ഇന്ത്യ യുദ്ധത്തിന് മുതിരുന്നുവെന്ന് പാക്കിസ്ഥാന്‍; പാക് പഞ്ചാബില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ്; ആരോഗ്യപ്രവര്‍ത്തകരുടെ അവധികള്‍ റദ്ദാക്കി; അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യവും
ഇന്ത്യ യുദ്ധത്തിന് മുതിരുന്നുവെന്ന് പാക്കിസ്ഥാന്‍
ഇസ്ലാമാബാദ്: ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യന്‍ നടപടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാന്‍. പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാന്‍ പ്രദേശത്തെ ഒമ്പതിടങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രമുഖ നേതാക്കളുടെതുള്‍പ്പെടെ പ്രതികരണം പുറത്തുവന്നത്. ഇന്ത്യയുടെ നടപടിക്ക് എതിരെ തിരിച്ചടിക്കാന്‍ പാകിസ്ഥാന് അവകാശമുണ്ടെന്നായിരുന്നു വിഷയത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരണം.
'ഇന്ത്യന്‍ നടപടിക്ക് എതിരെ പാകിസ്ഥാന്‍ ശക്തമായ മറുപടി നല്‍കും. മുഴുവന്‍ രാഷ്ട്രവും പാകിസ്ഥാന്‍ സായുധ സേനയ്‌ക്കൊപ്പം നില്‍ക്കും. ശത്രുവിനെ എങ്ങനെ നേരിടണമെന്ന് പാകിസ്ഥാനും പാക് സൈന്യത്തിനും അറിയാം. എതിരാളികളുടെ ദുഷ്ട ലക്ഷ്യങ്ങള്‍ വിജയിക്കാന്‍ ഒരിക്കലും അനുവദിക്കില്ല,' ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
ഇന്ത്യന്‍ ആക്രമണത്തോടുള്ള പ്രതികരണങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് പാകിസ്ഥാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അത്തൗല്ല തരാര്‍ പ്രതികരിച്ചു. പാക് സൈന്യത്തിന്റെ പ്രതികരണങ്ങള്‍ക്ക് പൗരന്‍മാരുടെ പൂര്‍ണ പിന്തുണയുണ്ടാകും. സമാധാനം ആഗ്രഹിക്കുന്ന ജനതയാണ് പാകിസ്ഥാനിലേത്. എന്നാല്‍ വെല്ലുവിളികളെ നേരിടും. അതിനെതിരെ മുഴുവന്‍ രാഷ്ട്രവും പ്രതികരിക്കും, തുര്‍ക്കിയിലെ ടിആര്‍ടി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ തരാര്‍ വ്യക്തമാക്കുന്നു.
പ്രകോപനമില്ലാതെ ഇന്ത്യ യുദ്ധത്തിന് മുതിരുന്നു എന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പ്രതികരിച്ചു. 'ഇന്ത്യയുടെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ് കൊല്ലപ്പെട്ടത് എന്നും പാകിസ്ഥാന്‍ ആരോപിച്ചു. ഭീകരവാദം എന്ന വ്യാജ ആരോപണം ഉന്നയിച്ച് ഇന്ത്യ പ്രാദേശിക സമാധാനം ഇല്ലാതാക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യയുടെ നടപടി രണ്ട് ആണവായുധ രാഷ്ട്രങ്ങളെയും ഒരു വലിയ സംഘര്‍ഷത്തിലേക്ക് നയിക്കുകയാണ്' എന്നും പ്രസ്താവന മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യയുടെ നടപടികളോട് യുഎന്‍ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍-51 അനുസരിച്ചും അന്താരാഷ്ട്ര നിയമം അനുസരിച്ചും പ്രതികരിക്കാനുള്ള അവകാശം പാകിസ്ഥാനുണ്ട്. പാകിസ്ഥാന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കുന്നതിന് വേണ്ട നടപടികളുമായി മുന്നോട്ട് പോകുമെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇന്ത്യന്‍ തിരിച്ചടിയില്‍ ഭയന്ന് പാക് പഞ്ചാബില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ്. ഇന്ത്യന്‍ മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടാനും ഉത്തരവുണ്ട്. ''ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സ്റ്റാഫുകളുടെയും എല്ലാ അവധികളും റദ്ദാക്കിയിട്ടുണ്ട്, അവധിയില്‍പോയ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെയും തിരികെ വിളിച്ചിട്ടുണ്ട്,'' ആശുപത്രികളും രക്ഷാ സേവനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്
പാകിസ്താനിലെ ബഹവല്‍പൂര്‍, കോട്ലി, മുസാഫറാബാദ്, ബാഗ്, മുരിദ്‌കെ എന്നീ സ്ഥലങ്ങളില്‍ ഇന്ത്യന്‍ സൈന്യം വ്യോമാക്രമണം നടത്തിയതായി പാകിസ്താന്‍ സൈന്യം സ്ഥിരീകരിച്ചതിന് ശേഷമാണ് പ്രഖ്യാപനം. പാകിസ്താന്റെ ഒന്‍പത് ഭീകര താവളങ്ങളാണ് ഇന്ന് പുലര്‍ച്ചയോടെ ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ജയ്‌ഷെ, ലഷ്‌കര്‍ താവളങ്ങളാണ് ഇന്ത്യന്‍ സേന തകര്‍ത്തത്. സൈന്യം തകര്‍ത്ത ബാവല്‍പൂരിലെ ജയ്‌ഷെ കേന്ദ്രം കൊടുംഭീകരന്‍ മസൂദ് അസറിന്റെ പ്രധാന ഒളിത്താവളമാണ്.
മുദ്‌രികെയിലെ ലഷ്‌കര്‍ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. മുദ്‌രികെ ഹാഫിസ് സയ്യിദിന്റെ കേന്ദ്രമാണ്. റഫാല്‍ വിമാനങ്ങളില്‍ നിന്ന് മിസൈല്‍ തൊടുത്തായിരുന്നു ആക്രമണം. ഇന്ത്യയ്ക്കെതിരായ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് ബാവല്‍പൂരിലും മുദ്‌രികെയിലുമുള്ളത്. ഇന്ത്യന്‍ സൈന്യത്തിന്റെ ലക്ഷ്യം കൊടും ഭീകരരുടെ കേന്ദ്രങ്ങളായതിനാലാണ് ഇരു കേന്ദ്രങ്ങളും തകര്‍ത്തത്.