മുനമ്പം ഭൂമി പ്രശ്‌നത്തില്‍ പ്രദേശവാസികള്‍ക്ക് നിയമപരിരക്ഷ കിട്ടണം; പ്രശ്‌ന പരിഹാരത്തില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തരുത്; കോടതിക്ക് പുറത്ത് സെറ്റില്‍മെന്റ് ഉണ്ടാക്കണം; മുസ്ലിം സംഘടനകള്‍ പൂര്‍ണ പിന്തുണ നല്‍കും; ബിഷപ്പുമാരുമായി സംസാരിച്ചുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ പ്രദേശവാസികള്‍ക്ക് നിയമപരിരക്ഷ കിട്ടണം

Update: 2024-11-02 06:02 GMT

കോഴിക്കോട്: മുനമ്പം നിവാസികളുടെ ഭൂമിപ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍ പ്രദേശവാസികള്‍ക്ക് നിയമ പരിരക്ഷണ കിട്ടണമെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമി പ്രശ്‌നം പരിഹരിക്കുന്നതില്‍ മുന്‍കൈയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിലപാടിനോട് സഹകരിക്കും. മുസ്ലീം സംഘടനകള്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വിഷയം സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോകരുത്. ഇക്കാര്യത്തില്‍, കേരളാ സര്‍ക്കാറിന്റെ ഭാഗത്തു നിന്നും അമാന്തം ഉണ്ടാകുന്നു. ഇത് വര്‍ഗീയ മുതലെടുപ്പിന് കാരണമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കോടതിക്ക് പുറത്ത് സെറ്റില്‍മെന്റ് ഉണ്ടാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മുനമ്പം ഭൂമി പ്രശ്‌നം ഉണ്ടാക്കിയത് ഏതെങ്കിലും മുസ്ലീം സംഘടനകളല്ല, യുഡിഎഫ് ഭരണകാലത്തുമല്ല ഈ വിഷയം ഉരുത്തിരിഞ്ഞത്.

അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്താണ് വിഷയം ഉണ്ടായത്. കേരളത്തിന്‍രെ പാരമ്പര്യം കളയാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുന്നുണ്ട്. അത് കേരളത്തിന് ഗുണകരമല്ല, സര്‍ക്കാര്‍ മൗനം പാലിക്കുന്നതാണ് പ്രശ്‌നം, വിഷയത്തില്‍ ഉടന്‍ പരിഹാരം ഉണ്ടാക്കണം. മുസ്ലീം സംഘടനകള്‍ വിഷയത്തില്‍ ഒട്ടും എതിരല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇന്നലെ മുസ്ലീം സംഘടനകളുടെ യോഗത്തിലുണ്ടായ വികാരവും ഇതാണ്.

ഇന്നലെ യോഗ ശേഷം ബിഷപ്പുമാരെയും സഭാ നേതാക്കളുമായി സംസാരിച്ചിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈബി ഈഡന്‍ എംപിയു മറ്റ് എംഎല്‍എമാരു അടക്കമുള്ളവരുമായി ബന്ധപ്പെട്ടു സംസാരിച്ചിട്ടുണ്ട്. കൂടാതെ കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രശ്‌നം പരിഹരിക്കണമെന്ന എല്ലാവരോടും സംസാരിച്ചിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഇന്നലെ മുസ്ലിം സംഘടനകളുടെ യോഗത്തിലും ചിറായി മുനമ്പം ഭൂമി പ്രശ്നം സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പരിഹരിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. സാമുദായിക സ്പര്‍ധയുണ്ടാകുന്ന അവസ്ഥയിലേക്ക് പോകാതെ നിയമപരമായും വസ്തുതാപരമായും സര്‍ക്കാര്‍ വിഷയം പരിഹരിക്കാന്‍ മുന്‍കൈയെടുക്കണം. വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന ആളുകള്‍ക്ക് അവര്‍ താമസിക്കുന്ന ഭൂമി സംബന്ധമായ പ്രശ്നത്തിന് രമ്യമായ പരിഹാരം കാണണം. സമൂഹത്തില്‍ വിദ്വേഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചില സ്വാര്‍ത്ഥ താല്‍പര്യക്കാര്‍ പ്രവര്‍ത്തിക്കുന്നത് മതസൗഹാര്‍ദ്ദത്തെ ദോഷകരമായി ബാധിക്കും.

