല്‍ അതിക്രൂരമായ വെട്ടിനുറുക്കപ്പെട്ട ജയരാജന് ഒരു കൈക്ക് ഇപ്പോഴും സ്വാധീനമില്ല. ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷിയുടെ ഇമേജാണ് അദ്ദേഹത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ളത്. മാത്രമല്ല, ആര്‍എസഎസ് പ്രവര്‍ത്തകര്‍ അടക്കമുള്ള നിരവധിപേരെ പി ജയരാജന്‍ സിപിഎമ്മിലേക്ക് മാറ്റുകയും ചെയ്തു. എതിരാളികള്‍ അദ്ദേഹത്തെ യമരാജന്‍ എന്നെല്ലാം ആക്ഷേപിക്കുന്നുണ്ടെങ്കിലും, അണികള്‍ക്കിടയില്‍ എന്നും അദ്ദേഹം ഒരു ഹീറോയാണ്. വ്യക്തിപരമായി യാതൊരു സമ്പാദ്യങ്ങള്‍ ഇല്ലാത്തതും, മക്കളൊക്കെ സാധാരണ ജീവിതം നയിക്കുന്നതുമെല്ലാം പി ജയരാജന്റെ കീര്‍ത്തി അണികള്‍ക്കിടയല്‍ വര്‍ധിപ്പിച്ചു.
പക്ഷേ എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആയതിനുശേഷം പി ജയരാജന്‍ കടുത്ത ഒതുക്കലാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വ്യക്തിപൂജാ വിവാദത്തിന്റെ പേരില്‍ ജയരാജനെ ഒതുക്കിയതിനുപിന്നില്‍ ഗോവിന്ദനാണെന്ന് ആക്ഷേപമുണ്ട്. ഒരുകാലത്ത് വിജയ- കോടിയേരി-ജയരാജന്‍മാര്‍ എന്നു പറഞ്ഞാല്‍ സിപിഎം ആയിരുന്നു. പിണറായിയും കോടിയേരിയും, പി- ഇപി- എം വി എന്നീ മൂന്ന് ജയരാജന്‍മാരുമായിരുന്നു പാര്‍ട്ടിയെ നിയന്ത്രിച്ചിരുന്നത്. ആ കുട്ട് കെട്ടാണ് എം വി ഗോവിന്ദന്റെ വരവോടെ ഇല്ലാതായത്. പക്ഷേ ഇപ്പോള്‍ വീണ്ടും പിണറായിയും ജയരാജനുമായി നല്ല ബന്ധം വന്നിരിക്കയാണ്. പൊളിറ്റിക്കല്‍ ഇസ്ലാമിനെ കുറിച്ച് പി ജയരാജന്‍ എഴുതിയ വിവാദ പുസ്തകം പ്രകാശനം ചെയ്തത് പിണറായിയാണ്. എന്നാല്‍, ഇതൊന്നും സെക്രട്ടേറിയറ്റില്‍ ഇടം പിടിക്കാന്‍ പിജെയ്ക്ക് തുണയായില്ല.
സീനിയോറിറ്റി പരിഗണിച്ച് പി ശശിയെ പരിഗണിക്കുമെന്നും സൂചനയുണ്ടായിരുന്നു. എം വി ജയരാജനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയതോടെ കണ്ണൂരില്‍ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടി വരും.