പ്രസ്തുത ഭൂമിയുടെ ആധാരത്തിന്റെ നിയമപരമായ വ്യാഖ്യാനം സംബന്ധിച്ചുള്ള തര്‍ക്കം വഖഫ് ഭേദഗതി ബില്ലിലൂടെ പരിഹരിക്കാന്‍ കഴിയില്ല എന്നിരിക്കെ, ഭരണഘടനാവിരുദ്ധമായ ബില്ലിനെ ന്യായീകരിക്കാനായി ഈ തര്‍ക്കത്തെ സ്ഥാപിത താല്‍പര്യക്കാര്‍ ഉപയോഗപ്പെടുത്തുകയാണ്. ഏതു പരിതസ്ഥിതിയിലും മതസൗഹാര്‍ദ്ദം മുറുകെ പിടിക്കുന്ന കേരള സമൂഹത്തിന് ഇതൊരു കളങ്കമാണ്. നീണ്ടുപോകുന്ന കോടതി നടപടികള്‍ ഒഴിവാക്കി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്താന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങണമെന്നും അതിനായി സര്‍ക്കാര്‍ നേരിട്ടോ ഒരു കമ്മിഷന്‍ മുഖേനയോ ബന്ധപ്പെട്ട് സത്വര നടപടികള്‍ സ്വീകരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സമവായത്തിലെത്താനുള്ള പരിശ്രമങ്ങള്‍ക്കും തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിക്കുന്ന തീരുമാനങ്ങള്‍ക്കും മുസ്ലിം സംഘടനകള്‍ പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തു.

ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് സതീശന്‍ പറഞ്ഞു. ഭൂമി വഖഫായി നല്‍കുന്നതിന് മുമ്പും സ്ഥലത്ത് ആള്‍ത്താമസം ഉണ്ടായിരുന്നു. കൂടാതെ പലരം ഭൂമി പണം കൊടുത്തു വാങ്ങിയവരുമുണ്ട്. ആ രേഖകളില്‍ കണ്ടിഷന്‍സ് ഉണ്ട്. വഖഫിന് കണ്ടീഷന്‍സ് പാടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഫാറൂഖ് കോളേജ് മാനേജ്മെന്റ് പണം വാങ്ങി ഭൂമി മുനമ്പം പ്രദേശത്തുള്ളവര്‍ക്ക് വിറ്റിട്ടുണ്ട്. പണം കൊടുത്തു മേടിച്ച വസ്തു എങ്ങനെ വഖഫാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് വഖഫ് ആക്ടുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ്. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത നിസാര്‍ കമ്മീഷനെ നിയോഗിച്ചതോടെയാണ് മുനമ്പത്തെ ഭൂമി വഖഖാണെന്ന് അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ പറഞ്ഞത് മറിച്ചായിരുന്നു.

സംസ്ഥാന സര്‍ക്കാറിന് പത്ത് മിനിറ്റ് കൊണ്ട് തീര്‍ക്കാന്‍ കഴിയുന്ന വിഷയമാണ് ഇതെന്നും സതീശന്‍ വ്യക്തമാക്കി. കേരളത്തില്‍ വര്‍ഗീയമായി ഭിന്നിപ്പുണ്ടാകാനും ഇടവരരുത് എന്നാണ് യുഡിഎഫിന് പറയാനുള്ളത്. അവിടെ താമസിക്കുന്നവര്‍ക്ക് ഭൂമി കൊടുക്കണം. വഖഫ് ബോര്‍ഡ് കോടതിയില്‍ കൊടുത്ത കേസ് പിന്‍വലിക്കുണം, ക്ലെയിം ചെയ്യാന്‍ പാടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇത് വഖഫ് ഭൂമിയല്ല എന്ന നിലപാടാണുള്ളത് ഞങ്ങള്‍ക്കുള്ളതെന്നും സതീശന്‍ പറഞ്ഞു. ഞാനാണ് അവിടെ ആദ്യം പോയത്. മുനമ്പത്തെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സതീശന്‍ വ്യക്തമാക്കിയിരുന്നു. മുനമ്പം ചെറായി തീരദേശങ്ങളിലെ 600ല്‍പ്പരം കുടുംബങ്ങളുടെ കിടപ്പാടം സംരക്ഷിക്കുന്നതിന് മുന്‍ഗണനയെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം കേന്ദ്ര വഖഫ് നിയമത്തിലെ വിവിധ വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയും എത്തിയിട്ടുണ്ട്. കൈവശാവകാശക്കാരായ മുനമ്പം സ്വദേശി ജോസഫ് ബെന്നി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി എതിര്‍കക്ഷികളായ കോഴിക്കോട് ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റിക്കും ഭൂമിയുടെ മുന്‍ ഉടമകളുടെ പിന്തുടര്‍ച്ചക്കാരായ നസീര്‍ സേട്ട് ഉള്‍പ്പെടെയുള്ളവര്‍ക്കും നോട്ടിസിന് നിര്‍ദേശിച്ചിരുന്നു.

1954ലെ വഖഫ് നിയമം വരുന്നതിനു മുന്‍പ് ഫാറൂഖ് കോളജ് മാനേജ്മെന്റില്‍ നിന്ന് 1950 കാലഘട്ടത്തിലാണ് ഹര്‍ജിക്കാരുടെ പൂര്‍വികര്‍ മുനമ്പത്തെ ഭൂമി വാങ്ങിയത്. 1995ല്‍ പുതിയ നിയമം വന്നു. 2013ല്‍ ഭേദഗതി ചെയ്തു. വഖഫ് സ്വത്തല്ലാതിരുന്ന കാലഘട്ടത്തിലാണു ഹര്‍ജിക്കാര്‍ സ്വത്ത് വാങ്ങിയത്. എന്നാല്‍ ഹര്‍ജിക്കാരനെയും 600 കുടുംബങ്ങളെയും ഒഴിപ്പിക്കാന്‍ വഖഫ് ബോര്‍ഡ് നടപടികള്‍ സ്വീകരിച്ചിരിക്കുകയാണെന്നു ഹര്‍ജിയില്‍ അറിയിച്ചു.

വഖഫ് നിയമത്തിന്റെ ഭരണഘടനാ സാധുതയാണു ഹര്‍ജിക്കാര്‍ ചോദ്യം ചെയ്യുന്നത്. വഖഫ് സ്വത്തിനു പ്രത്യേക പദവിയാണ് നിയമം നല്‍കുന്നതെന്നും എന്നാലിത് മറ്റ് ട്രസറ്റുകള്‍ക്കൊന്നും നല്‍കുന്നില്ലെന്നും ഹര്‍ജിയില്‍ അറിയിച്ചു. ഏതു വസ്തുവകകളും വഖഫില്‍ റജിസ്റ്റര്‍ ചെയ്യാവുന്നവിധം അനിയന്ത്രിത അധികാരങ്ങളാണ് ഇതുവഴി നല്‍കുന്നതെന്നു ഹര്‍ജിയില്‍ പറയുന്നു. ട്രസ്റ്റുകള്‍ക്കോ മഠങ്ങള്‍ക്കോ ഇല്ലാത്ത അധികാരമാണിത്. വഖഫ് ബോര്‍ഡോ സര്‍ക്കാരോ പുറപ്പെടുവിക്കുന്ന വഖഫിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് മതപരമായിട്ടുള്ളതോ, സ്വകാര്യമായിട്ടുള്ളതോ സ്വത്ത് സംരക്ഷിക്കാനുള്ള വ്യവസ്ഥയില്ല.

പരാതികള്‍ കൃത്യമായി പരിശോധിക്കുന്നതിനും വ്യവസ്ഥയില്ല. വഖഫ് ബോര്‍ഡ് സിഇഒയുടെയും റവന്യു വകുപ്പിന്റെയും ഉത്തരവ് പ്രകാരം പോക്കുവരവ് രേഖകളടക്കം അനുവദിക്കുന്നില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനവും സ്വാഭാവിക നീതി നിഷേധവുമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു. നിയമത്തിലെ 4,5,36,40 വകുപ്പുകള്‍ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരുടെ സ്വത്തുക്കള്‍ വഖഫില്‍ റജിസ്റ്റര്‍ ചെയ്ത നടപടി സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം.

Tags:    

Similar News